Cricket Scotland x
Sports

അത് സ്‌കോട്‌ലന്‍ഡ് അല്ല! ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിച്ചില്ലെങ്കില്‍ പകരം ഏത് ടീം?

2009ല്‍ സിംബാബ്‌വെ ഇംഗ്ലണ്ടില്‍ കളിക്കാതെ പിന്‍മാറിയപ്പോള്‍ കളിച്ചത് സ്‌കോട്‌ലന്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ നില്‍ക്കുകയാണ്. അതിനിടെ ബംഗ്ലാദേശിനു പകരം സ്‌കോട്‌ലന്‍ഡിനു ലോകകപ്പ് കളിക്കാന്‍ അവസരം ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ ടീം സ്‌കോട്‌ലന്‍ഡായിരിക്കാന്‍ സാധ്യതയില്ലെന്നാണ് ബിബിസി പറയുന്നത്. നിലവില്‍ ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കോട്‌ലന്‍ഡുമായി ഐസിസി ബന്ധപ്പെട്ടിട്ടില്ലെന്നു ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ സമയം വരെ ക്രിക്കറ്റ് സ്‌കോട്‌ലന്‍ഡുമായി ഐസിസി അത്തരമൊരു ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. തിരിച്ച് ക്രിക്കറ്റ് സ്‌കോട്‌ലന്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഐസിസിയെ സമീപിച്ചിട്ടുമില്ല.

2009ല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സിംബാബ്‌വെ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ടി20 ലോകകപ്പ് കളിക്കാതെ പിന്‍മാറിയിരുന്നു. ആ സമയത്ത് പകരം ടീമായി എത്തിച്ചത് സ്‌കോട്‌ലന്‍ഡിനെയാണ്. സമാന സാഹചര്യമാണ് നിലവില്‍ ബംഗ്ലാദേശിന്റെ കാര്യത്തിലുമുള്ളത്.

ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടില്‍ കടുംപിടിത്തവുമായി തൂങ്ങി നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞ ദിവസം ഐസിസി അന്ത്യശാസനം നല്‍കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ പറ്റുമെങ്കില്‍ കളിച്ചാല്‍ മതിയെന്നും കളിക്കുന്നില്ലെങ്കില്‍ റാങ്കിങില്‍ താഴെയുള്ള ഒരു ടീമിനു അവസരം നല്‍കുമെന്നാണ് ഐസിസിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ കളിക്കുമോ ഇല്ലയോ എന്നു ഈ മാസം 21 ബുധനാഴ്ച മറുപടി പറയണമെന്നു ഐസിസി ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി നേരത്തെ ഈ ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു കത്തയച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ നിലപാടെടുത്തത്. എന്നാല്‍ ഐസിസി അതിനൊന്നും വഴങ്ങില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ്.

ഇന്ത്യയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ ഗ്രൂപ്പ് മാറ്റമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബംഗ്ലാ ബോര്‍ഡ് വച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഐസിസി പരിഗണിച്ചില്ലെന്നാണ് വിവരം. കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍ ഐസിസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ബംഗ്ലാദേശ് ഗ്രൂപ്പ് മാറ്റം ആവശ്യപ്പെട്ടത്. ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു.

ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വിഷയങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. അതിനിടെ ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധവും വഷളായി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.

ICC has not held any talks with Cricket Scotland about possibly replacing Bangladesh cricket in the T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

ഇരട്ടക്കുട്ടികളാണോ? ഇരട്ടി കെയർ വേണം, വെല്ലുവിളികളെ എങ്ങനെ നേരിടാം

ആശുപത്രികളില്‍ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അഴിമതി കേസ്: സിബിഐയുടെ മുന്‍കൂര്‍ അനുമതി വേണ്ട, സംസ്ഥാന പൊലീസിന് അന്വേഷിക്കാം

ഗ്രീന്‍ലന്‍ഡില്‍ യുഎസ് പതാകയേന്തി ട്രംപ്, കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും പുതിയ ഭൂപടത്തില്‍

SCROLL FOR NEXT