ഇസ്ലാമബാദ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീട നേട്ടം വമ്പൻ ആഘോഷമാക്കി പാകിസ്ഥാൻ. ഇന്ത്യയെ വീഴ്ത്തിയാണ് പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയത്. ഞായറാഴ്ചയാണ് ഫൈനൽ അരങ്ങേറിയത്. 191 റൺസ് വിജയം പിടിച്ചാണ് പാകിസ്ഥാൻ കിരീടം നേടിയത്. ഓപ്പണർ സമീർ മിൻഹാസ് നേടിയ സെഞ്ച്വറിയുടെ (172) ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാൻ 347 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ പോരാട്ടം 156 റൺസിൽ അവസാനിപ്പിച്ചാണ് അവർ ചാംപ്യൻമാരായത്.
ട്രോഫിയുമായി ടീം അംഗങ്ങൾ തിങ്കളാഴ്ച പുലർച്ചെയാണ് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വൻ സ്വീകരണമാണ് അവരെ കാത്തിരുന്നത്. ടീമിന്റെ വിമാനം ഇറങ്ങുന്നതിന് വളരെ മുൻപുതന്നെ വിമാനത്താവള ടെര്‍മിനലിന് പുറത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ടീമിന്റെ നേട്ടത്തെയും ഇന്ത്യയ്ക്കെതിരായ ചരിത്ര വിജയത്തെയും ആഘോഷിക്കുന്ന കാര്‍ഡുകളേന്തിയാണ് പലരും പുറത്തു നിന്നത്.
താരങ്ങൾ വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഉടനെ മാധ്യമങ്ങളും ആരാധകരും അവരെ പൊതിഞ്ഞു. വാദ്യമേളങ്ങളും ആർപ്പുവിളികളും മുഴങ്ങി. ലോകകപ്പ് ജയിച്ചതിനേക്കാൾ വലിയ ആഘോഷമാണ് പിസിബി സംഘടിപ്പിച്ചത്.
ഒരു ജൂനിയർ ടീം കിരീടം നേടിയത് ഇങ്ങനെ ആഘോഷിക്കുന്ന അപൂർവമാണ്. ഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയതാണ് ഇത്ര വലിയ ആഘോഷത്തിന്റെ പിന്നിലെന്നു എളുപ്പം മനസിലാക്കാൻ സാധിക്കും. സീനിയർ തലത്തിൽ ഇന്ത്യയെ സമീപ കാലത്തൊന്നും പരാജയപ്പെടുത്താൻ പാകിസ്ഥാനു സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പിലടക്കം കിരീടം അടിയറവ് വച്ചാണ് പാക് ടീം നാണംകെട്ടത്.
അണ്ടർ 19 ടീമുമായി ഇസ്ലാമബാദ് നഗരത്തിൽ വിക്ടറി പരേഡ് നടന്നു. നഗരം മുഴുവൻ അലങ്കാര ദീപങ്ങളാൽ നിറഞ്ഞിരുന്നു. ആഘോഷങ്ങളുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. അണ്ടർ 19 ടീമിനു വിരുന്നു നൽകുമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. മാസങ്ങൾക്കു മുൻപ് ഏഷ്യാ കപ്പ് പാക് സീനിയർ ടീമിനു നാണക്കേടിന്റെ ടൂർണമെന്റായിരുന്നെങ്കിൽ കൗമാര താരങ്ങൾ കിരീടവുമായി വന്നതാണ് പാകിസ്ഥാൻ മതിമറന്നു ആഘോഷിച്ചത്.
ഈ കിരീടം പാക് ടീമിന്റെ സുപ്രധാന നേട്ടമാണെന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ മൊഹ്സിൻ നഖ്‍വി വ്യക്തമാക്കി. ഓരോ ടീം അംഗത്തിനും 50 ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും നഖ്‍വി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates