കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 290 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ ഇന്ത്യക്ക് 213 റണ്‍സ് ലീഡ് സ്വന്തമായി. ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള നിര്‍ണായക നീക്കവും ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തെടുത്തു.
മൂന്നാം ദിനമായ ഇന്നലെ ശ്രീലങ്ക 73 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. നാലാം ദിനമായ ഇന്ന് സോനല്‍ ദിനുഷ തുടരെ രണ്ടാം സെഞ്ച്വറിയുമായി കളം വാണു. താരം ഇന്നലെ 85 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 162 പന്തുകള്‍ നേരിട്ട് 8 ഫോറും 3 സിക്‌സും സഹിതം സോനല്‍ ദിനുഷ 103 റണ്‍സുമായി പത്താം വിക്കറ്റായി പുറത്തായതോടെയാണ് ലങ്കന്‍ ഇന്നിങ്‌സിന് തിരശ്ശീല വീണത്. ബ്രില്ല്യന്റ് സെഞ്ച്വറിയാണ് താരം രണ്ടാം ടെസ്റ്റിൽ അടിച്ചെടുത്തത്. ലഹിരു കുമാരയാണ് നാലാം ദിനത്തില്‍ ഒന്‍പതാം വിക്കറ്റായി മടങ്ങിയത്.
അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ താരം സാരാംശ് ജയ്‌നാണ് ഇന്ന് വീണ 2 ശ്രീലങ്കന്‍ വിക്കറ്റുകളും സ്വന്തമാക്കിയത്. മൂന്നാം ദിനത്തില്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവരാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 5 ബൗളര്‍മാരും വിക്കറ്റെടുത്തു എന്ന പ്രത്യേകതയും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബൗളിങിനുണ്ട്.
സ്പിന്നര്‍ മാനവ് സുതര്‍ ഇന്ത്യക്കായി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. പേസര്‍ പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലങ്കന്‍ നിരയ്ക്ക് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിച്ചിരുന്നു. ലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത പസിന്ദു സൂരിയബന്ദാര സെഞ്ച്വറിക്കരികില്‍ (80 റണ്‍സ്) വീണു. കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന താരം മികച്ച ചെറുത്തുനില്‍പ്പാണ് കാഴ്ചവെച്ചത്.
ആദ്യ ഇന്നിങ്സ് 9 വിക്കറ്റിന് 503 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കല്‍ (117), ധ്രുവ് ജുറെല്‍ (115), അര്‍ധ ശതകങ്ങള്‍ കണ്ടെത്തിയ ഋഷഭ് പന്ത് (63), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (50) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates