കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫോളോ-ഓണ്‍ ചെയ്ത ശ്രീലങ്ക ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി. നാലാംദിനം മഴയെത്തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ അവര്‍ക്ക് ഇന്ത്യക്കെതിരെ 16 റണ്‍സിന്റെ ലീഡാണുള്ളത്. 92 റണ്‍സെടുത്ത പസിന്ദു സൂര്യബന്ദാരയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. കമിന്ദു മെന്‍ഡിസ് 55 റണ്‍സും നേടി. സ്റ്റംപെടുക്കുമ്പോള്‍ സോനല്‍ ദനുഷയും (7) കേശാര നുവാന്തയും (3) ആണ് ക്രീസില്‍.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ദനുഷയുടെ സെഞ്ച്വറി കരുത്തില്‍ ലങ്ക 290 റണ്‍സ് നേടി പുറത്തായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 503ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 213 റണ്‍സിന്റെ വന്‍ ഒന്നാം ഇന്നിങ്‌സ് ലീഡാണ് വഴങ്ങിയത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാരാംശ് ജെയിന്‍ രണ്ട് വിക്കറ്റുകള്‍ നേടി. രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ചെയ്ത് ലങ്ക നേരിയ ലീഡ് സ്വന്തമാക്കിയെങ്കിലും, മത്സരം ഇപ്പോഴും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ഇന്ത്യ, അഞ്ചാം ദിവസമായ വ്യാഴാഴ്ച പരമ്പര 2-0 ന് തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.
നാലാം ദിനം എട്ടിന് 265 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ദിനുഷയുടെ സെഞ്ച്വറി മാത്രമാണ് ആശ്വാസമായുള്ളത്. 162 പന്തില്‍ എട്ടു ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 103 റണ്‍സ് നേടിയ താരം ഏറ്റവുമൊടുവിലാണ് പുറത്തായത്. അവസാന രണ്ട് വിക്കറ്റുകള്‍ പിഴുത് സാരാംശാണ് ലങ്കന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്.
രണ്ടാം ഇന്നിങ്‌സില്‍ സൂര്യബന്ദാര സെഞ്ച്വറിക്കരികെ വീണത് ലങ്കയ്ക്ക് നിരാശയായി. 10 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 92 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സും നേടിയിരുന്നു. കമിന്ദു മെന്‍ഡിസും (55) നാലാം ദിനം അര്‍ധ ശതകം നേടി. അഞ്ചാം ദിനം ശേഷിക്കുന്ന നാല് ലങ്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്ത്തി, ചെറിയ ലക്ഷ്യം സ്ഥാപിച്ച് ജയം പിടിക്കാമെന്നാണ് ഗില്ലും സംഘവും കണക്കുകൂട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates