റിയോ ഡി ജനീറോ: ഫുട്ബോൾ കളിച്ച് നേടിയതു തന്നെ കോടികളുണ്ട്. പിന്നാലെയിതാ ബ്രസീൽ സൂപ്പർ താരം നെയ്മറിനു കോടികളുടെ സ്വത്ത് വിൽപത്രത്തിൽ എഴുതി വച്ച് ശതകോടീശ്വരൻ. ഈയടുത്ത് അന്തരിച്ച ഒരു ബ്രസീലിയൻ കോടീശ്വരനാണ് നെയ്മർക്ക് സ്വത്ത് എഴുതി വച്ചത്. എതാണ് 10,077 കോടി ഇന്ത്യൻ രൂപയുടെ (846 ദശലക്ഷം പൗണ്ട്) സ്വത്താണ് നെയ്മറിനായി മാറ്റിവച്ചത്.
സ്വത്ത് എഴുതി വച്ച ശതകോടീശ്വരൻ ആരാണെന്ന വിവരം പുറത്തു വന്നിട്ടില്ല. ബ്രസീലുകാരൻ തന്നെയായി ഇയാൾക്ക് നെയ്മറുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിനു ഭാര്യയും കുട്ടികളുമൊന്നുമില്ലെന്ന വിവരങ്ങളുമുണ്ട്.
പോർട്ടെ അലെഗ്രയിലെ ഓഫീസിലാണ് വിൽപത്രം തയ്യാറാക്കിയത് എന്നാണ് ബ്രസീൽ മാധ്യമങ്ങളിലെ വാർത്തകൾ. ജൂൺ 12നു രണ്ട് സാക്ഷികൾ വിൽപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. വ്യക്തിപരമായി ബ്രസീൽ സൂപ്പർ താരവുമായി ശതകോടീശ്വരനു ബന്ധമൊന്നുമില്ല. എന്നാൽ നെയ്മർക്ക് അദ്ദേഹത്തിന്റെ പിതാവിനോടുള്ള സ്നേഹമാണ് ശതകോടീശ്വരനെ ആകർഷിച്ചതെന്നും ഇതാണ് സ്വത്ത് എഴുതി വയ്ക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
സ്വത്ത് എഴുതി വച്ചെങ്കിലും അതനുഭവിക്കാൻ നെയ്മർക്ക് ഉടൻ സാധിക്കില്ല. നിയമപരമായി സ്വത്തുക്കൾ ലഭിക്കണമെങ്കിൽ കോടതി അനുമതി അനിവാര്യമാണ്. വിഷയത്തിൽ നെയ്മർ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
നെയ്മർ നിലവിൽ ബാല്യകാല ക്ലബായ സാന്റോസിനായാണ് കളിക്കുന്നത്. അടുത്തിടെ താരത്തിനു വീണ്ടും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കിനെ തുടർന്നു ദീർഘനാളായി കളത്തിനു പുറത്തായിരുന്ന താരം സൗദി ക്ലബ് അൽ ഹിലാലിൽ നിന്നാണ് സാന്റോസിലേക്ക് തിരിച്ചെത്തിയത്. 2026ലെ ലോകകപ്പിൽ ബ്രസീലിനായി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് താരം. പുതിയ പരിശീലകൻ കാർലോസ് ആഞ്ചലോട്ടിക്ക് കീഴിൽ അവർ ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates