വയാഡോളിഡ്: 67ാം മിനിറ്റിൽ വല കുലുക്കി സുവാരസ് കിരീടത്തിൽ മുത്തമിടാൻ വിലങ്ങുതടിയായി നിന്ന സമനില പൂട്ട് പൊളിച്ചപ്പോൾ 2014ന് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് ലാ ലീഗ ചാമ്പ്യന്മാരായി. അതിനൊപ്പം തന്നെ വിലകുറച്ച് കണ്ട് ഇറക്കി വിട്ടവർക്ക് സുവാരസിന്റെ മറുപടിയും. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ കരുത്ത് കാണിച്ചായിരുന്നു സിമിയോണിയുടെ സംഘം കിരീടം ഉയർത്തിയത്.
അത്ലറ്റിക്കോ കിരീടം ഉയർത്തിയപ്പോൾ ലോകം കണ്ടത് കണ്ണുനീരടക്കാനാവാതെ ഗ്രൗണ്ടിൽ ഇരിക്കുന്ന സുവാരസിനെ. കണ്ണീരണിഞ്ഞായിരുന്നു സുവാരസ് സീസൺ തുടങ്ങിയതും. സീസൺ അവസാനിക്കുമ്പോൾ കയ്യിൽ കിരീടവും കാലം കഴിഞ്ഞ വയസൻ എന്ന് കുറ്റപ്പെടുത്തിയവരുടെ വായടപ്പിച്ച് അടിച്ചുകൂട്ടിയ 21 ഗോളുകളും.
റയലിന്റെ മത്സര ഫലം എന്തായാലും വയാഡോളിഡിനെതിരെ ജയം പിടിച്ചാൽ കിരീടം ഉറപ്പാണെന്ന് മാഡ്രിഡിന് അറിയാമായിരുന്നു. പക്ഷേ 18ാം മിനിറ്റിൽ തന്നെ പ്ലാനോയുടെ ഗോളിലൂടെ വയാഡോളിഡ് മുൻപിലെത്തി. 57ാം മിനിറ്റിൽ കോറിയയിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. കഴിഞ്ഞ ആഴ്ച ഓസാസുനക്കെതിരെ ഗോൾ നേടി അത്ലറ്റിക്കോയുടെ കിരീട പ്രതീക്ഷയ്ക്ക് ജീവൻ പകർന്ന സുവാരസ് വീണ്ടും അവതരിച്ചു. തന്റെ പുതിയ ടീമിന്റെ കൈകളിലേക്ക് കിരീടം എടുത്തു വെച്ച് കൊടുത്തു. കഴിഞ്ഞ കളിയിൽ ഒസാസുനക്കെതിരെ അവസാന എട്ട് മിനിറ്റിൽ രണ്ട് ഗോൾ അടിച്ച് തിരികെ കയറി അവർ നയം വ്യക്തമാക്കിയിരുന്നു.
17 വർഷത്തിന് ശേഷം ഇത് രണ്ടാമത്തെ വട്ടം മാത്രമാണ് റയൽ, ബാഴ്സ അല്ലാത്തൊരു ടീം ലാ ലീഗ കിരീടം ഉയർത്തുന്നത്. 2014ൽ സിമിയോണക്ക് കീഴിൽ അത്ലറ്റിക്കോ ലാ ലീഗ കിരീടം ഉയർത്തി. ഫെബ്രുവരിയിൽ രണ്ടാം സ്ഥാനക്കാരിൽ നിന്ന് 10 പോയിന്റ് ലീഡ് ഉയർത്തിയ അത്ലറ്റിക്കോയ്ക്ക് പക്ഷേ കടുത്ത വെല്ലുവിളി സീസണിൽ നേരിടേണ്ടി വന്നിരുന്നു. മെയിലേക്ക് എത്തിയപ്പോഴേക്കും ഈ ലീഡ് രണ്ടായി കുറഞ്ഞിരുന്നു. എന്നാൽ ഓസാസുനെതിരായ തകർപ്പൻ തിരിച്ചു വരവും ലീഗിലെ 19ാം സ്ഥാനക്കാർ തുടക്കത്തിലെ സൃഷ്ടിച്ച സമ്മർദവും അതിജീവിച്ച് അത്ലറ്റിക്കോ കിരീടം സ്പാനിഷ് ക്യാപിറ്റലിൽ തന്നെ നിലനിർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates