ഖെബഹ: മഴ ഭൂരിഭാഗം സമയവും കവര്‍ന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. കളിയില്‍ ഓസീസ് പിടിമുറുക്കിയാണ് രണ്ടാം ദിനം പിരിഞ്ഞത്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മഴയെ തുടര്‍ന്നു കളി വൈകിയാണ് ആരംഭിച്ചത്. ആദ്യ ദിനത്തില്‍ 12.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം ദിനത്തില്‍ മത്സരം 43 ഓവര്‍ വരെ നീണ്ടു.
4 വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടിന്റെ പേസാക്രമണമാണ് പ്രോട്ടീസിന്റെ നടുവൊടിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റെടുത്തു. പേസര്‍മാരെ മാത്രം ഇറക്കിയാണ് രണ്ടാം ടെസ്റ്റില്‍ ഓസീസ് പ്രോട്ടീസിനെ നേരിടുന്നത്.
108 പന്തില്‍ 41 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമ ഒരറ്റത്ത് ഉറച്ചു നില്‍ക്കുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം കൊള്ളാനുള്ളത്. വിയാന്‍ മള്‍ഡറാണ് മറുഭാഗത്ത് സഹ ബാറ്റര്‍. താരവും കളിയുടെ ഗതി തിരിക്കാന്‍ കെല്‍പ്പുള്ള ബാറ്ററാണ്. 15 പന്തില്‍ 2 റണ്‍സുമായാണ് മള്‍ഡര്‍ നില്‍ക്കുന്നത്.
31 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടനാണ് പൊരുതി നിന്ന മറ്റൊരു ബാറ്റര്‍. മികച്ച രീതിയില്‍ മുന്നോട്ടുപോയ റിക്കല്‍ടനെ ബോളണ്ടിന്റെ പന്തില്‍ മാറ്റ് റെന്‍ഷോ ക്യാച്ചെടുത്തു മടക്കി. എയ്ഡന്‍ മാര്‍ക്രം (11), മാര്‍ക്വിസ് അക്കര്‍മാന്‍ (6), ഡേവിഡ് ബെഡിങ്ഹാം (0), മാത്യു ബ്രീറ്റ്‌സ്‌കെ (4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates