

അധിക സമയത്തേക്ക് നീണ്ട ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ നേടിയ 3-1 ന്റെ വിജയം കടുത്ത വെല്ലുവിളികളെ നേരിടുന്നതിൽ അർജന്റീന എത്രത്തോളം പക്വത കൈവരിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവെന്ന് പരിശീലകൻ ലയണൽ സ്കലോനി. അധ്വാനിച്ചു നേടിയ വിജയത്തിനു പിന്നാലെയായിരുന്നു കോച്ചിന്റെ പ്രതികരണം.
റൗണ്ട് ഓഫ് 16 ൽ ഈജിപ്തിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു 3-2 ന്റെ അവിശ്വസനീയ വിജയം അർജന്റീന സ്വന്തമാക്കിയത്. പിന്നാലെ ക്വാർട്ടർ ഫൈനലിൽ ശക്തരായ സ്വിസ് പടയും അവരെ പരമാവധി സമ്മർദ്ദത്തിലാക്കി. എന്നാൽ കടുത്ത വെല്ലുവിളിയുടെ നിമിഷങ്ങളിൽ കൃത്യമായ മറുപടി കണ്ടെത്താൻ സ്കലോനിയുടെ സംഘത്തിന് കഴിഞ്ഞു. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ കൂടി വലയിലെത്തിച്ചാണ് അവർ സെമി ഫൈനലിലേക്ക് കുതിച്ചത്. പ്രതീക്ഷ കൈവിടാതെ പോരാടാനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ഈ കഴിവ് അർജന്റീന ടീമിന്റെ പ്രധാന സവിശേഷതകളിലൊന്നായി മാറിയിട്ടുണ്ടെന്നും സ്കലോനി പറയുന്നു.
'ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഈ കഠിനാധ്വാനവും അതിജീവനവും ഞങ്ങളുടെ രക്തത്തിൽ, ഞങ്ങളുടെ ഡിഎൻഎയിൽ ഉള്ളതാണ്. അതാണ് ഞങ്ങളുടെ കരുത്ത്, കളിയിലുടനീളം ഞങ്ങളുടെ വലിയൊരു മനഃസമാധാനവും.'
ടൂർണമെന്റിലുടനീളം അർജന്റീനയുടെ പാത ഒട്ടും എളുപ്പമായിരുന്നില്ല. റൗണ്ട് ഓഫ് 32ൽ കാബോ വെർദെയ്ക്കെതിരെ വ്യക്തമായ ലീഡ് നേടിയ ശേഷം അത് കൈവിട്ടെങ്കിലും, ഒടുവിൽ 3-2 ന് അവർ കളി ജയിച്ചു കയറി. പിന്നീട് ഈജിപ്തിനെതിരായ മത്സരത്തിൽ 79ാം മിനിറ്റ് വരെ 2-0 ന് പിന്നിലായ ശേഷമായിരുന്നു അവരുടെ അവിശ്വസനീയ തിരിച്ചുവരവ്.
2022ൽ ഖത്തറിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടം നേടിയ അനുഭവം, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ കളിക്കാരെ ഏറെ സഹായിച്ചിട്ടുണ്ടെന്നു സ്കലോനി വിശ്വസിക്കുന്നു.
'ഖത്തർ ലോകകപ്പിന്റെ സമയത്ത് ഞങ്ങൾക്ക് വലിയ പരിചയസമ്പത്തുണ്ടായിരുന്നില്ല. കോച്ചെന്ന നിലയിൽ എനിക്കും. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക വളരെ പ്രയാസകരമായിരുന്നു.'
'എന്നാൽ ഇപ്പോൾ ഞങ്ങൾ കൂടുതൽ അനുഭവസമ്പന്നരാണ്. എതിരാളികൾ കളി നിയന്ത്രിക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കണമെന്നും, അവർ ഗോൾ മടക്കുമ്പോൾ എങ്ങനെ നിലയുറപ്പിക്കണമെന്നും ഞങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ സ്വിസ് ടീമിനെതിരെ ഞങ്ങൾ ഒട്ടും പരിഭ്രാന്തരായില്ല. ശാന്തത പാലിക്കാൻ ടീമിന് കഴിഞ്ഞു. എന്തുതന്നെയായാലും കളി ഞങ്ങൾ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.'
മത്സരത്തിന്റെ 67ാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് സമനില ഗോൾ നേടിയപ്പോൾ അർജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകരുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ അധിക സമയത്ത് ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളുകൾ അർജന്റീനയ്ക്ക് ആവേശ വിജയം സമ്മാനിച്ചു.
'വളരെ ശക്തരായ എതിരാളികളായിരുന്നു അവർ. അവരുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ വിജയിക്കുകയോ, തുടർച്ചയായി അഞ്ചോ ആറോ പാസുകൾ നൽകുകയോ ചെയ്യുക ഞങ്ങൾക്ക് വളരെ വളരെ ബുദ്ധിമുട്ടായിരുന്നു. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൺ- ടു- വൺ പോരാട്ടങ്ങളിലൂടെ അവർ ഞങ്ങളെ കടുത്ത പ്രതിരോധലും സമ്മർദ്ദത്തിലുമാക്കി. ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു.'
'കളിയുടെ ഗതി മാറ്റാൻ ശേഷിയുള്ള മികച്ച കളിക്കാർ ഞങ്ങളുടെ ബെഞ്ചിലുമുണ്ട്. അത് പരമ പ്രധാനമാണ്. എന്തുതന്നെ സംഭവിച്ചാലും ഒടുവിൽ ഞങ്ങൾ അതിനുള്ള പരിഹാരം കണ്ടെത്തും.'
ടീമിന്റെ ഒത്തൊരുമയെക്കുറിച്ച് സ്കലോനി വാചാലനായി. ടൂർണമെന്റിലെ ആറ് ആഴ്ച നീണ്ട കഠിനമായ യാത്രയിൽ തന്റെ തന്ത്രങ്ങളെ പൂർണമായും വിശ്വസിച്ച കളിക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
'ഇത് കളിക്കാരുടെ മിടുക്കാണ്. കാരണം അവർ ഈ പ്രക്രിയയിൽ പൂർണമായി വിശ്വസിച്ചു. ഞങ്ങൾ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ ഒറ്റക്കെട്ടാണ് അത്ര മേൽ ഐക്യപ്പെട്ടവർ. ഫുട്ബോൾ എത്രത്തോളം സങ്കീർണമാണെന്നതിന്റെ തെളിവാണ് ഇത്തരം മത്സരങ്ങളുടെ അഗ്നിപരീക്ഷകൾ.'
ലയണൽ മെസിയുടെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ച മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററുടെ പ്രകടനത്തെയും സെറ്റ് പീസുകളിലെ ടീമിന്റെ മുന്നേറ്റത്തെയും സ്കലോനി പ്രത്യേകം പ്രശംസിച്ചു. ടൂർണമെന്റിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളും ക്വാർട്ടറിലെ മാക് അലിസ്റ്ററുടെ ഹെഡ്ഡറാണ്.
'അലക്സിസ് മാക് അലിസ്റ്റർ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. ഈ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനു നൽകുന്നു. കാരണം അദ്ദേഹം കഠിനാധ്വാനിയാണ്.'
ഈ വിജയത്തോടെ കഴിഞ്ഞ ആറ് പ്രധാന ടൂർണമെന്റുകളിൽ അർജന്റീന തങ്ങളുടെ ആറാമത്തെ സെമി ഫൈനൽ പ്രവേശനമാണ് ഉറപ്പാക്കിയിരിക്കുന്നത്.
'സത്യം പറയാമല്ലോ, ആ നേട്ടത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. അതിൽ അഭിമാനമുണ്ട്. '
അർജന്റീന വീണ്ടും ലോകകിരീടം ഉയർത്തുകയാണെങ്കിൽ, ഈ ടൂർണമെന്റ് ഓർമിക്കപ്പെടുക അവരുടെ മനോഹരമായ ഫുട്ബോളിന്റെ പേരിലായിരിക്കില്ല. മറിച്ച്, പ്രതിസന്ധികളിൽ തളരാതെ അവർ കാക്കുന്ന അചഞ്ചലമായ പോരാട്ടവീര്യത്തിന്റെ പേരിലായിരിക്കും.
'നിങ്ങൾ ഒരു സെമി ഫൈനലിൽ എത്തുമ്പോൾ, നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും. അതിലൂടെ കടന്നുപോകാൻ നിങ്ങൾ തയ്യാറാകണം'- സ്കലോനി പറഞ്ഞു നിർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates