റായ്പുർ: അന്താരാഷ്ട്ര ടി20യിൽ മിന്നും ഫോമിൽ ബാറ്റ് വീശുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഷെഫാലി വർമയ്ക്ക് ചരിത്ര നേട്ടം. സിംബാബ്വെക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയപ്പോൾ അതിന്റെ അമരത്ത് ഷെഫാലിയാണ് ടോപ് സ്കോററായി നിന്നത്. വെറും 25 പന്തിൽ 55 റൺസ് അടിച്ച താരത്തിന്റെ മികവിൽ ഇന്ത്യ രണ്ടാം പേരാട്ടം വെറും 8.5 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റൺസെടുത്തു സ്വന്തമാക്കി. ഷെഫാലി 6 ഫോറും 4 സിക്സും സഹിതമാണ് അതിവേഗം അർധ സെഞ്ച്വറി കുറിച്ചത്.
മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ താരം ഒരു റെക്കോർഡും സ്വന്തമാക്കി. ഒരു കലണ്ടർ വർഷം 50 അതിൽ കൂടുൽ റൺസ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്ന ബാറ്ററായി ഷെഫാലി മാറി. 2026ൽ താരം ടി20യിൽ നേടുന്ന 9ാം അർധ സെഞ്ച്വറിയാണിത്. 2024 കലണ്ടർ വർഷത്തിൽ 8 അർധ സെഞ്ച്വറികൾ നേടി ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ധാന സ്ഥാപിച്ച റെക്കോർഡാണ് ഷെഫാലി സ്വന്തം പേരിലാക്കിയത്. മുൻ ഇന്ത്യൻ ക്യപ്റ്റനും ഇതിഹാസ താരവുമായ മിതാല് രാജ് 2018ൽ 7 തവണയും ഈ വർഷം ഹോങ്കോങിന്റെ നടാഷ മൈൽസ് 8 തവണയും സമാന നേട്ടത്തിലെത്തിയിട്ടുണ്ട്.
ഷെഫാലി- മന്ധാന
ഷെഫാലി വർമയും സ്മൃതി മന്ധാനയും ചേർന്ന ഓപ്പണിങ് സഖ്യവും റെക്കോർഡ് നേട്ടത്തിൽ അക്കങ്ങളുടെ എണ്ണം കൂട്ടി. സ്മൃതി 47 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്നു 96 റൺസാണ് ബോർഡിൽ ചേർത്തത്. ഈ വർഷം സഖ്യം നേടുന്ന ഒൻപതാം അർധ സെഞ്ച്വറി കൂട്ടുകെട്ടാണിത്. വനിതാ ടി20 ക്രക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തുന്ന സഖ്യമെന്ന നേട്ടം നേരത്തെ സ്വന്തമാക്കിയ സ്മൃതി- ഷെഫാലി സഖ്യം തങ്ങളുടെ റെക്കോർഡ് നേട്ടം 9ലേക്ക് ഉയർത്തി.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റത്തിൽ തന്നെ പരമ്പര നേട്ടവുമായി സ്മൃതി മന്ധാന കിരീടം ഉയർത്തി. സിംബാബ്വെക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തിൽ 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ വനിതകൾ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. ഇന്ത്യ വെറും 8.5 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ 104 റൺസെടുത്തു വിജയിച്ചു.
25 പന്തിൽ 6 ഫോറും 4 സിക്സും സഹിതം 55 റൺസ് വാരി ഷെഫാലി വർമയും ഇത്രയും പന്തിൽ 6 ഫോറും 2 സിക്സും സഹിതം 47 റൺസ് വാരിയ സ്മൃതിയും ചേർന്നു വെറും 7.5 ഓവറിൽ 96 റൺസ് ബോർഡിൽ ചേർത്തു. ഷെഫാലിയുടെ വിക്കറ്റ് മാത്രമേ ഇന്ത്യക്ക് നഷ്ടമായുള്ളു. കളി അവസാനിക്കുമ്പോൾ സ്മൃതിയ്ക്കൊപ്പം അനുഷ്ക ശർമ (1) പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates