ഇഷാൻ കിഷൻ source: IndianPremierLeague
Sports

സൂര്യവംശിയുടെ സെഞ്ച്വറി പാഴായി, തിളങ്ങി ഇഷാനും അഭിഷേകും; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അഭിഷേകിനും കിഷനും മുന്നില്‍ ഒന്നുമല്ലാതായി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അഭിഷേകിനും കിഷനും മുന്നില്‍ ഒന്നുമല്ലാതായി. രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ജയം. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറിയോടെ തിളങ്ങി. രാജസ്ഥാന് വേണ്ടി വൈഭവ് 37 പന്തില്‍ നിന്ന് 103 റണ്‍സെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) നഷ്ടമായി. എന്നാല്‍ ഹൈദരാബാദ് പതറിയില്ല. രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. രാജസ്ഥാന്‍ ബൗളര്‍മാരെ ഇരുവരും മാറി മാറി പ്രഹരിച്ചു. സിക്സറുകള്‍ പറപറന്നതോടെ പവര്‍പ്ലേയില്‍ സ്‌കോര്‍ 89 ലെത്തി. പിന്നാലെ അഭിഷേകും കിഷനും ഫിഫ്റ്റി തികച്ചു. അഭിഷേക് 29 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് പുറത്തായി. അതോടെ എസ്ആര്‍എച്ച് പത്തോവറില്‍ 139-2 എന്ന നിലയിലായി.

പിന്നീട് കത്തിക്കയറിയ ഇഷാന്‍ കിഷന്‍ അതിവേഗം സ്‌കോറുയര്‍ത്തി. എന്നാല്‍ ഇഷാനെയും പുറത്താക്കി രാജസ്ഥാന്‍ തിരിച്ചടിച്ചു. 31 പന്തില്‍ 74 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ഒന്നിച്ച ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് പിന്നീട് എസ്ആര്‍എച്ച് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. കരുതലോടെയാണ് ഇരുവരും കളിച്ചത്. 16 ഓവര്‍ അവസാനിക്കുമ്പോള്‍ 193-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചതിന് പിന്നാലെ ഇരുവരും പുറത്തായി. നിതീഷ് കുമാര്‍ 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്തപ്പോള്‍ ക്ലാസന്‍ 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്തു. 18.3 ഓവറില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി.

നേരത്തേ ഐപിഎല്ലില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയ വൈഭവ്, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി സ്വന്തം പേരിലാക്കി. ഹൈദരാബാദിനെതിരായ ഇന്നിങ്സോടെ 1000 ട്വന്റി 20 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമാവുമായി വൈഭവ് മാറി.

തുടക്കം മുതല്‍ സ്ഥിരം ശൈലിയില്‍ അടിച്ചാണ് വൈഭവ് തുടങ്ങിയത്. ആദ്യ ഓവറില്‍ 24 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നാലുസിക്‌സറുകള്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മൈതാനത്ത് വൈഭവിന്റെ വെടിക്കെട്ട് പൂരമായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരെ നിരനിരയായി പറത്തിയ താരം 15 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. ഒമ്പത് ഓവറില്‍ രാജസ്ഥാനെ നൂറുകടത്തിയത് വൈഭവിന്റെ മികവായിരുന്നു.

സാക്കിബ് ഹുസൈന്‍ എറിഞ്ഞ 14-ാം ഓവറിലാണ് വൈഭവിന്റെ സെഞ്ചറി വരുന്നത്. നേരിട്ട ആദ്യ പന്ത് അതിര്‍ത്തി കടത്തിയ ശേഷം അടുത്ത പന്തില്‍ ഫോര്‍. ഓവറിലെ നാലാം പന്തില്‍ സിക്സറോടെയാണ് വൈഭവം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ എല്‍ബിഡബ്ലുവായാണ് വൈഭവ് പുറത്തായത്. ഇന്നിങ്സ് തുടക്കത്തില്‍ വൈഭവിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ഹൈദരാബാദ് നഷ്ടപ്പെടുത്തിയിരുന്നു. വൈഭവിന്റെ ക്യാച്ച് അനികേത് വര്‍മ നഷ്ടപ്പെടുത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 228 റണ്‍സെടുത്തു. വൈഭവിനെ കൂടാതെ ധ്രുവ് ജുറൈല്‍ 37 പന്തില്‍ 51 റണ്‍സ്, ഡോണോവന്‍ ഫെരേര 16 പന്തില്‍ 33 റണ്‍സ് എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

SRH won by 5 wickets against Rajasthan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

'നിയമങ്ങള്‍ കാറ്റില്‍പറത്തി, മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിര്‍മിതം; വന്‍തോതില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചു'

കൈക്കൂലി പണം എലി തിന്നു; ആശ്ചര്യപ്പെട്ട് സുപ്രീംകോടതി

കള്ളനെ പേടിച്ച് ആറു പവന്‍ സ്വര്‍ണം പുസ്തകത്തില്‍ ഒളിപ്പിച്ചു; കുടുംബം ആക്രിക്കടയില്‍, സംഭവം ഇങ്ങനെ

അത്താഴവിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു-ദൃശ്യങ്ങള്‍

SCROLL FOR NEXT