Sanju Samson x
Sports

തിലക് റണ്ണെടുക്കാതെ 'ബോള്‍' ചുമ്മാ കളഞ്ഞ് വട്ടം തിരിയുന്നു; 'സ്‌ട്രൈക്ക് റേറ്റ് 275' ഉള്ള സഞ്ജു കളിക്കണം!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാളത്തെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സഞ്ജു കളിക്കാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ നിര്‍ണായക പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുമ്പോള്‍ ബാറ്റിങ് നിരയുടെ ഫോമില്‍ ആശങ്കപ്പെട്ട് മെന്‍ ഇന്‍ ബ്ലു സംഘം. നാളെ വൈകീട്ട് ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായാണ് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. മലയാളി താരം സഞ്ജു സാംസണെ പ്ലയിങ് ഇലവനിലേക്ക് പരിഗണിക്കുമെന്ന വാര്‍ത്തകളും ഇപ്പോള്‍ വരുന്നുണ്ട്. ഓപ്പണിങില്‍ അഭിഷേക് ശര്‍മ 3 കളികളിലും പൂജ്യത്തിനു പുറത്തായതും പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിക്കാതെ വട്ടം തിരിയുന്നതും ടീമിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

ഈ ഘട്ടത്തിലാണ് സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയത്. തിലകിന്റെ ഫോമില്ലായ്മ തലവേദനയായി നില്‍ക്കുന്ന ഘട്ടത്തിലാണ് സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ക്രീസില്‍ നിലയുറപ്പിക്കാനായി വല്ലാതെ ഡോട്ട് ബോളുകള്‍ തിലക് കളിക്കുന്നത് ടീം സ്‌കോറിങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. തിളങ്ങിയാലും ഇല്ലെങ്കിലും അധികം ഡോട്ട് ബോളുകള്‍ക്ക് ഇടം ഇന്നിങ്‌സില്‍ നല്‍കാത്ത താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വണ്‍ ഡൗണ്‍ ഇറങ്ങി ശീലമുള്ള താരം കൂടിയാണ്. മാത്രമല്ല ടീമിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടം കൈയന്‍മാരാകുന്നത് ഒഴിവാക്കാന്‍ വലം കൈയനായ സഞ്ജുവിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലും ഉണ്ട്.

ഈ ലോകകപ്പില്‍ നമീബിയക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. അഭിഷേകിനു പകരം ഓപ്പണറായി എത്തിയ സഞ്ജു 8 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങിയെങ്കിലും പരിശീലകന്‍ ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ സഞ്ജു നല്‍കിയ മിന്നും തുടക്കത്തെ അഭിനന്ദിച്ചിരുന്നു. ഒറ്റ കളി മാത്രമാണ് സഞ്ജു ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഈയൊരറ്റ കളിയില്‍ നിന്നു സഞ്ജു സ്വന്തമാക്കി എന്നതാണ് മറ്റൊരു കൗതുകം. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 275 ആണ്. മറ്റൊരു താരവും ഈ സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയിട്ടില്ല.

ഓപ്പണിങില്‍ അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കാനും ചിലര്‍ വാദിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ നാളെത്തെ മത്സരത്തില്‍ ഇഷാനൊപ്പം സഞ്ജു ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന വാദമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് സഞ്ജു.

പ്രാഥമിക ഘട്ടത്തില്‍ സ്പിന്നിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടെന്നു ടീമിന്റെ സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ തുറന്നു സമ്മതിച്ചിരുന്നു. ടീമില്‍ 6 ഇടംകൈയന്‍ ബാറ്റര്‍മാര്‍ കളിക്കുന്നത് എതിര്‍ ടീമിനു കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. എതിരാളികള്‍ ഫിംഗര്‍ സ്പിന്നര്‍മാരെ ഇറക്കിയാണ് ഇന്ത്യയുടെ ഇടം കൈ ബാറ്റര്‍മാരെ വെല്ലുവിളിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സുമൊക്കെ ഈ തന്ത്രം പ്രയോഗിച്ച് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടുന്നതിനു തടയിട്ടിരുന്നു.

42 ഓവറാണ് പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നാല് മത്സരങ്ങളിലുമായി സ്പിന്‍ കളിച്ചത്. 15 വിക്കറ്റുകളാണ് ഇന്ത്യക്ക് അതിനിടെ നഷ്ടമായത്. നിലവിലെ പരിതസ്ഥിതിയില്‍ ഇന്ത്യ നാളെ പ്ലെയിങ് ഇലവനില്‍ കാര്യമായ അഴിച്ചു പണിക്കു തന്നെ തയ്യാറായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

Visuals from India's training session in Ahmedabad have fueled speculation that the Sanju Samson could be set for a comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യം; ഐഇഡി ആക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയ്ബ

ഓറഞ്ച് ജ്യൂസും നാരങ്ങാവെള്ളവും ഒഴിവാക്കാം, നോമ്പുതുറയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

ഇൻസ്റ്റഗ്രാമിൽ തരംഗമായി 'റോങ് ഷൂ തിയറി'

'രശ്മിക കല്യാണം വിളിക്കില്ല, മനം നൊന്തിരുന്ന് കരയാന്‍ രക്ഷിത് കൊച്ചുകുട്ടിയല്ല'; നടിയെ പരിഹസിച്ച് നടന്‍; പ്രതിഷേധിച്ച് ആരാധകര്‍

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; രാജ്യത്തെ ആദ്യ അതിവേഗ മെട്രോ നാളെ ട്രാക്കിലേക്ക്- വിഡിയോ

SCROLL FOR NEXT