ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ വിവാദ ഗോളിന്റെ ബലത്തില്‍ ഖത്തര്‍ ഇന്ത്യയെ പരാജയപ്പെടുത്തി. കളം നിറഞ്ഞു കളിച്ച ഇന്ത്യയ്ക്ക് 73-ാം മിനിറ്റില്‍ പിറന്ന വിവാദ ഗോളാണ് വില്ലനായത്. സുനില്‍ ഛേത്രി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. വിവാദ ഗോളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്.
ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിച്ചു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ഖത്തര്‍ ഇന്ത്യയെ കീഴടക്കി.
ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ടീം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ ടീമാണ് കളം നിറഞ്ഞ് കളിച്ചത്. കുറിയ പാസുകളുമായി മൈതാനത്ത് നീലക്കുപ്പായക്കാര്‍ കളം വാണപ്പോള്‍ മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ഖത്തറും ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചു.
നിരനിരയായി ഖത്തറിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതി കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ലാലിയന്‍സുവാല ചാങ്‌തെ വലയിലെത്തിച്ചു. ആദ്യ പകുതി ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. പന്ത് കൈവശം വെച്ച് മൈതാനത്ത് ആധിപത്യം പുലര്‍ത്താനും ഖത്തറിനായി. ഇന്ത്യന്‍ പ്രതിരോധം ഖത്തര്‍ മുന്നേറ്റം തടയാന്‍ നന്നായി വിയര്‍ത്തു. അതിനിടയില്‍ ഇന്ത്യയെ ഞെട്ടിച്ച് ഖത്തര്‍ മുന്നിലെത്തി. 73-ാം മിനിറ്റിലാണ് ഖത്തര്‍ യൂസഫ് ഐമനിലൂടെ സമനില പിടിച്ചത്. എന്നാല്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്നും ഗോള്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചു. പക്ഷേ ഫലമുണ്ടായില്ല. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. 85-ാം മിനിറ്റില്‍ അഹ്മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates