ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസിക്ക് ജയമില്ല. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം ടീമുകളെല്ലാം ജയത്തോടെ സീസൺ തുടങ്ങിയപ്പോൾ ചെൽസിക്ക് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു. ക്രിസ്റ്റൽ പാലസാണ് അവരെ ഗോളടിക്കാൻ സമ്മതിക്കാതെ പിടിച്ചുകെട്ടിയത്.
ചെല്‍സി- വെസ്റ്റ്ഹാം യുനൈറ്റഡ്
ചെല്‍സി ഫിനിഷിങ്ങിൽ ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നു ഗർനാചോയെ സ്ട്രൈക്കർ റോളിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ചെൽസി. വെസ്റ്റ് ഹാമിനും രണ്ടാം പോര് ജയിക്കേണ്ടതുണ്ട്. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടർലാൻഡിനോട് ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി നേരിട്ടതിന്റെ ക്ഷീണത്തിലാണ് വെസ്റ്റ് ഹാം. ടീം ഒത്തിണക്കത്തോടെയല്ല ആദ്യ മത്സരം കളിച്ചത്. അവർക്കു പുതിയ സൈനിങുകളില്ലെന്നതും ഓർക്കണം.
മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം
ഈ ആഴ്ച്ചയിലെ ഏറ്റവും ആവേശകരമായ മത്സരം മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനമും തമ്മിലാണ്. രണ്ട് ടീമുകളും അവരുടെ ആദ്യ പോരാട്ടം ആധികാരികമായി വിജയിച്ചാണ് തുടങ്ങിയത്. സിറ്റിയുടെ ഹാളണ്ടും ടോട്ടനമിന്റെ റിച്ചാർലിസനും അപാര ഫോമിൽ. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോൾ റിച്ചാർലിസൻ നേടിയ സിസർ കട്ട് ഗോളാണ്. സിറ്റിക്കു ഇത് ഹോം മാച്ചാണ്. കടുത്ത മത്സരം തന്നെയാകും എന്നതിൽ സംശയമില്ല.
ബേണ്‍മത്- വൂള്‍വ്‌സ്
ബേൺമതും വൂൾവ്സും തോൽവികൾ ഏറ്റുവാങ്ങി മുഖാമുഖം വരുന്നു. ലിവർപൂളിനെതിരെ തോറ്റ മത്സരത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടായിരിക്കും ബേൺമത് ഇറങ്ങുക. അന്റോണിയോ സെമന്യോയുടെ ബലത്തിൽ അവർ വിജയം പ്രതീക്ഷിക്കുന്നു.
ആഴ്സണല്‍- ലീഡ്‌സ് യുനൈറ്റഡ്
ആഴ്സണലിനെതിരെ ഇറങ്ങുമ്പോൾ ലീഡ്സിനു എവർട്ടനോടു ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ മത്സരം ഒരു ഗോളിന് കഷ്ടിച്ച് ജയിച്ച ആഴ്സണലിനു ഗൊയ്കേർസ് ഫോമിലാകാത്തതു അലട്ടുന്നു. എങ്കിലും ഹോം പോരിൽ ശ്രദ്ധയോടെ കളിച്ചു അനായാസ വിജയം സ്വന്തമാക്കാമെന്നു അവർ പ്രതീക്ഷിക്കുന്നു. പക്ഷെ അംപടുവും സ്റ്റാചും നയിക്കുന്ന മിഡ്‌ഫീൽഡ് ലീഡ്സിനു ശക്തമായ പിൻബലം നൽകുന്ന ഘടകമാണ്.
ഫുള്‍ഹാം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇത്തവണ തോൽവിയോടെയാണ് തുടങ്ങേണ്ടി വന്നത്. ഇനി അവർക്ക് നേരിടാനുള്ള ഫുൾഹാമിനെയാണ്. ആദ്യ മത്സരം തോറ്റെങ്കിലും പോസിറ്റീവാണ് ടീമിന്റെ പ്രകടനം. എന്നാൽ ഗോളടിക്കാതെ ജയിക്കില്ലെന്ന ലളിത തത്വം മറന്നതാണ് അവർക്ക് തിരിച്ചടിയായത്. റുബൻ അമോറിമിന് സമ്മർദ്ദമുണ്ട്. ഗോൾ കീപ്പിങ് ദുർബലമായി തുടരുന്നു. ആദ്യ പതിനൊന്നിൽ ഇക്കുറി സെസ്‌കോ ഇറങ്ങിയേക്കും. 3-4-2-1 ഫോർമേഷൻ 3-4-3 ആയിമാറുന്ന രീതി തുടരും. ആദ്യ മത്സരത്തിൽ ബ്രൈറ്റനോട് സമനില വഴങ്ങിയ ഫുൾഹാമും തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.
ബ്രന്റ്‌ഫോര്‍ഡ്- ആസ്റ്റന്‍ വില്ല
ന്യൂ കാസലിനെതിരെ മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിൽ ആസ്റ്റൻ വില്ല ജയം തേടിയിറങ്ങുന്നു. ബ്രെന്റ്ഫോർഡാണ് എതിരാളികൾ. രണ്ട് ടീമുകളും ജയം ആഗ്രഹിക്കുന്നു. ആദ്യ പോരിൽ ഡിഫൻഡർ കോൺസ 60ാം മിനിറ്റിൽ റെഡ് കാർഡിൽ പുറത്തായിട്ടും വില്ല ശക്തമായ ചെറുത്തുനിൽപ് തുടർന്നു. രണ്ടാം കളിയിലും കോൺസ പുറത്തു തന്നെ. ഒരിക്കലും തളരാതെ സുപ്രധാന നിമിഷങ്ങളിൽ പെർഫോം ചെയുന്ന വാറ്റ്കിൻസ്, മിഡ്‌ഫീൽഡിൽ ഒനാന ഡിഫെൻസിൽ മിങ്‌സ് എന്നിവർ വില്ലയുടെ പ്രതീക്ഷ കൂട്ടുന്നു. ബോൾ പൊസഷനിൽ ഊന്നിയുള്ള മെല്ലെയുള്ള ആക്രമണം വില്ല ഉപയോഗിക്കുമ്പോൾ ബ്രെന്റ്ഫോർഡ് പ്രസിങിലൂന്നിയ ആക്രമണത്തിൽ ശ്രദ്ധിക്കുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 3-1നു പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ബ്രെന്റ്ഫോർഡ്. പ്രമുഖരായ ബുമാ, വീസ എന്നിവരുടെ അഭാവം ആക്രമണത്തിൽ പ്രകടം. കാർവലോയുടെ പ്രീ സീസൺ ഫോമും പുതുമുഖം തിയാഗോയുടെ ഫിനിഷിങ്ങും ഹെൻഡേഴ്‌സന്റെ അനുഭവസമ്പത്തും ബ്രെന്റ്ഫോർഡിനെ സഹായിക്കുമെന്നു അവർ പ്രതീക്ഷിക്കുന്നു.
ബേണ്‍ലി- സണ്ടര്‍ലാന്‍ഡ്
ആദ്യം മത്സരത്തിൽ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സണ്ടർലാൻഡ് രണ്ടാം പോരിനിറങ്ങുന്നത്. ആദ്യ പോരിൽ കനത്ത തോൽവി ഏറ്റ ബേൺലിയാണ് എതിരാളികൾ. മുൻതൂക്കം തീർച്ചയായും സണ്ടർലാൻഡിന് തന്നെ. പ്രമുഖ താരങ്ങൾ ഇല്ലെങ്കിലും ടീം വർക്കിൽ സണ്ടർലാൻഡ് ആദ്യ മത്സരത്തിൽ മികവ് കാണിച്ചു. അവരുടെ വേഗമേറിയ അറ്റാക്കിങ് ചെറുത്തു തിരിച്ചടിക്കാൻ ബേൺലി കഷ്ടപ്പെടും.
നോട്ടിങ്ഹാം ഫോറസ്റ്റ്- ക്രിസ്റ്റൽ പാലസ്
നോട്ടിങ്ഹാം ഫോറസ്റ്റ്- ക്രിസ്റ്റൽ പാലസ് പോരാട്ടം ആവേശകരമാകും. ക്രിസ്റ്റൽ പാലസ് ടോപ് ഫോമിലാണ്. നോട്ടിങ്ങാം ഫോറസ്റ്റ് കഴിഞ്ഞ എട്ട് മുഖാമുഖങ്ങളിലും പാലസിനോട് തോറ്റിട്ടില്ല. എബ്‍രചി എസെ- മറ്റേറ്റ കൂട്ടുകെട്ടിന്റെ വേഗമേറിയ അറ്റാക്കിങ്ങിൽ ക്രിസ്റ്റൽ പാലസ് മുന്നേറുമ്പോൾ ഗിബ്സ്- വുഡ് കോമ്പിനേഷനാണ് നോട്ടിങ്ഹാമിന്റെ ശക്തി. കടുകട്ടി മത്സരമെങ്കിലും വിജയ സാധ്യത ക്രിസ്റ്റൽ പാലസിനാണ്.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates