ഇസ്ലാമബാദ്: ബ്ലസിങ് മുസരബാനിക്കു പിന്നാലെ ശ്രീലങ്ക ടി20 ക്യാപ്റ്റന്‍ ദസുന്‍ ഷനകയ്ക്കും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിലക്കേര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനു ഒരു വര്‍ഷത്തേക്ക് പിഎസ്എല്‍ കളിക്കാന്‍ സാധിക്കില്ല. പിഎസ്എല്‍ കരാറിലെത്തിയ ശേഷം അതുപേക്ഷിച്ച് ഐപിഎല്‍ കളിക്കാനെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.
പിഎസ്എല്ലില്‍ ലാഹോര്‍ ക്വലന്‍ഡേഴ്‌സാണ് ഷനകയെ ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു രാജസ്ഥാനിലെത്തിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന് പരിക്കിനെ തുടര്‍ന്നു സീസണ്‍ നഷ്ടമായിരുന്നു. ഇതോടെയാണ് പകരക്കാരനായി ഷനകയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. താരം പിഎസ്എല്‍ ഉപേക്ഷിച്ചാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്.
ഐപിഎല്ലില്‍ നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനായി ഷനക കളിച്ചിട്ടുണ്ട്. 2023ല്‍ ജിടിക്കായി 3 മത്സരങ്ങള്‍ താരം കളിച്ചു.
സിംബാബ്‍വെ പേസറും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരവുമായ ബ്ലസിങ് മുസരബാനിയ്ക്കും ദിവസങ്ങള്‍ക്കു മുന്‍പ് പിസിബി വിലക്കേര്‍പ്പെടുത്തിയിരുന്നു. താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് കിട്ടിയത്. ഐപില്ലിലും പിഎസ്എല്ലിലും താര ലേലത്തില്‍ മുസരബാനി അണ്‍സോള്‍ഡായിരുന്നു. എന്നാല്‍ പിഎസ്എല്‍ ടീം ഇസ്ലാമബാദ് യുനൈറ്റഡ് താരത്തെ പകരക്കാരനാക്കി ഈ സീസണില്‍ ടീമിലെത്തിച്ചു.
അതിനിടെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുത്തത്. താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു വിഭാഗം താരം ഐപിഎല്‍ കളിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ കെകെആര്‍ മുസ്തഫിസുറിന്റെ കരാര്‍ റദ്ദാക്കി.
പിന്നാലെ പകരക്കാരനായി മുസരബാനിയെ ടീമിലെത്തിക്കാന്‍ കെകെആര്‍ ശ്രമം നടത്തി. സിംബാബ്വെ പേസര്‍ പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇസ്ലാമബാദ് യുനൈറ്റഡുമായി കരാറില്‍ നില്‍ക്കെയാണ് താരം ഐപിഎല്ലിലേക്ക് മാറിയത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടികളുമായി പിഎസ്എല്‍ മുന്നോട്ടു പോയത്.
മുസരബാനിക്കും ഷനകയ്ക്കും പുറമേ ഓസ്ട്രേലിയന്‍ താരം സ്പെന്‍സര്‍ ജോണ്‍സനും സമാന രീതിയില്‍ ഇത്തവണ ഐപിഎല്‍ കളിക്കാനെത്തിയിരുന്നു. താരത്തിനും വിലക്കിനു സാധ്യതയുണ്ട്. കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള നീക്കമുണ്ടായിരുന്നു. അന്ന് കോര്‍ബിന്‍ ബോഷാണ് പിഎസ്എല്‍ വിട്ട് ഐപിഎല്ലിനെത്തിയത്. പിന്നാലെ താരത്തിനു ഒരു വര്‍ഷത്തെ വിലക്കും കിട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates