

നടനായി കയ്യടി നേടും മുമ്പ് തന്നെ സംവിധായകനായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബേസില്‍ ജോസഫ്. മിന്നും പ്രകടനങ്ങളിലൂടെ മികച്ച നടനായി മാറിയെങ്കിലും ബേസില്‍ ജോസഫ് വീണ്ടും സംവിധായക കുപ്പായമിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കുറേ നാളുകളായി സജീവമാണ്. ഈ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുകയാണ് ബേസില്‍ ജോസഫ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ത്. ഒരു തൊപ്പിയുടെ ചിത്രമാണ് അല്ലു അര്‍ജുന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു തൊപ്പിയില്‍ ഇതിനും മാത്രം എന്തിരിക്കുന്നു എന്നല്ലേ. ഒരുപാടുണ്ടെന്നാണ് ഉത്തരം. ബേസില്‍ പങ്കുവച്ച ചിത്രത്തിലെ തൊപ്പിയില്‍ എഴുതിയിരിക്കുന്നത് ഐക്കണ്‍ എന്നാണ്.
അല്ലു അര്‍ജുനെ വിശേഷിപ്പിക്കുന്നത് ഐക്കണ്‍ സ്റ്റാര്‍ എന്നാണ്. ഇത് സൂചിപ്പിക്കുന്നതാണ് ബേസില്‍ പങ്കുവച്ച ചിത്രത്തിലെ ഐക്കണ്‍ എന്ന വാചകമെന്നാണ് വിലയിരുത്തുന്നത്. ബേസിലിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറുമ്പോള്‍ കമന്റുമായി താരങ്ങളുമെത്തുന്നുണ്ട്. ടൊവിനോ തോമസ് അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സുരീഷിന്റെ വിവാഹത്തിന് അതിഥിയായി ബേസിലെത്തിയതും അല്ലു അര്‍ജുന്‍-ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിരുന്നു.
നേരത്തെ രണ്‍വീര്‍ സിങിനെ നായകനാക്കി ബോളിവുഡില്‍ ശക്തിമാന്‍ ഒരുക്കാന്‍ ബേസില്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഈ ചിത്രമായിരിക്കും ബേസില്‍ അല്ലുവിനൊപ്പം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അല്ലു അര്‍ജുന്‍-ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളിയാണ് ബേസില്‍ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates