ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലില്‍ റണ്ണൊഴുകിയ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലെത്തിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഗുജറാത്ത് മറികടന്നത്. ഞായറാഴ്ച നടന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും സായ് സുദര്‍ശന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഗുജറാത്തിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ 77 പന്തില്‍ നിന്ന് ഇരുവരും 167 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 53 പന്തുകള്‍ നേരിട്ട ഗില്‍ മൂന്ന് സിക്സും 15 ഫോറുമടക്കം 104 റണ്‍സെടുത്താണ് പുറത്തായത്.
32 പന്തുകള്‍ നേരിട്ട സുദര്‍ശന്‍ 58 റണ്‍സെടുത്തു. ഒരു സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഗില്ലും സുദര്‍ശനും ക്രീസില്‍ നിലയുറപ്പിച്ചതോടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. നേരത്തേ വൈഭവ് സൂര്യവംശിയുടെ മികവിലാണ് ഗുജറാത്തിനെതിരേ രാജസ്ഥാന്‍ റോയല്‍സ് 215 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 47 പന്തുകള്‍ നേരിട്ട വൈഭവ് ഒടുവില്‍ സെഞ്ചുറിക്ക് നാലു റണ്‍സകലെ (96) കാഗിസോ റബാദയുടെ പന്തില്‍ പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി തേര്‍ഡ്മാന്‍ ഏരിയയിലേക്ക് പന്തടിച്ചാണ് വൈഭവ് പുറത്തായത്. ഏഴു സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. ഇത്തവണ 31 പന്തില്‍ നിന്നാണ് വൈഭവ് 50 തികച്ചത്. താരത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.
വൈഭവിന്റെയും രവീന്ദ്ര ജഡേജയുടെും കൂട്ടുകെട്ടാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 65 പന്തുകള്‍ നീണ്ട ഈ കൂട്ടുകെട്ട് 127 റണ്‍സാണ് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ജഡേജ പിന്നീട് തിരിച്ചെത്തി വീണ്ടും ബാറ്റിങ് തുടര്‍ന്നു. 35 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡോണോവന്‍ ഫെരെയ്രയുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ 200 കടത്തിയത്. വെറും 11 പന്തുകള്‍ മാത്രം നേരിട്ട ഫെരെയ്ര നാല് സിക്‌സും രണ്ട് ഫോറുമടക്കം 38 റണ്‍സെടുത്തു.