ഡര്‍ബന്‍: 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഓസ്‌ട്രേലിയക്ക് ആദ്യ പോരില്‍ തന്നെ തകര്‍പ്പന്‍ ജയം. ഒന്നാം ടെസ്റ്റില്‍ ഓസീസ് 214 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഒപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് കൂടുതല്‍ കരുത്തോടെ നിലയും ഉറപ്പിച്ചു.
ടെംബ ബവുമ ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ദക്ഷിണാഫ്രിക്ക തോൽക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണ് ഡർബനിൽ അരങ്ങേറിയത്. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ അവസാന 4 വിക്കറ്റുകൾ വെറും 2 ഓവറിൽ പിഴുതെടുത്താണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.
രണ്ടിന്നിങ്‌സിലുമായി 300നു മുകളില്‍ സ്‌കോര്‍ ചെയ്ത് ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 421 റണ്‍സിന്റെ ലക്ഷ്യമാണ് പ്രോട്ടീസിനു മുന്നില്‍ വച്ചത്. അവരുടെ പോരാട്ടം 206 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്‌ട്രേലിയ മിന്നും ജയം പിടിച്ചത്.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 390, രണ്ടാം ഇന്നിങ്‌സ് 6 വിക്കറ്റിന് 314 റണ്‍സ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 284 റണ്‍സ്, രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ്.
രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡിന്റെ തീപാറും ബൗളിങാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. മാറ്റ് റെന്‍ഷോ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ എയ്ഡന്‍ മാര്‍ക്രം ആണ് പൊരുതി നിന്ന പ്രോട്ടീസ് ബാറ്റര്‍ താരം 75 റണ്‍സെടുത്തു. ഡേവിഡ് ബഡിങ്ഹാം (46), മാര്‍ക്കോ യാന്‍സന്‍ (35), വിയാന്‍ മള്‍ഡര്‍ (29) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വന്‍ തകര്‍ച്ച നേരിട്ട ഓസ്‌ട്രേലിയയെ ഐതിഹാസിക സെഞ്ച്വറിയുമായി മത്സരത്തിലേക്ക് തിരിച്ചെത്തിച്ച മാറ്റ് റെന്‍ഷോ രണ്ടാം ഇന്നിങ്‌സിലും കിടിലന്‍ ബാറ്റിങുമായി കളം വാണു. രണ്ടാം ഇന്നിങ്‌സിലും ഓസീസ് ടോപ് സ്‌കോറര്‍ റെന്‍ഷോയാണ്. താരം രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടുമെന്നു തോന്നിച്ചെങ്കിലും 82 റണ്‍സില്‍ പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സാണ് റെന്‍ഷോ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് ഒഴികെ, ഇറങ്ങിയ എല്ലാ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരും മികച്ച ബാറ്റിങുമായി കളം വാണു എന്നതും ശ്രദ്ധേയമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates