റാഞ്ചി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഒരുക്കങ്ങളുടെ ഭാഗമായി ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോനിക്കൊപ്പമാണ് പന്ത് പരിശീലനം നടത്തുന്നത്. പന്ത് ധോനിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇരുവരുടേയും ജിം ചിത്രമാണ് വൈറലായത്. മുൻ ഇന്ത്യൻ സ്പിന്നർ ഷഹബാസ് നദീമാണ് ഇരു താരങ്ങൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഫിനിഷർമാർക്കൊപ്പം എന്ന കുറിപ്പോടെയാണ് നദീം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ട്രാക്ക്സൂട്ട് ധരിച്ചാണ് ധോനിയുള്ളത്. പന്ത് കറുത്ത ടീം ഷർട്ടും ഷോർട്സുമാണ് ധരിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ പരിമിത ഓവർ ടീം പദ്ധതികളിൽ പന്ത് ഉൾപ്പെട്ടിട്ടില്ല. എന്നാൽ ശുഭ്മാൻ ഗിൽ നയിക്കുന്ന ടെസ്റ്റ് ടീമിൽ പന്ത് നിർണായക സാന്നിധ്യമാണ്.
ഐപിഎല്ലിൽ മോശം പ്രകടനം മറക്കാനും പന്ത് ആഗ്രഹിക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ സീസണിൽ പന്തിനു നിരാശയായിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനാ പന്ത് സീസണിൽ 312 റൺസ് മാത്രമാണ് നേടിയത്. ലഖ്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമായിരുന്നു. പുതിയ സീസണിലേക്കായി ലഖ്നൗ വിട്ട് പന്ത് തിരികെ ഡൽഹി ടീമിൽ കളിക്കും. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിലാണ് പന്ത് അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓഗസ്റ്റ് 15 മുതൽ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates