മുംബൈ: മലയാളി താരം സഞ്ജു സാംസണും ഐപിഎൽ ടീം രാജസ്ഥാൻ റോയൽസും തമ്മിൽ വേർപിരിയുന്നു? അടുത്ത സീസണിൽ സഞ്ജു രാജസ്ഥാൻ റോയൽസിൽ കളിക്കില്ല. ടീം വിടാനുള്ള താത്പര്യം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മലയാളി താരവും ടീമും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്നും റിപ്പോർട്ടുകളുണ്ട്. താരം ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളിൽ ഒന്നിലേക്കു പോകുമെന്ന ചർച്ചകളും ഇതോടെ സജീവമായി.
തന്നെ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് താരം ടീമിനെ അറിയിച്ചിരിക്കുന്നത്. റലീസ് ചെയ്താൽ സഞ്ജു മിനി ലേലത്തിൽ എത്തും.
രാജസ്ഥാനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് സഞ്ജു. 149 മത്സരങ്ങൾ ടീമിനായി കളിച്ചു. 4027 റൺസ് ടീമിനായി നേടി.
കഴിഞ്ഞ സീസണിൽ ടീമിൽ വരുത്തിയ മാറ്റങ്ങളിൽ താരം അസംതൃപ്തനായിരുന്നു എന്നാണ് വിവരം. മാത്രമല്ല പരിക്കിനെ തുടർന്നു പല മത്സരങ്ങളിലും താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ചില മത്സരങ്ങളിൽ താരം ഇംപാക്ട് പ്ലയറായും കളിച്ചു. റിയാൻ പരാഗായിരുന്നു ടീമിനെ പല മത്സരങ്ങളിലും നയിച്ചത്. 9 മത്സരങ്ങളാണ് താരം കഴിഞ്ഞ സീസണിൽ ആകെ കളിച്ചത്. 285 റൺസ് നേടി. ടീമിനു പക്ഷേ പ്ലേ ഓഫിലെത്താൻ സാധിച്ചില്ല.
സഞ്ജുവായിരുന്നു ടീമിന്റെ ഓപ്പണർ. യശസ്വി ജയ്സ്വാൾ സഹ ഓപ്പണറും. സഞ്ജുവിനു പരിക്കേറ്റതോടെ 14കാരൻ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ ഓപ്പണറായി പരീക്ഷിച്ചു. യശസ്വി- വൈഭവ് സഖ്യം ക്ലിക്കാകുകയും ചെയ്തതോടെ സഞ്ജുവിനു സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അവസരം നഷ്ടമായി.
കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്കെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിഹാസ താരം ധോനിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് നായകനായി എത്തുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പിന്നാലെ സിഎസ്കെ സഞ്ജുവിനെ വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വാർത്തകൾ വന്നു. എന്നാൽ സഞ്ജുവിനെ വിൽക്കില്ലെന്ന നിലപാടായിരുന്നു രാജസ്ഥാന്.
എന്നാൽ നിലവിൽ സഞ്ജു തന്നെ ടീം വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് രാജസ്ഥാന് കനത്ത അടിയായി. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ നിലനിർത്തിയത്.
ചെന്നൈയ്ക്ക് പുറമേ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും താരത്തെ സ്വന്തമാക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. ലേലത്തിൽ വന്നാൽ സഞ്ജുവിനായി വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കോടികൾ എറിയാൻ ടീമുകൾ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നും ഉറപ്പിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates