

സിഡ്നി: 27ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള തന്റെ കരിയർ അകാലത്തിൽ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ വിൽ പുക്കോസ്കി. തലയ്ക്കു പരിക്കേറ്റ് തലച്ചോറിനു തുടർച്ചയായി ഏൽക്കേണ്ടി വന്ന ക്ഷതങ്ങളാണ് താരത്തിന്റെ കരിയറിനു കനത്ത തിരിച്ചടിയായി മാറിയത്. സ്വന്തന്ത്ര മെഡിക്കൽ പാനലിന്റെ നിർദ്ദേശത്തെ തുടർന്നാണ് താരം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. തന്റെ കരിയറിനു ഇത്തരത്തിലൊരു ദുരന്തപര്യവസാനം വന്നതിൽ അദ്ദേഹം പഠിച്ച സ്കൂളിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുകയാണ് നിലവിൽ.
13 തവണയാണ് വിൽ പുക്കോസ്കിയുടെ ക്രിക്കറ്റ് കരിയറിനിടെ തലച്ചോറിന് പരിക്കേറ്റത്. ഓസ്ട്രേലിയയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരം 2021ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ബാഗി ഗ്രീൻ തൊപ്പി അണിഞ്ഞ് ആദ്യമായി ഓസീസ് ടീമിനായി കളിച്ചത്. എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയർ ചോദ്യ ചിഹ്നത്തിലാക്കി. 2024ൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ടാസ്മാനിയ പേസർ റി മെറിഡിത്തിന്റെ പന്ത് തലയിലിടിച്ച് പരിക്കേറ്റതാണ് കളത്തിലെ അവസാന ദുരന്തം. താരത്തിന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരമായും ഈ പോരാട്ടം നിർഭാഗ്യവശാൽ മാറി.
കരിയറിനും ആരോഗ്യത്തിനും തടസമായ ആദ്യത്തെ ഗുരുതര പരിക്കിന്റെ പേരിൽ പുക്കോസ്കി തന്റെ മുൻ സ്കൂളിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. മെൽബണിലെ സ്വകാര്യ സ്കൂളായ ബ്രൈറ്റൻ ഗ്രാമറിനെതിരെയാണ് കേസ് ഫയൽ ചെയിതിരിക്കുന്നത്.
2014ൽ 16ാം വയസിൽ സ്കൂൾ ഫുട്ബോൾ ടീമിനായുള്ള പരിശീലനത്തിനിടെ പുക്കോസ്കിയ്ക്ക് തലച്ചോറിനു പരിക്കേറ്റിരുന്നു. ഫുട്ബോൾ പരിശീലനത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തോടു മിനിറ്റുകൾക്കകം വീണ്ടും പരിശീലനം തുടരാൻ കോച്ച് ആവശ്യപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. സ്കൂൾ അധികൃതർ തങ്ങളുടെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയെന്നും ആ സംഭവത്തിനു ശേഷമാണ് തന്റെ ജീവിതവും ആരോഗ്യവും പൂർണമായും മാറിമറിഞ്ഞതെന്നും പുക്കോസ്കി വ്യക്തമാക്കിയിരുന്നു. പരിക്കേറ്റതിന്റെ തൊട്ടടുത്ത ദിവസം മുതൽ താരത്തിനു കാഴ്ച മങ്ങുന്നതടക്കമുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു.
തുടരെയുള്ള പരിക്കുകൾ കാരണം കടുത്ത ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. വീട്ടിൽ സാധാരണ പോലെ നടക്കാനും വീട്ടു ജോലികളിൽ സഹായിക്കാനും പോലും കഴിയാത്ത അവസ്ഥ വന്നതോടെയാണ് അദ്ദഹം ക്രിക്കറ്റിന് എന്നന്നേക്കുമായി വിരാമമിട്ടത്. തന്റെ തലച്ചോറിന് ഇനി കൂടുതൽ പരിക്കുകൾ സംഭവിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് വിരമിക്കൽ പ്രഖ്യപിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി.
2017ൽ വിക്ടോറിയയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ നടത്തിയതു മുതൽ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച യുവ ബാറ്റിങ് പ്രതിഭകളിൽ ഒരാളായി പുക്കോസ്കി വളർന്നു. 7 സെഞ്ച്വറികളും 9 അർധ സെഞ്ച്വറികളും ഉൾപ്പെടെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു അദ്ദേഹം 2,350 റൺസ് നേടിയിട്ടുണ്ട്. ഷെഫീൽഡ് ക്രിക്കറ്റിൽ ഏറ്റവും വലിയ സ്കോറുകൾ നേടിയുള്ള മികവാണ് അദ്ദേഹത്തിനു ഓസീസ് ടീമിൽ ഇടം നൽകിയത്.
2021 ജനുവരിയിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യക്കെതിരെ പുക്കോസ്കി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഡേവിഡ് വാർണർക്കൊപ്പം അന്ന് ഓപ്പൺ ചെയ്ത താരം 62 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. മർനസ് ലാബുഷെയ്നുമൊന്നിച്ച് താരം 100 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി.
എന്നാൽ കരിയറിലെ ഏറ്റവും വലിയ വേദിയിലും താരത്തെ പരിക്ക് വേട്ടയാടി. ഫീൽഡിങിനിടെ പുക്കോസ്കിക്ക് തോളിനു പരിക്കേൽക്കുകയും തുടർന്നു ഗാബയിൽ നടന്ന പരമ്പരയിലെ നിർണായക ടെസ്റ്റ് മത്സരം അദ്ദേഹത്തിനു നഷ്ടമാകുകയും ചെയ്തു. തോളിനേറ്റ ആ പരിക്ക് കരിയറിൽ അദ്ദേഹം നേരിട്ട നിരവധി ശാരീരിക തിരിച്ചടികളിൽ ഒന്നു മാത്രമായിരുന്നു. തലച്ചോറിനേറ്റ പരിക്കുകൾ ആണ് അദ്ദേഹത്തിന്റെ കരിയറിനെ പൂർണമായും ഇല്ലാതാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates