ഐപിഎൽ സീസൺ തുടങ്ങാൻ ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ പുതിയ പരിഷ്കരണങ്ങളുമായി ബിസിസിഐ. ടോസ് കഴിഞ്ഞ് ബാറ്റിങ്ങാണോ ബൗളിങ്ങാണോ എന്നറിഞ്ഞതിന് ശേഷം ടീം നിശ്ചയിക്കാം എന്നതാണ് പ്രധാന മാറ്റം. നേരത്തെ ടോസിനു മുൻപ് ടീം പട്ടിക കൈമാറണമായിരുന്നെങ്കിൽ ഇനിമുതൽ ടോസിനു ശേഷം മാത്രം ക്യാപ്റ്റന്മാർ 11 അംഗ ടീമിനെ പ്രഖ്യാപിച്ചാൽ മതി. ടോസിന്റെ ആനുകൂല്യം മനസ്സിലാക്കി ടീമിനെ പ്രഖ്യാപിക്കാൻ ഇത് സഹായിക്കും.
ഈ സീസൺ മുതൽ പ്ലേയിങ് ഇലവനും അഞ്ച് പകരക്കാരും ഉൾപ്പെടുന്ന ടീം പട്ടിക ടോസിനു ശേഷമാണ് മാച്ച് റഫറിക്കു കൈമാറേണ്ടത്. മുൻപ് ടോസിനു ശേഷം ടീമിൽ മാറ്റം വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതിയോടെ മാത്രമേ ഇത് സാധ്യമായിരുന്നുള്ളു.
ഇതിനുപുറമേ മറ്റുചില മാറ്റങ്ങളും ഐപിഎല്ലിൽ ഇക്കുറിയുണ്ട്. ബാറ്റർ പന്ത് നേരിടുന്നതിനു മുൻപ് വിക്കറ്റ്കീപ്പർ സ്ഥാനം മാറിയെന്ന് അംപയറുമാർക്കു തോന്നിയാൽ പെനൽറ്റി വിധിക്കാം. ഡെഡ് ബോൾ പ്രഖ്യാപിച്ച ശേഷം അഞ്ച് റൺസ് വരെ ഇങ്ങനെ പെനൽറ്റി വിധിക്കാനാകും. ഇക്കാര്യം ഫീൽഡിങ് ടീം ക്യാപ്റ്റനെയും ബാറ്റർമാരെയും അംപയർ അറിയിക്കണം. ബാറ്റർ പന്ത് നേരിടുന്നതിനു മുൻപ് ഫീൽഡർമാർ സ്ഥാനം മാറിയാലും ഇതുപോലെ പെനൽറ്റി വിധിക്കാം.
കുറഞ്ഞ ഓവർ നിരക്കിന് ഇനിമുതൽ കളിക്കളത്തിൽ തന്നെയായിരിക്കും പെനൽറ്റി എന്നതാണ് മറ്റൊരു മാറ്റം. നിശ്ചിത സമയത്ത് ഓവർ പൂർത്തിയായില്ലെങ്കിൽ വൈകിയുള്ള ഓരോ ഓവറുകളിലും ഔട്ടർ സർക്കിളിനു പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎലിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates