Gautam Gambhir x
Sports

'തോറ്റപ്പോഴാണോ വിമര്‍ശകരേ കോച്ചിന്റെ കാര്യം ഓര്‍മ വന്നത്'! ഗംഭീറിനെ സംരക്ഷിച്ച് ഗാവസ്‌കര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ പരിശീലകനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമ്പൂര്‍ണമായി അടിയറ വച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാണംകെട്ട് നില്‍ക്കുമ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനു നേര്‍ക്ക് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഗംഭീറിനെ ഇക്കാര്യത്തില്‍ സംരക്ഷിക്കുന്ന നിലപാടുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. തോല്‍വിയില്‍ ഗംഭീറിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നു ഗാവസ്‌കര്‍ പറയുന്നു.

ദീര്‍ഘനാളായി ടെസ്റ്റില്‍ ഇന്ത്യന്‍ സ്വന്തം മണ്ണില്‍ അനിഷേധ്യ ശക്തിയായി നില്‍ക്കുന്ന സംഘമായിരുന്നു. എന്നാല്‍ ഗംഭീര്‍ വന്ന ശേഷം നാട്ടില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോട് 3-0ത്തിനും ഇപ്പോള്‍ പ്രോട്ടീസിനു മുന്നില്‍ 2-0ത്തിനു വൈറ്റ് വാഷ് ചെയ്യേണ്ടി വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് കോച്ചിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തത്.

ടീം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നു ആരാധകര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരത ഇല്ലാത്ത ബാറ്റിങും ഗംഭീറിന്റെ രീതികളും ടെസ്റ്റ് പരിശീലകനെന്ന നിലയില്‍ പരിചയമില്ലായ്മയും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും മുറവിളിയുണ്ട്. അതിനിടെയാണ് ഗാവസ്‌കറിന്റെ വിഭിന്ന സ്വരം.

'അദ്ദേഹം പരിശീലകനാണ്. പരിശീലകനാണ് ടീമിനെ തയ്യാറാക്കുന്നതും. എന്നാല്‍ മൈതാനത്ത് തന്ത്രം നടപ്പിലാക്കേണ്ടത് കളിക്കാരാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ മാത്രം ചാരുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അദ്ദേഹം മികവ് കാണിക്കണമെന്നു പറഞ്ഞു മുറവിളി കൂട്ടുന്നവരോടാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ചാംപ്യന്‍സ് ട്രോഫി നേടി, ഏഷ്യാ കപ്പ് നേടി അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മികവിനെ നിങ്ങള്‍ അഭിനന്ദിച്ചിരുന്നോ. ഇല്ല, അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. തോല്‍വി ഉണ്ടാകുമ്പോള്‍ ഉച്ചത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ വിജയമുണ്ടാകുമ്പോള്‍ അഭിനന്ദിക്കുന്നത് പതിഞ്ഞ ശബ്ദത്തില്‍ മാത്രം നടത്തുന്നത് എന്തുകൊണ്ടാണ്.'

'നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഗംഭീറിനെ പുറത്താക്കണം എന്നാണ്. കോച്ചായി ചുമതലപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ ദീര്‍ഘനാള്‍ കരാര്‍ നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നോ. ഏകദിന, ടി20 പരിശീലക സ്ഥാനത്ത് ആജീവനാന്ത കരാര്‍ നല്‍കണമെന്നു ആവശ്യപ്പെട്ടോ. അതൊന്നുമില്ലല്ലോ. ഇപ്പോള്‍ തോറ്റപ്പോള്‍ മാത്രമാണോ നിങ്ങള്‍ക്ക് ഇങ്ങനെയൊരു കോച്ചുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ വന്നത്.'

ടെസ്റ്റിനു മാത്രമായി മറ്റൊരു പരിശീലകന്‍ എന്ന അഭിപ്രായത്തെ ഗാവസ്‌കര്‍ തള്ളി.

'അതുകൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ല. ഉദാഹരണം ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കെല്ലമാണ്. അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലീഷ് കോച്ചാണ്. ഇംഗ്ലണ്ട് ടീമിന്റെ ഫലങ്ങള്‍ സമ്മിശ്രമല്ലേ. ഒരു ടീമിന്റെ വിജയത്തിലും പരാജയത്തിലും പരിശീലകന്‍ മാത്രമല്ല ഉത്തരവാദി എന്നു തെളിയിക്കുന്നു.'

'ചാംപ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് ജയങ്ങളില്‍ നിങ്ങള്‍ അദ്ദേഹത്തിനു ക്രഡിറ്റ് നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഈയൊരു പരമ്പര കൊണ്ടുതന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്. അതൊന്നു ദയവായി പറഞ്ഞു തരു'- ഗാവസ്‌കര്‍ തുറന്നടിച്ചു.

Following India's Test series loss to South Africa, coach Gautam Gambhir faces criticism. However, former captain Sunil Gavaskar defended Gambhir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

'കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും'... പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

'തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം'; വൈറലായി സന്ദീപിന്റെ ആദ്യ ഷോർട്ട് ഫിലിം, '12 വർഷങ്ങൾക്ക് ശേഷം പറയിപ്പിച്ചെന്ന്' കമന്റുകൾ

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

SCROLL FOR NEXT