Sanju Samson x
Sports

കിവികളെ പറത്തി... സഞ്ജു, ശ്രേയസ്, നമാൻ ധിർ! ത്രില്ലറിൽ 'ഇന്ത്യ'

ഒന്നാം ടി20യില്‍ ഇന്ത്യക്ക് 4 വിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ത്രില്ലര്‍ വിജയവുമായി ഇന്ത്യ. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മിന്നും തുടക്കം നല്‍കിയിട്ടും ഇടയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ പരുങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും നമാന്‍ ധിറും ചേര്‍ന്നു ടീമിനെ ഒടുവില്‍ വിജയത്തിലെത്തിച്ചു. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്തു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മലയാളി താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയുമായി ജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സമയോചിത ബാറ്റിങും ജയത്തില്‍ നിര്‍ണായകമായി. നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവരുടെ സംഭവനകളും ഇന്ത്യയുടെ ത്രില്ലര്‍ ജയത്തില്‍ കരുത്തായി. വിജയ റൺസ് സിക്സർ പറത്തിയാണ് നമാൻ ധിർ ബോർഡിൽ ചേർത്തത്.

ഇന്ത്യ ജയം തൊടുമ്പോള്‍ നമാന്‍ ധിര്‍ 15 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ റെഡ്ഡിയും നോട്ടൗട്ട്. താരം 2 റണ്‍സെടുത്തു.

226 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. സഖ്യം 35 പന്തില്‍ അടിച്ചത് 93 റണ്‍സ്. സഞ്ജു അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെ അഭിഷേക് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. താരം 12 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സുമായി മടങ്ങി.

സഞ്ജു 23 പന്തില്‍ 3 സിക്‌സും 7 ഫോറും സഹിതം 50 റണ്‍സെടുത്തു. ഒടുവില്‍ സ്‌കോര്‍ 115ല്‍ നില്‍ക്കെ 9ാം ഓവറിലെ അവസാന പന്തില്‍ സഞ്ജു മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. സഞ്ജു 33 പന്തില്‍ 67 റണ്‍സെടുത്താണ് പുറത്തായത്.

സഞ്ജുവിന്റെ പുറത്താകലിനു പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. തിലക് വര്‍മ (7), ഇഷാന്‍ കിഷന്‍ (1) എന്നിവര്‍ക്ക് അധികം ആയുസുണ്ടായില്ല.

ഒരറ്റത്ത് കരുത്തോടെ നിന്ന ശ്രേയസ് അയ്യരുടെ മികവാണ് ഒടുവില്‍ കളി ഇന്ത്യയുടെ വരുതിയില്‍ തന്നെ നിര്‍ത്തിയത്. അക്ഷര്‍ പട്ടേല്‍, നമാന്‍ ധിര്‍ എന്നിവര്‍ ഉറച്ച പിന്തുണയും നല്‍കി. അക്ഷര്‍ 14 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 24 റണ്‍സെടുത്തു. ജയത്തിനരികെ വച്ച് ശ്രേയസ് വീണെങ്കിലും നിതീഷ് കുമാറും നമാന്‍ ധിറും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. ശ്രേയസ് 28 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സെടുത്തു.

നേരത്തെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. കിവികള്‍ക്കായി ബാറ്റിങിനെത്തിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധ സെഞ്ച്വറി നേടി. താരത്തിന്റെ അപരാജിത ഇന്നിങ്‌സാണ് കിവി സ്‌കോറിനു കരുത്തായത്. താരം 40 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്നു. 7 റണ്‍സെടുത്ത മിച്ചല്‍ ബ്രെയ്‌സ്‌വെല്ലും പുറത്താകാതെ നിന്നു.

ഓപ്പണര്‍ ടിം സെയ്ഫര്‍ട് 17 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 24 റണ്‍സെടുത്തു. ഫിന്‍ അല്ലന്‍ 24 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 45 റണ്‍സും കണ്ടെത്തി. ഓപ്പണിങില്‍ 49 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.

ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്തു. 16 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 31 റണ്‍സ് വാരിയ ബെവോന്‍ ജേക്കബ്‌സിനെ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടാക്കി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യ ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയേയും പ്രിന്‍സ് യാദവിനു പകരം മായങ്ക് യാദവിനേയുമാണ് ഇലവനില്‍ ഇറക്കിയത്.

Naman Dhir's whirlwind 42 and Sanju Samson's 67 has helped India record their biggest chase in T20I cricket as they beat New Zealand by 4 wickets in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പക്ഷപാതം പാടില്ല, ബിന്‍ലാദനെ വധിച്ച അതേ പാകിസ്ഥാനിലാണ് ദാവൂദ് ഇബ്രാഹിമും; യുഎന്‍ റിപ്പോര്‍ട്ട് തിരുത്തി ഇന്ത്യ

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ; സമാധാന ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജി

കുട്ടികളെ ലക്ഷ്യം വെച്ച് ഓൺലൈൻ ഗെയിമിങ് തട്ടിപ്പ്; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല, ഇന്നോ ? തമാശ മാറിയിപ്പോൾ'

'ഞങ്ങള്‍ കക്കാറുണ്ട്, നല്ലത് കക്കും, എനിക്കെന്റെ പൈസ കിട്ടണം, വെടക്കാക്കിയാല്‍ മൊത്തം ക്രാഷാകും'; കെഎംസിസി കവര്‍ച്ചയില്‍ പ്രതികളുടെ ഓഡിയോ ക്ലിപ്പ് പുറത്ത്