മെസി vs കെയ്ൻ, എംബാപ്പെ vs യമാൽ; 'മൈതാനം കത്തും', കാണാൻ മറക്കല്ലേ 'സെമി ത്രില്ലർ'!

ഫ്രാൻസ് vs സ്പെയിൻ, ജൂലൈ 14, ചൊവ്വ (ഇന്ത്യൻ സമയം രാത്രി 12:30ന്), ഇംഗ്ലണ്ട് vs അർജന്റീന, ജൂലൈ 15, ബുധൻ (ഇന്ത്യൻ സമയം രാത്രി 12:30ന്)
Lionel Messi, Harry Kane, Kylian Mbappe, Lamine Yamal in world cup match
Lionel Messi, Harry Kane, Kylian Mbappe, Lamine Yamalap
Updated on
3 min read

ക്വാർട്ടർ ഫൈനലിലെ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച് ഇംഗ്ലണ്ടും അർജന്റീനയും സെമി ഫൈനലിൽ പ്രവേശിച്ചതോടെ ഫിഫ ലോകകപ്പിന്റെ അവസാന നാല് ടീമുകളുടെ ചിത്രം തെളിഞ്ഞു. നേരത്തെ യോഗ്യത നേടിയ ഫ്രാൻസ്, സ്‌പെയിൻ എന്നിവർക്കൊപ്പമാണ് ഇംഗ്ലണ്ടും നിലവിലെ ചാംപ്യന്മാരായ അർജന്റീനയും ചേരുന്നത്.

നോർവേയ്‌ക്കെതിരെ അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 2-1 ന്റെ നാടകീയ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിച്ചത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ജൂഡ് ബെല്ലിങ്ഹാമിന്റെ രണ്ട് ഗോളുകളിലൂടെ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ പിറന്ന വിജയ ഗോൾ ഇംഗ്ലണ്ടിനെ അവരുടെ ചരിത്രത്തിലെ നാലാമത്തെ ലോകകപ്പ് സെമി ഫൈനലിലേക്ക് നയിച്ചു.

സ്വിറ്റ്‌സർലൻഡിനെ അധിക സമയത്ത് 3-1 ന് പരാജയപ്പെടുത്തി അർജന്റീനയും സെമി ലൈൻ അപ്പ് പൂർത്തിയാക്കി. ടൂർണമെന്റിലെ തങ്ങളുടെ മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും കൃത്യം മൂന്ന് ഗോളുകൾ വീതം നേടാൻ നിലവിലെ ചാംപ്യന്മാർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും വിജയങ്ങളൊന്നും അവർക്ക് അത്ര എളുപ്പം കിട്ടിയതല്ല.

ലോക ഫുട്ബോളിലെ രണ്ട് വമ്പൻ പോരാട്ടങ്ങൾക്കാണ് സെമി ഫൈനലിൽ കളമൊരുങ്ങിയിരിക്കുന്നത്. ഫ്രാൻസ്- സ്പെയിൻ, ഇംഗ്ലണ്ട്- അർജന്റീന. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ നാല് ടീമുകളാണ് ഇപ്പോൾ അവശേഷിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാതകളിലൂടെയാണ് ഓരോ ടീമും ഈ ഘട്ടത്തിലേക്ക് എത്തിയത്.

Lionel Messi, Harry Kane, Kylian Mbappe, Lamine Yamal in world cup match
‘റഫറീ, മര്യാദയ്ക്ക് സംസാരിക്കണം‘; വിരൽ ചൂണ്ടി ചൂടായി മെസി (വിഡിയോ)

സർവം ഫ്രാൻസ്

സെമിയിലെത്തിയ നാല് ടീമുകളിൽ ഏറ്റവും ക്ലിനിക്കൽ പോരാട്ടം പുറത്തെടുത്ത് നോക്കൗട്ട് ഘട്ടം പിന്നിട്ടത് ഫ്രാൻസാണ്. ഗ്രൂപ്പ് ഐയിൽ ഒൻപത് പോയിന്റോടെ ഒന്നാമതെത്തിയ അവർ റൗണ്ട് ഓഫ് 32ൽ സ്വീഡനെ 3-0 ന് തകർത്തു. തുടർന്ന് കടുത്ത പോരാട്ടത്തിൽ പരാഗ്വെയെ 1-0 നും, ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 നും പരാജയപ്പെടുത്തി.

നോക്കൗട്ടിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെ ആറ് ഗോളുകളാണ് ഫ്രാൻസ് അടിച്ചു കൂട്ടിയത്. മത്സരങ്ങൾ കടുത്ത സമ്മർദ്ദത്തിലായപ്പോൾ പോലും അവരുടെ പ്രതിരോധ കോട്ട തകർക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല. മുന്നേറ്റ നിരയിൽ കിലിയൻ എംബാപ്പെ ടീമിന്റെ പ്രധാന രക്ഷകനായി തുടരുന്നു. എന്നാൽ സെമിയിൽ സ്പെയിൻ ഉയർത്തുന്ന സാങ്കേതിക വെല്ലുവിളി ഫ്രാൻസിന് കടുത്തതായിരിക്കും.

ടൂർണമെന്റിലെ ടോപ്പ് സ്കോറർ പട്ടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള മികച്ച താരനിരയുമായി പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ അജയ്യമായ കരുത്താണ് ഫ്രാൻസ് പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ച്, ഫ്രാൻസിന്റെ ഗംഭീരമായ മുന്നേറ്റനിര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഈ ടൂർണമെന്റിൽ 8 ഗോളുകളും 3 അസിസ്റ്റുകളുമായി എംബാപ്പെ ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുമ്പോൾ, 5 അസിസ്റ്റുകൾ നൽകിയ മൈക്കൽ ഒലീസെ, 5 ഗോളുകളും 2 അസിസ്റ്റുകളും നേടിയ ഒസ്മാൻ ഡെംബെലെ എന്നിവരുടെ ആക്രമണവും ശക്തമാണ്. പകരം ഇറങ്ങുന്ന ബ്രാഡ്‌ലി ബാർക്കോള, ഡെസിറെ ഡൂവേ, മാർക്കസ് തുറാം എന്നിവർ എതിരാളികൾക്ക് ഉയർത്തുന്ന ഭീഷണി ചില്ലറയാകില്ല.

കൃത്യത സ്പെയിൻ

ഗ്രൂപ്പ് എച്ചിൽ ഏഴ് പോയിന്റോടെ ഒന്നാമതെത്തിയ സ്പെയിൻ ഓസ്ട്രിയയെ 3-0 ന് തോൽപ്പിച്ചാണ് നോക്കൗട്ട് തുടങ്ങിയത്. എന്നാൽ അതിനുശേഷമുള്ള അവരുടെ പാത കഠിനമായിരുന്നു. റൗണ്ട് ഓഫ് 16ൽ ചിരവൈരികളായ പോർച്ചുഗലിനെ 1-0 ന് വീഴ്ത്തി. ക്വാർട്ടർ ഫൈനലിൽ ബെൽജിയം സ്പാനിഷ് സംഘത്തെ കടുത്ത പരീക്ഷണത്തിന് ഇരയാക്കിയെങ്കിലും 2-1 ന്റെ വിജയവുമായി ലൂയിസ് ഡെലഫുണ്ടെയുടെ ടീം മുന്നേറി.

നോക്കൗട്ട് ഘട്ടത്തിൽ സ്പെയിനിനെതിരെ ഗോൾ നേടുന്ന ആദ്യ ടീമായി ബെൽജിയം മാറിയെങ്കിലും സ്പാനിഷ് പട വിജയം പിടിച്ചെടുത്തു. മൂന്ന് നോക്കൗട്ട് മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ നേടുകയും ഒരു ഗോൾ മാത്രം വഴങ്ങുകയും ചെയ്ത സ്പെയിനും ഫ്രാൻസും തമ്മിലുള്ള സെമി പോരാട്ടം ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് പ്രതിരോധ നിരകളുടെ മാറ്റുരയ്ക്കലായിരിക്കും.

സ്പെയിനിന്റെ പ്രധാന കരുത്ത് റോഡ്രി നയിക്കുന്ന ശക്തമായ മധ്യനിരയാണ്. മുന്നേറ്റത്തിൽ 4 ഗോളുകളും 1 അസിസ്റ്റുമായി മിക്കൽ ഒയാർസബാലും ഫുട്ബോൾ വിസ്മയം ലമീൻ യമാലും ടീമിന് കരുത്തു പകരുന്നു. എംബാപ്പെയുടെ ​ഗോളടി മികവും സ്പാനിഷ് യുവ വിസ്മയം ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലായും പോരാട്ടം മാറും.

ഇം​ഗ്ലീഷ് ആവേശം

വളരെ നാടകീയവും പ്രവചനാതീതവുമായ പാതയിലൂടെയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഗ്രൂപ്പ് എല്ലിൽ ഏഴ് പോയിന്റോടെ ഒന്നാമതെത്തിയ അവർ റൗണ്ട് ഓഫ് 32ൽ ഡിആർ കോംഗോയെ 2-1 നും റൗണ്ട് ഓഫ് 16ൽ മെക്സിക്കോയെ 3-2 നും പരാജയപ്പെടുത്തി.

ക്വാർട്ടർ ഫൈനലിൽ നോർവേ അവരെ പരമാവധി സമ്മർദ്ദത്തിലാക്കി. ഒരു ഗോളിന് പിന്നിലായ ഇംഗ്ലണ്ട്, നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമാണ് അധിക സമയത്ത് ബെല്ലിങ്ഹാമിന്റെ മികവിൽ വിജയം കണ്ടത്. നോക്കൗട്ടിലെ മൂന്ന് മത്സരങ്ങളും ഒരൊറ്റ ഗോളിന്റെ വ്യത്യാസത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ഏഴ് ഗോളുകൾ അടിച്ചെങ്കിലും എല്ലാ റൗണ്ടിലും ഗോളുകൾ വഴങ്ങിയത് അവരുടെ പ്രതിരോധത്തിലെ പാളിച്ചകൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും സെമി പ്രവേശം ടീമിന്റെ പോരാട്ടവീര്യം തെളിയിക്കുന്നതാണ്. അഞ്ച് ഗോളുകൾ വഴങ്ങിയ അർജന്റീനയുടെ പ്രതിരോധ കോട്ട തകർക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന വിശ്വാസം ഇംഗ്ലണ്ടിന് നൽകുന്നുണ്ട്.

ബെല്ലിങ്ഹാമിന്റെ കളം വാഴുന്ന പ്രകടനങ്ങളും (6 ഗോളുകൾ, 1 അസിസ്റ്റ്) മുന്നേറ്റനിരയിലെ ഹാരി കെയ്നിന്റെയും (6 ഗോളുകൾ, 1 അസിസ്റ്റ്) മികവിൽ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളമാണ്. ബുക്കായോ സാക്ക (3 അസിസ്റ്റുകൾ), ആന്റണി ഗോർഡൻ (3 അസിസ്റ്റുകൾ) എന്നിവരുടെ വിങുകളിലൂടെയുള്ള മൂർച്ചയേറിയ മുന്നേറ്റങ്ങളും ഇംഗ്ലണ്ടിന്റെ വലിയ ആയുധങ്ങളാണ്.

Lionel Messi, Harry Kane, Kylian Mbappe, Lamine Yamal in world cup match
'പോരാട്ടങ്ങൾ ഞങ്ങളുടെ ചോരയിലുള്ളത്; അതാണ് അർജന്റീനയുടെ ഡിഎൻഎ!'

അർജന്റീന ​ഗോൾ

ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന നോക്കൗട്ടിൽ എത്തിയത്. റൗണ്ട് ഓഫ് 32ൽ കാബോ വെർദെയ്‌ക്കെതിരെ 3-2നും, റൗണ്ട് ഓഫ് 16ൽ ഈജിപ്തിനെതിരെ ഇതേ സ്കോറിനും (3-2) കടുത്ത പോരാട്ടത്തിനൊടുവിലാണ് അവർ ജയിച്ചു കയറിയത്.

ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡും അവരെ കഠിനമായി പരീക്ഷിച്ചെങ്കിലും അധിക സമയത്ത് 3-1 ന് അർജന്റീന വിജയം പിടിച്ചെടുത്തു. ലയണൽ സ്കലോനിയുടെ ടീം മൂന്ന് നോക്കൗട്ട് മത്സരങ്ങളിൽ നിന്നായി ഒൻപത് ഗോളുകൾ നേടി. സെമിയിലെത്തിയ ടീമുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

അർജന്റീന അസാധ്യമായ ആക്രമണ വീര്യമാണ് കാഴ്ചവെക്കുന്നത്. എല്ലാ മത്സരങ്ങളിലും തങ്ങളുടെ ഗോളടി മികവ് അവർ പുറത്തെടുത്തു. ലോകകപ്പ് കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന മെസി 8 ഗോളുകളും 2 അസിസ്റ്റുകളുമായി എംബാപ്പെയ്ക്കൊപ്പം ടോപ്പ് സ്കോറർ പട്ടത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്. സെമിയിൽ ഹാരി കെയ്ൻ- മെസി പോരാട്ടവും ആരാധകരെ ത്രില്ലടിപ്പിക്കും.

ആരാധകരെ കാത്തിരിക്കുന്നത്

ഫ്രാൻസിന്റെ നിയന്ത്രണവും, സ്പെയിനിന്റെ കൃത്യതയും, ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യവും, അർജന്റീനയുടെ തകർപ്പൻ ഗോളടി മികവും തമ്മിലുള്ള മാറ്റുരയ്ക്കലിനാണ് ഇനി ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ നാല് വ്യത്യസ്ത ശൈലികളിൽ നിന്ന് രണ്ട് ടീമുകൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. ഫ്രാൻസ്- സ്പെയിൻ മത്സരത്തിലെ വിജയികൾ ജൂലൈ 20ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്- അർജന്റീന മത്സരത്തിലെ വിജയികളെ നേരിടും. സെമിയിൽ പരാജയപ്പെടുന്ന ടീമുകൾ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരത്തിൽ ഏറ്റുമുട്ടും.

ആരെത്തും ഫൈനലിൽ ഫ്രാൻസോ, സ്പെയിനോ, ഇം​ഗ്ലണ്ടോ, അർജന്റീനയോ. ആകാംക്ഷകളുടെ മണിക്കൂറുകളാണ്.

സെമി ഫൈനൽ പോരാട്ടങ്ങൾ

ഫ്രാൻസ് vs സ്പെയിൻ

ദിവസം: ജൂലൈ 14, ചൊവ്വ (ഇന്ത്യൻ സമയം രാതിര 12:30 ന്)

വേദി: ഡാലസ് സ്റ്റേഡിയം

ഇംഗ്ലണ്ട് vs അർജന്റീന

ദിവസം: ജൂലൈ 15, ബുധൻ (ഇന്ത്യൻ സമയം രാത്രി 12:30 ന്)

വേദി: അറ്റ്ലാന്റ സ്റ്റേഡിയം.

Lionel Messi, Harry Kane, Kylian Mbappe, Lamine Yamal in world cup match
അന്ന്, സ്റ്റാലെ സോൾബാക്കൻ 7 മിനിറ്റ് 'മരിച്ചു'!... ഒരു ഫുട്ബോൾ കോച്ചിന്റെ അസാധാരണ തിരിച്ചു വരവ്
Lionel Messi, Harry Kane, Kylian Mbappe, Lamine Yamal in world cup match
'തകർന്ന ലോകകപ്പ് സ്വപ്നം, പ്രിയപ്പെട്ടവരേ ഞങ്ങളോട് പൊറുക്കണം'; നെഞ്ചുലഞ്ഞ്, മൗനം വെടിഞ്ഞ് വിനീഷ്യസ്
Summary

FIFA World Cup 2026 semifinal: Mbappe meets Yamal, Lionel Messi faces Kane - Final 4 promise two era-defining battles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com