മുംബൈ: ഐപിഎല്ലിൽ 2024ൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ തീരുമാനമായിരുന്നു മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തു നിന്നു രോഹിത് ശർമയെ മാറ്റി ഹർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. അന്ന് സംഭവം വിവാദമായപ്പോൾ വിഷയത്തിൽ ബിസിസിഐ ഇടപെട്ടുവെന്നു വെളിപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.
ഇരുവരുമായും ബിസിസിഐ അംഗങ്ങൾ സംസാരിക്കുകയായിരുന്നു എന്നാണ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ഉത്തർപ്രദേശ് ടി20യുടെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് ആരെയും ബോധപൂർവം പ്രകോപിപ്പിച്ചിട്ടില്ല. ഹർദ്ദിക് സംയമനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരത്തിലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ താരങ്ങളെ സമാധാനിപ്പിക്കാൻ ബിസിസിഐ സാധാരണയായി ഇടപെടാറുണ്ട്. ഹർദ്ദികിനെ ക്യാപ്റ്റനാക്കിയത് രോഹിതിന്റെ ആരാധകർക്ക് പിടിച്ചില്ല. ആ തീരുമാനം നടപ്പാക്കി കഴിഞ്ഞിരുന്നു. രോഹിതിന്റെ ഭാഗത്തു നിന്നു ഒരു പ്രകോപനവുമുണ്ടായില്ല. ഇതൊക്കെ സംഭവിക്കുമെന്നു ഹർദ്ദികിനു അറിയമായിരുന്നു. അദ്ദേഹം പക്വതയോടെയാണ് അദ്ദേഹവും പെരുമാറിയത്'- രാജീവ് ശുക്ല വ്യക്തമാക്കി.
രോഹിതിനെ മാറ്റിയത് ആരാധകരെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ തിക്താനുഭവം മുഴുവൻ ഹർദ്ദികിനു നേരിടേണ്ടതായും വന്നു. ഗ്രൗണ്ടിലിറങ്ങിയപ്പോഴെല്ലാം ഹർദ്ദികിനെ കൂക്കി വിളിച്ചും പരിഹസിച്ചുമാണ് ആരാധകർ വരവേറ്റത്. ഗുജറാത്ത് ടൈറ്റൻസിനു അവരുടെ കന്നി സീസണിൽ തന്നെ കിരീടം സമ്മാനിച്ച നായകനായിരുന്നു ഹർദ്ദിക്. പിന്നാലെയാണ് മോഹ വില നൽകി ഹർദ്ദികിനെ മുംബൈ തിരിച്ചു ടീമിലെത്തിച്ചത്. ടീമിന്റെ നായക സ്ഥാനമെന്ന ഡിമാൻഡ് മുന്നിൽ വച്ചാണ് ഹർദ്ദിക് വന്നത് എന്നു അന്നു വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആരാധകർക്ക് മാറ്റം ഉൾക്കൊള്ളാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates