കൊല്‍ക്കത്ത: ഇടവേളയ്ക്ക് ശേഷം മത്സര ക്രിക്കറ്റിലേക്ക് ഉജ്ജ്വലമായി തിരിച്ചെത്തി മുന്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മുംബൈ ടീം നായകനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ പോരാട്ടത്തില്‍ ഇറങ്ങിയ സൂര്യ 21 പന്തില്‍ പുറത്താകാതെ അടിച്ചു കൂട്ടിയത് 60 റണ്‍സ്. വെറും 15 പന്തിലാണ് സൂര്യകുമാർ 50ൽ എത്തിയത്.
മത്സരത്തില്‍ മുംബൈ ഹൈദരാബാദിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. 5 സിക്‌സും 6 ഫോറും സഹിതമാണ് സൂര്യയുടെ കിടിലന്‍ ഇന്നിങ്‌സ്. തന്റെ കാലം കഴിഞ്ഞെന്നു വിധിയെഴുതിയവര്‍ക്ക് മുന്നിലാണ് സൂര്യയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 172 റണ്‍സില്‍ എല്ലാവരും പുറത്തായി. മുംബൈ നായകന്റെ കരുത്തില്‍ വെറും 13.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചാണ് വിജയിച്ചത്. ക്യാപ്റ്റന്റെ ചിറകിലേറിയാണ് മുംബൈ അതിവേഗം വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും സൂര്യ തന്നെ.
മുഷീര്‍ ഖാനും മുംബൈക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 24 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഇന്ത്യന്‍ താരം ശിവം ദുബെ 5 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 13 റണ്‍സുമായി ജയത്തില്‍ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു.
ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച നായകനെന്ന പകിട്ടില്‍ നില്‍ക്കെയാണ് സൂര്യ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താകുന്നത്. ഫോം ഔട്ടും ക്യാപ്റ്റന്‍ സ്ഥാനം നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികളില്‍ ആകെ നിരാശയിലായിരുന്നു സൂര്യകുമാര്‍ യാദവ്. പിന്നാലെ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്നും താരം തഴയപ്പെട്ടു. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള മുംബൈ ടീമിനെ നയിക്കാനുള്ള നിയോഗം വീണ്ടും സെലക്ടര്‍മാര്‍ സൂര്യയെ ഏല്‍പ്പിക്കുകയായിരുന്നു. കിട്ടിയ ആദ്യ അവസരം തന്നെ മുന്‍ ഇന്ത്യന്‍ ടി20 നായകന്‍ മുതലാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates