ലെവൻഡോസ്കിയും കോച്ച് പ്രോബിയേഴ്സും (Robert Lewandowski)  x
Sports

ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചതിന് ലെവന്‍ഡോസ്‌കിയുടെ മുട്ടൻ ഉടക്ക്, പോളണ്ട് കോച്ചിന്റെ പണി പോയി!

പോളണ്ട് ടീമിലെ സൂപ്പര്‍ താരവും റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമാണ് ലെവന്‍ഡോസ്‌കി

Author : സമകാലിക മലയാളം ഡെസ്ക്

വാര്‍സോ: പോളണ്ട് ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മിഷേല്‍ പ്രോബിയേഴ്‌സ്. പോളണ്ട് ക്യാപ്റ്റനും രാജ്യത്തിന്റെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമായ ഇതിഹാസ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി (Robert Lewandowski) യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പരിശീലകന്റെ പടിയിറക്കത്തില്‍ കലാശിച്ചത്. പോളണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ലെവന്‍ഡോസ്‌കിയെ മാറ്റിയതാണ് തര്‍ക്കത്തിലേക്ക് വിവാദത്തിലേക്കും നയിച്ചത്.

പോളണ്ടിന്റെ പുതിയ നായകനായി നാപ്പോളി മധ്യനിര താരം പിയോറ്റര്‍ സീലിന്‍സ്‌കിയെ കോച്ച് പ്രോബിയേഴ്‌സ് പ്രഖ്യാപിച്ചതാണ് ലെവന്‍ഡോസ്‌കിയെ ചൊടിപ്പിച്ചത്. തന്നോടു നേരിട്ടു പറയാതെ ടീമില്‍ വരുത്തിയ മാറ്റമാണ് ലെവന്‍ഡോസ്‌കിയുടെ പിണക്കത്തില്‍ കലാശിച്ചത്. പ്രോബിയേഴ്‌സ് പരിശീലിപ്പിക്കുന്ന പോളണ്ട് ടീമില്‍ ഇനി താന്‍ കളിക്കാനില്ലെന്നു താരം തുറന്നു വ്യക്തമാക്കിയതോടെ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി.

പോളണ്ടിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ ബയേണ്‍ മ്യൂണിക്ക് താരവും നിലവില്‍ ബാഴ്‌സലോണ മുന്നേറ്റക്കാരനുമായ 36കാരന്‍. രാജ്യത്തിനായി 158 മത്സരങ്ങള്‍ കളിച്ച ലെവന്‍ഡോസ്‌കി 85 ഗോളുകള്‍ നേടി. പോളണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ലെവന്‍ഡോസ്‌കിയാണ്.

താന്‍ വീട്ടില്‍ കുട്ടികളെ ഉറക്കാന്‍ കിടത്തുമ്പോഴാണ് കോച്ച് വിളിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ വിവരം പറയുന്നത് എന്നായിരുന്നു ലെവന്‍ഡോസ്‌കി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പിന്നാലെ പോളണ്ട് ദേശീയ ടീമിന്റെ വെബ് സൈറ്റില്‍ നിന്നു വിഷയം അറിഞ്ഞു. അതോടെയാണ് ലെവന്‍ഡോസ്‌കി ഉടക്കിയത്.

'കോച്ചിന് ഇക്കാര്യം എന്നോട് നേരിട്ടു പറയാനുള്ള മനോവിചാരം ഉണ്ടാകേണ്ടിയിരുന്നു. രാജ്യത്തിനായി ആത്മാര്‍പ്പണം ചെയ്ത ആളാണ് ഞാന്‍. ഇതില്‍ കൂടുതല്‍ ബഹുമാനം ഞാന്‍ അര്‍ഹിക്കുന്നുണ്ട്. മുഖാമുഖം ഇരുന്നു തീരുമാനിക്കേണ്ട വിഷയം ഇത്തരത്തില്‍ ഫോണ്‍ വിളിച്ചല്ല പറയേണ്ടിയിരുന്നത്'- ലെവന്‍ഡോസ്‌കി നിലപാട് വ്യക്തമാക്കി.

സംഭവം വിവാദമായതിനു പിന്നാലെയാണ് കോച്ചിന്റെ പടിയിറക്കം. പോളണ്ട് ഫുട്‌ബോളിന്റെ നല്ല ഭാവിയ്ക്കു വേണ്ടി സ്ഥാനം രാജി വയ്ക്കുന്നതായി വ്യക്തമാക്കിയാണ് പ്രോബിയേഴ്‌സ് കസേര ഒഴിഞ്ഞത്. പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ രാജി സ്വീകരിക്കുകയും ചെയ്തു.

പിന്നാലെയാണ് പ്രോബിയേഴ്‌സ് പരിശീലകനായിരിക്കുന്ന കാലത്തോളം താന്‍ ദേശീയ ടീമിലേക്കില്ലെന്നു താരം വ്യക്തമാക്കിയത്. ലെവന്‍ഡോസ്‌കി ഇല്ലാതെ ഇറങ്ങിയ പോളണ്ട് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഫിന്‍ലന്‍ഡിനോടു 2-1നു പരാജയപ്പെട്ടിരുന്നു. പിന്നാലെ സൗഹൃദ പോരാട്ടത്തില്‍ മോള്‍ഡോവയെ ടീം പരാജയപ്പെടുത്തിയിരുന്നു.

2023ല്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ പകരക്കാരനായാണ് പ്രോബിയേഴ്‌സ് പോളണ്ട് ടീമിന്റെ പരിശീലകനായി എത്തുന്നത്. ടീമിനെ 2024ലെ യൂറോ കപ്പിലേക്ക് യോഗ്യരാക്കാന്‍ കോച്ചിനു സാധിച്ചെങ്കിലും ടീം ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ