സിഡ്‌നി: പാകിസ്ഥാന് എതിരെ മോശം പ്രകടനം പുറത്തെടുത്താല്‍ കോടികള്‍ നല്‍കാമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ സലീം മാലിക്ക് വാഗ്ദാനം ചെയ്തിരുന്നതായി ഷെയ്ന്‍ വോണ്‍. 1994ല്‍ ഒത്തുകളിക്കായി സലീം മാലിക് സമീപിച്ചെന്ന ഗുരുതര ആരോപണമാണ് ഷെയ്ന്‍ വോണ്‍ ഉന്നയിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ വെളിപ്പെടുത്തല്‍. 1994ല്‍ കറാച്ചിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ സമയം സലീം മാലിക് തന്നെ സമീപിച്ചതായാണ് വോണ്‍ പറയുന്നത്.
ടെസ്റ്റ് ഞങ്ങള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഈ സമയം മാലിക് എന്നെ കാണണം എന്ന് അഭ്യര്‍ഥിച്ചു. അതേ തുടര്‍ന്ന് ഞാന്‍ സലീം മാലിക്കിന്റെ മുറിയില്‍ ചെന്നു. നല്ല കളിയാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. നാളെ ഞങ്ങള്‍ ജയിക്കുമെന്ന് ഞാന്‍ മറുപടിയും നല്‍കി.
തോറ്റാല്‍ വീട് അഗ്നിക്കിരയാക്കുമെന്ന് സലീം മാലിക്
എന്നാല്‍, പാകിസ്ഥാന്‍ തോറ്റാല്‍ അവരുടേയും ബന്ധുക്കളുടേയും വീട് അഗ്നിക്കിരയാക്കും എന്നാണ് മാലിക് എന്നോട് പറഞ്ഞത്. ഞാനും ടിം മേയും മോശമായി കളിക്കണം എന്ന് മാലിക് അഭ്യര്‍ഥിച്ചു. അതിനായി ഞങ്ങള്‍ക്ക് ഒന്നര കോടി രൂപ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു, വോണ്‍ വെളിപ്പെടുത്തുന്നു.
മാലിക്കിനോട് ആ സമയം എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. മാലിക്കിനെ അധിക്ഷേപിച്ച് ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് ഇറങ്ങി പോയി. ഈ സംഭവം ഞാന്‍ ടീം മാനേജ്‌മെന്റിനേയും അറിയിച്ചു. എനിക്കൊപ്പമുണ്ടായിരുന്ന ടിം മെയ് പരിശീലകന്‍ ബോബ് സിംപ്‌സണേയും ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറേയും ഇക്കാര്യം അറിയിച്ചതായും വോണ്‍ പറയുന്നു.
തിരിച്ചുവന്ന് ജയം പിടിച്ച് പാകിസ്ഥാന്‍
എന്നാല്‍ പാകിസ്ഥാന്‍ ആണ് അവിടെ ജയം പിടിച്ചത്. തിരിച്ചു വരവ് നടത്തിയ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് ജയം പിടിച്ചു. ഇന്‍സമാമും മുഷ്താഖ് അഹമ്മദും പിടിച്ചു നിന്നതോടെ അവര്‍ ജയം പിടിക്കുകയായിരുന്നു. വോണ്‍ കളിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാന് വേണ്ടി 103 ടെസ്റ്റും 283 ഏകദിനവും കളിച്ച താരമാണ് സലീം മാലിക്ക്. ടെസ്റ്റില്‍ നിന്ന് 5768 റണ്‍സും ഏകദിനത്തില്‍ നിന്ന് 7170 റണ്‍സും നേടി. ഒത്തുകളിയെ തുടര്‍ന്ന് 2000ല്‍ മാലിക്കിനെ ക്രിക്കറ്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates