ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടം വൻ ത്രില്ലറായപ്പോൾ ആരാധകർക്ക് ആവേശമായത് വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെഫേർഡിന്റെ കിടിലൻ ബാറ്റിങ്. ഏഴാമനായി ക്രീസിലെത്തി വെറും 14 പന്തിൽ താരം അടിച്ചു കൂട്ടിയത് 53 റൺസ്. ആർസിബി 2 റൺസിന്റെ നിർണായക വിജയം പിടിച്ചപ്പോൾ ഈ 53 റൺസാണ് ചെന്നൈയ്ക്ക് വിലങ്ങായി നിന്നത് എന്നതും ശ്രദ്ധേയം.
അക്ഷരാർഥത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തെ വിൻഡീസ് താരം നിമിഷ നേരം കൊണ്ട് തീ പിടിപ്പിക്കുകയായിരുന്നു. 6 സിക്സും 4 ഫോറും സഹിതമാണ് താരത്തിന്റെ സംഹാര താണ്ഡവം. അന്തിമ കണക്കിൽ താരത്തിന്റെ വന്യമായ ബാറ്റിങാണ് ആർസിബിയെ തുണച്ചത് എന്നത് മനസിലാകും.
18 ഓവറിൽ ആർസിബി 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസായിരുന്നു എടുത്തത്. 20 ഓവർ അവസാനിച്ചപ്പോൾ അവരുടെ സ്കോർ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ എത്തിയിരുന്നു! അവസാന രണ്ട് ഓവറിൽ പിറന്നത് 54 റൺസ്.
19ാം ഓവർ എറിഞ്ഞ ഖലീൽ അഹമദിനും 20ാം ഓവർ എറിഞ്ഞ മതീഷ പതിരനയ്ക്കുമാണ് ഷെഫേർഡിന്റെ ബാറ്റിന്റെ ചൂടേറ്റ് പൊള്ളിയത്. ഈ സീസണിൽ മികച്ച ബൗളിങ് റെക്കോർഡുള്ള ഖലീലിന്റെ 19ാം ഓവറിൽ ഷെഫേർഡ് അടിച്ചത് 33 റൺസ്! ഈ സീസണിൽ ഒരോവറിൽ പിറക്കുന്ന ഏറ്റവും വലിയ റൺസും ഇതുതന്നെ. ഈ ഓവറിലെ അഞ്ചാം പന്ത് ഡോട്ട് ബോളായിരുന്നു. പക്ഷേ അതിലും സിക്സ് പിറന്നു.
അവസാന പന്ത് വരെ ആവേശം; ചെന്നൈയെ രണ്ട് റണ്‍സിന് വീഴ്ത്തി ബംഗളൂരുവിന് ത്രില്ലര്‍ ജയം
പിന്നാലെ വന്നത് മതീഷ പതിരന. താരത്തിനും കിട്ടി ശരിക്കും തല്ല്. അവസാന ഓവറിൽ ഷെഫേർഡ് അടിച്ചത് 21 റൺസ്. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞ പതിരന 3 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയാണ് അവസാന ഓവർ എറിയാനെത്തിയത്. ഈ ഓവർ തീർന്നപ്പോൾ താരം 4 ഓവറിൽ വഴങ്ങിയ റൺസ് 36 ആയി മാറിയിരുന്നു! ഈ ഓവറിലെ ആദ്യ പന്ത നേരിട്ടത് ടിം ഡേവിഡായിരുന്നു. താരം ഒരു റൺസെടുത്തു സ്ട്രൈക്ക് കൈമാറി. മൂന്നാം പന്ത് ഡോട് ബോൾ. ശേഷിച്ച നാല് പന്തുകൾ അതിർത്തി കടന്നാണ് നിന്നത്.
അവസാന പന്ത് സിക്സടിച്ചാണ് വിൻഡീസ് താരം അർധ സെഞ്ച്വറി നേടിയത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി കൂടിയാണിത്. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡും താരം സ്വന്തമാക്കി. ഐപിഎല്ലിന്റെ ചരിത്രത്തിലെ വേഗമേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡ് നേട്ടത്തിൽ കെഎൽ രാഹുൽ, പാറ്റ് കമ്മിൻസ് എന്നിവർക്കൊപ്പവും ഷെഫേർഡ് എത്തി. മൂവരും 14 പന്തിൽ ഫിഫ്റ്റിയടിച്ചു. 13 പന്തിൽ അർധ സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പേരിലാണ് ഐപിഎൽ റെക്കോർഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates