ബ്രസല്‍സ്: ബെല്‍ജിയം ഇതിഹാസ താരം റൊമേലു ലുകാകു അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന അനുപമ റെക്കോര്‍ഡുമായാണ് 33കാരന്‍ ബൂട്ടഴിക്കുന്നത്.
രാജ്യത്തിനായി 135 മത്സരങ്ങള്‍ താരം കളിച്ചു. 16 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിനാണ് ലുകാകു വിരാമം കുറിച്ചത്. ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയിലെ നിര്‍ണായക താരമായിരുന്നു ലുകാകു.
'ബെല്‍ജിയം ജേഴ്‌സിയിലെ അന്താരാഷ്ട്ര കരിയര്‍ ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്. ഈ തീരുമാനത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. ഇതൊരു അവിസ്മരണീയ യാത്രയായിരുന്നു. ഏറെ ആസ്വദിച്ച നിമിഷങ്ങള്‍. ഞാന്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവനായിരിക്കും'- താരം വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ റെക്കോര്‍ഡ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ലുകാകുവാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (146), ലയണല്‍ മെസി (126), അലി ദേയി (108), സുനില്‍ ഛേത്രി (95) എന്നിവര്‍ മാത്രമാണ് ലുകാകുവിനേക്കാള്‍ കൂടുതല്‍ ഗോള്‍ നേടിയവര്‍.
യൂറോപ്പിലെ വിവിധ ലീഗുകളില്‍ കളിച്ചു പരിചയമുള്ള ലുകാകു നിലവില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയുടെ താരമാണ്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടന്‍, ഇന്റര്‍ മിലാന്‍, റോമ, നാപ്പോളി, ആന്റര്‍ലെറ്റ് ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates