മുംബൈ: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരൻ വിസ്മയ ബാറ്റർ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. കേവലം 12 ഇന്നിങ്സ് മാത്രം റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ച ഒരു കൗമാര താരത്തെ പിടിച്ച് മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുള്ള ഒരു ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിനെ പലരും ചോദ്യം ചെയ്തു. ഇഷാൻ കിഷനാണ് ടീമിന്റെ ക്യാപ്റ്റൻ.
എന്നാൽ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ന്യായീകരിക്കുകയാണ് ഈസ്റ്റ് സോൺ സെലക്ടർമാർ. ഭാവിയിലെ മികച്ച നേതൃനിരയെ വാർത്തെടുക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് എന്നാണ് സെലക്ടർമാരുടെ ഭാഷ്യം. യുവതാരത്തിനു നായക പദവിയെക്കുറിച്ച് അടുത്തറിഞ്ഞു പഠിക്കാൻ അവസരമൊരുക്കുകയാണെന്നു ഈസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റിയിലെ ഝാർഖണ്ഡ് പ്രതിനിധിയായ മനീഷ് വർധൻ പറയുന്നു.
'ഞങ്ങൾ ഇപ്പോഴത്തെ കാര്യം മാത്രമല്ല ചിന്തിച്ചത്. ഒരു വൈസ് ക്യാപ്റ്റന് ക്യാപ്റ്റനെ വളരെ അടുത്തു നിന്നു നരീക്ഷിക്കാനും ഒരു ടീമിനെ എങ്ങനെ നയിക്കുന്നു എന്നു മനസിലാക്കാനും സാധിക്കും. വൈഭവിന്റെ കായിക വികസനത്തിനു സഹായിക്കും എന്നതിനാലാണ് ക്യാപ്റ്റൻസി ഉത്തരവാദിത്വത്തിൽ താരത്തെ പങ്കാളിയാക്കാൻ തീരുമാനിച്ചത്. അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണ് വൈഭവ്. പക്വതയിലേക്ക് അതിവേഗം എത്തുന്ന താരം. ആ പ്രക്രിയയുടെ മറ്റൊരു ഭാഗമാണ് ഈ ചുമതല നൽകൽ.'
'എന്തെങ്കിലും കാരണത്താൽ ഇഷാന് കളിക്കാൻ സാധിച്ചില്ലെങ്കിൽ എന്തായാലും ടീം ക്യാപ്റ്റനായി വൈഭവ് വരില്ല അതുറപ്പിക്കാം. അങ്ങനെ ഒരു സന്ദർഭം വന്നാൽ ടീമിലെ മുതിർന്ന താരങ്ങളിലൊരാൾ നയിക്കും. വൈഭവ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരും'- മനീഷ് വർധൻ വ്യക്തമാക്കി.
മുൻ ഒഡിഷ താരവും നിലവിൽ സെലക്ടർ, പരിശീലകൻ പദവികളുള്ള പ്രവഞ്ജൻ മല്ലിക്കും ഈ അഭിപ്രായം തന്നെ പങ്കിടുന്നു. സൂര്യവംശി ഇതിനകം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബിഹാറിന്റെ വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.
'ഇഷാനാണ് ക്യാപ്റ്റൻ. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ കളിയുടെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം സജീവമായിരിക്കും. വൈഭവിനു അതിനാൽ തന്നെ നായകന്റെ ഭാരമില്ലാതെ നേതൃപാടവം പഠിക്കാനുള്ള അവസരം തുറന്നു കിട്ടും. വൈഭവിന്റെ ഭാവിയാണ് പ്രധാനം. ഒരു ദിവസം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പോലും ആയേക്കാം. ആ ചിന്തയാണ് വൈസ് ക്യാപ്റ്റൻ പദവി നൽകാൻ കാരണം'- മല്ലിക് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates