ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം പരിശീലകനായി ഇന്ത്യന്‍ മുന്‍ പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നു. ദ്രാവിഡ് അടക്കം നിരവധി പ്രമുഖര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദ്രാവിഡിന് പുറമെ, മുന്‍ ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്‌ലവര്‍, മുന്‍ സ്പിന്നര്‍ റിച്ചാര്‍ഡ് ഡോസണ്‍ തുടങ്ങിയവരും പരിഗണനയിലുണ്ടെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
പരിശീലക സ്ഥാനത്ത് നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനാലാണ് മക്കെല്ലത്തെ ഒഴിവാക്കുന്നതെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പര 2-1 ന് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പര 4-1 ന് കൈവിട്ടെങ്കിലും മക്കെല്ലത്തെ പരിശീലക സ്ഥാനത്തു നിലനിര്‍ത്തിയിരുന്നു. അടുത്ത വര്‍ഷത്തെ ആഷസിനുള്ള ഒരുക്കത്തിന്, മാറ്റത്തിനുള്ള യഥാര്‍ത്ഥ സമയമാണിതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അഭിപ്രായപ്പെട്ടു.
2024 ലെ ടി20 ലോകകപ്പ് കിരീടത്തിലേക്കും 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യന്‍ ടീമിനെ നയിച്ച, 53 കാരനായ ദ്രാവിഡിന്റെ പരിശീലന മികവും പ്രാഗത്ഭ്യവുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ ആകര്‍ഷിച്ചതെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സീനിയര്‍ ടീമിനൊപ്പമുള്ള പ്രവര്‍ത്തനവും, ജൂനിയര്‍ കളിക്കാരെ കണ്ടെത്തി മികവിലേക്ക് കൊണ്ടുവരാനുള്ള ദ്രാവിഡിന്റെ പ്രയത്‌നവും വ്യാപക പ്രശംസ നേടിയിരുന്നു.
അതേസമയം ദ്രാവിഡിന് ഒരു മുഴുവന്‍ സമയ കോച്ചാകാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചാകുന്നത് അദ്ദേഹത്തിന് കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിക്കാനും തന്റെ പ്രിയപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റില്‍ തുടരാനുമുള്ള അവസരവും നല്‍കും. കോച്ചാകുന്നതില്‍ ദ്രാവിഡിന്റെ താല്‍പ്പര്യം നിര്‍ണായകമാകുമെന്നും ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
സിംബാബ് വെ മുന്‍ നായകനും ഇംഗ്ലണ്ട് മുന്‍ കോച്ചുമായ ആന്‍ഡി ഫ്‌ലവര്‍, ഇംഗ്ലണ്ട് മുന്‍ ബാറ്ററും അഫ്ഗാനിസ്ഥാന്‍ മുന്‍ കോച്ചുമായ ജോനാഥന്‍ ട്രോട്ട്, ഇംഗ്ലണ്ട് മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫിന്റോഫ്, ഇംഗ്ലണ്ട് മുന്‍ സ്പിന്നറും ഇംഗ്ലീ് ക്ലബ് ഗ്ലാമോര്‍ഗന്‍ ഹെഡ് കോച്ചുമായ റിച്ചാര്‍ഡ് ഡോസണ്‍, ഇംഗ്ലണ്ട് മുന്‍ ഓഫ് സ്പിന്നര്‍ ഗരെത് ബാറ്റി, ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റര്‍ ഡാരന്‍ ലേമാന്‍, ഓസീസ് മുന്‍ താരവും ഓസ്‌ട്രേലിയന്‍ മുന്‍ പരിശീലകനുമായ ജസ്റ്റിന്‍ ലാംഗര്‍ ഓസ്‌ട്രേലിയയുടേയും ഹോങ്കോങിന്റേയും വിക്കറ്റ് കീപ്പറായിരുന്ന റയാന്‍ കാംബെല്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates