ന്യൂഡല്‍ഹി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍. പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായ വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനു പരാജയപ്പെടുത്തി ഇന്ത്യ അനായാസ വിജയം പിടിച്ചിരുന്നു. പരമ്പരയില്‍ 1-0ത്തിനു മുന്നിലുള്ള ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നോട്ടു കയറാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 9.30 മുതലാണ് പോരാട്ടം ആരംഭിക്കുന്നത്
തുടക്കത്തില്‍ ബാറ്റിങിനും അവസാന ദിവസങ്ങളില്‍ സ്പിന്നിനെ അനുകൂലിക്കുന്നതുമാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച്. ഇന്ത്യ ബാറ്റിങിലും ബൗളിങിലും കരുത്തരായി നില്‍ക്കുമ്പോള്‍ രണ്ടാം ടെസ്റ്റില്‍ എത്രത്തോളം ചെറുത്തു നില്‍പ്പ് സാധ്യമാകുമെന്ന കണക്കുകൂട്ടലായിരിക്കും കരീബിയന്‍ സംഘത്തിന്.
സായ് സുദര്‍ശന് നിര്‍ണായകം
ആദ്യ ടെസ്റ്റിലെ ഫോം തുടരാനാണ് ഗില്ലും സംഘവും ഇറങ്ങുന്നത്. രണ്ടിന്നിങ്‌സിലുമായി 90 ഓവര്‍ തികച്ചു ബാറ്റ് ചെയ്യാന്‍ പോലും വിന്‍ഡീസിനെ അനുവദിക്കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ടെസ്റ്റില്‍ പന്തെറിഞ്ഞത്. ബാറ്റിങില്‍ കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയും നേടി ഇന്ത്യക്ക് മികച്ച ടോട്ടലും സമ്മാനിച്ചിരുന്നു.
ആദ്യ ടെസ്റ്റില്‍ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സായ് സുദര്‍ശന് ഈ മത്സരം നിര്‍ണായകമാണ്. ആദ്യ ടെസ്റ്റില്‍ അമ്പേ പരാജയപ്പെട്ട തമിഴ്‌നാട് താരത്തിനു ഇന്ന് ബാറ്റിങില്‍ മികവ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിലെ സ്ഥാനം പരുങ്ങലിലാകും. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അവസരം കാത്ത് ബഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. താരം മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.
ബൗളര്‍മാര്‍ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. അങ്ങനെ തീരുമാനിച്ചാല്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു അവസരം കിട്ടും. രവീന്ദ്ര ജഡേജ, നിധീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍ എന്നീ മൂന്ന് ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ഇന്ത്യയുടെ മറ്റൊരു അധിക കരുത്ത്. അക്ഷര്‍ പട്ടേല്‍ അടക്കമുള്ളവര്‍ അവസരത്തിനായി ബഞ്ചിലുമുണ്ട്.
ജയം മോഹിച്ച് വിന്‍ഡീസ്
പരിചയസമ്പത്തിലാത്ത സംഘമാണ് വിന്‍ഡീസിനു. പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതിനിടെയാണ് വിന്‍ഡീസ് ഇന്ത്യയിലെത്തിയത്. നിലവിലെ ഇന്ത്യന്‍ ടീമിനെതിരെ സമനില പിടിക്കാന്‍ പോലും സാധിച്ചാല്‍ അവര്‍ക്ക് നേട്ടമാണ്.
ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ്, ഷായ് ഹോപ്, അലിക് ആഥന്‍സ്, ജോണ്‍ കാംബെല്‍ എന്നിവരുടെ ബാറ്റിങ് ഫോമാണ് അവരുടെ ഗതി നിര്‍ണയിക്കുക. ബൗളിങില്‍ ജോമല്‍ വാറിക്കന്‍, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ മികവോടെ പന്തെറിഞ്ഞാല്‍ ഇന്ത്യയെ തളയ്ക്കാമെന്ന പ്രതീക്ഷയും അവര്‍ പുലര്‍ത്തുന്നു.
ചരിത്രം
ഡല്‍ഹി പിച്ചില്‍ ഇന്ത്യ 1987നു ശേഷം ഒരു ടെസ്റ്റും തോറ്റിട്ടില്ല. ഇവിടെ കളിച്ച 24 ടെസ്റ്റുകളില്‍ 12 ജയവും അത്ര തന്നെ സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ആദ്യ മൂന്ന് ദിവസം ബാറ്റര്‍മാരെ കൈയയച്ചു സഹായിക്കുന്ന പിച്ച് അവസാന രണ്ട് ദിനങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates