കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചാണ് ഇന്ത്യ ബൗള്‍ ചെയ്യാന്‍ ഇറങ്ങിയത്. മൂന്നാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ശ്രീലങ്കയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 130 റണ്‍സാണ് ലങ്ക ചേര്‍ത്തത്. 6 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനി 373 റണ്‍സ് കൂടി വേണം.
മത്സരത്തിന്റെ മൂന്നാം ദിനത്തിലും മഴ ഇന്ത്യൻ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഗ്രൗണ്ട് നിലവിൽ മൂടിയ നിലയിലാണ്. കൊളംബോയിൽ മഴയും തുടരുന്നുണ്ട്.
മൂന്നാം ദിനത്തില്‍ കാമില്‍ മിശ്രയെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. താരം 19 റണ്‍സുമായി മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച പസിന്ദു സൂര്യബന്ദാരയും കാമിന്ദു മെന്‍ഡിസും ചേര്‍ന്ന സഖ്യം ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം തുടങ്ങി. സ്‌കോര്‍ 122ല്‍ നില്‍ക്കെ കാമിന്ദു മെന്‍ഡിസിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഈ കൂട്ടുകെട്ട് പൊളിച്ചു. സഖ്യം 87 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മെന്‍ഡിസ് 32 റണ്‍സെടുത്തു.
നിലവില്‍ സൂര്യബന്ദാര അര്‍ധ സെഞ്ച്വറി (65)യുമായി ക്രീസില്‍ നില്‍ക്കുന്നതാണ് ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നത്. 4 റണ്‍സുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും ക്രീസില്‍. ലങ്കയ്ക്ക് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. മാനവ് സുതറിനാണ് ഒരു വിക്കറ്റ്.
2 വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ ഇടയ്ക്കിടെ മഴ പെയ്ത് മത്സരം തടസപ്പെട്ടിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ഇന്നലെ വീണ്ടും മഴ തുടങ്ങി. രണ്ട് പന്തുകള്‍ മാത്രം എറിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇതോടെ കളി നിര്‍ത്തി. പിന്നീട് മഴ മാറി വീണ്ടും ലങ്ക ബാറ്റിങ് പുനരാരംഭിച്ചപ്പോഴാണ് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്.
ഇന്നലെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ലാഹിരു ഉദാരയെ (6 പന്തില്‍ 1) ലങ്കയ്ക്കു നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍, സ്ലിപ്പില്‍ നിന്ന യശസ്വി ജയ്സ്വാളാണ് ഉദാരയെ കൈയില്‍ ഒതുക്കിയത്. പിന്നാലെ തൊട്ടടുത്ത ഓവറില്‍ രാത്രി കാവല്‍ക്കാരനായി വന്ന പ്രഭാത് ജയസൂര്യയെയും (2 പന്തില്‍ 7) ലങ്കയ്ക്ക് നഷ്ടമായി. താരത്തെ മാനവ് സുതര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
നേരത്തെ ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ജുറേലിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം സെഞ്ച്വറിയുമാണിത്. ആദ്യ ദിനത്തില്‍ ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.
ഋഷഭ് പന്ത് 6 ഫോറും 2 സിക്സും സഹിതം 63 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates