പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു

അവസാന മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി
ജഡേജയും ഹാര്‍ദികും ക്രീസില്‍, image credit: BCCI
ജഡേജയും ഹാര്‍ദികും ക്രീസില്‍, image credit: BCCI

ചെന്നൈ: അവസാന മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി . 270 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 248 റണ്‍സിന് പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു ജയവുമായാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ടുമത്സരങ്ങളില്‍ ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു. 

വിരാട് കോഹ് ലിയാണ് ടോപ് സ്‌കോറര്‍. 54 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യയും ജഡേജയും ക്രീസില്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യയ്ക്ക്് വിജയപ്രതീക്ഷ തോന്നിയെങ്കിലും അത് യാഥാര്‍ഥ്യമായില്ല. ഹാര്‍ദിക് പാണ്ഡ്യ 40 റണ്‍സും ജഡേജ 18 റണ്‍സുമാണ് നേടിയത്.

നേരത്തെ 49 ഓവറില്‍ ഓസ്ട്രേലിയ 269 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയന്‍ നിരയില്‍ ടോപ്സ്‌കോറര്‍. 47 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ഇരുവരും അനായാസം നേരിട്ടു. ആദ്യ പത്തോവറില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ആദ്യ സ്‌പെല്‍ ചെയ്ത മുഹമ്മദ് ഷമിയ്ക്കും മുഹമ്മദ് സിറാജിനും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ 11-ാം ഓവര്‍ ചെയ്യാനെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.

11-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹെഡിനെ മടക്കി ഹാര്‍ദിക് ഓസീസിന്റെ ആദ്യ വിക്കറ്റെടുത്തു. 31 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഹെഡ് കുല്‍ദീപ് യാദവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അതേ ഓവറില്‍ ഹെഡിനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ശുഭ്മാന്‍ ഗില്‍ പാഴാക്കിയിരുന്നു. മിച്ചല്‍ മാര്‍ഷിനൊപ്പം ആദ്യ വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഹെഡ് ക്രീസ് വിട്ടത്. എന്നാല്‍ ഹെഡിന് പകരം വന്ന സ്റ്റീവ് സമിത്തിന് പിടിച്ചുനില്‍ക്കാനായില്ല. അക്കൗണ്ട് തുറക്കുംമുന്‍പ് സ്മിത്തിനെ ഹാര്‍ദിക് മടക്കി. പിന്നാലെ വാര്‍ണര്‍ ക്രീസിലെത്തി. വാര്‍ണറെ കൂട്ടുപിടിച്ച് മിച്ചല്‍ മാര്‍ഷ് ഓസീസിനെ നയിച്ചെങ്കിലും ഹാര്‍ദിക് വീണ്ടും കൊടുങ്കാറ്റായി. തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരുന്ന മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് പിഴുത് ഹാര്‍ദിക് ഓസീസിന് കനത്ത തിരിച്ചടി സമ്മാനിച്ചു. 

വാര്‍ണറും മാര്‍നസ് ലബൂഷെയ്‌നും ചേര്‍ന്ന് ശ്രദ്ധയോടെ ബാറ്റുവീശി. 20-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടും അധികനേരം നീണ്ടുനിന്നില്ല. ഡേവിഡ് വാര്‍ണറെ മടക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. കുല്‍ദീപിന്റെ പന്തില്‍ ലബൂഷെയ്ന്‍ ഉയര്‍ത്തിയടിച്ച പന്ത് ശുഭ്മാന്‍ ഗില്‍ കൈയ്യിലൊതുക്കി. ഇതോടെ ഓസീസ് 138 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ലബൂഷെയ്‌നിന് പകരം വന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് ക്യാരി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

അക്സറിനെ ആക്രമിക്കാന്‍ ശ്രമിച്ച സ്റ്റോയിനിസ് ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങി. 26 പന്തില്‍ 25 റണ്‍സാണ് താരം നേടിയത്. ക്യാരിയ്‌ക്കൊപ്പം 58 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സ്റ്റോയിനിസ് ക്രീസ് വിട്ടത്. സ്റ്റോയിനിസിന് പിന്നാലെ ക്യാരിയും മടങ്ങി. 46 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ക്യാരിയെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഓസീസ് 203 ന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

എട്ടാം വിക്കറ്റില്‍ ഒന്നിച്ച സീന്‍ അബോട്ടും ആഷ്ടന്‍ ആഗറും  ടീം സ്‌കോര്‍ 240 കടത്തി. എന്നാല്‍ അബോട്ടിനെ മടക്കി അക്സറും ആഗറെ മടക്കി സിറാജും തിരിച്ചടിച്ചു. അബോട്ട് 26 റണ്‍സും ആഗര്‍ 17 റണ്‍സും നേടി പുറത്തായി. ഇതോടെ ഓസ്‌ട്രേലിയ 247 ന് ഒന്‍പത് വിക്കറ്റ് എന്ന നിലയിലായി. 46.2 ഓവറില്‍ ഓസ്‌ട്രേലിയ 250 കടന്നു. വാലറ്റത്ത് സ്റ്റാര്‍ക്കും സാംപയും പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് കുതിച്ചു. അവസാന വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. ഒടുവില്‍ 49-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റാര്‍ക്കിനെ ജഡേജയുടെ കൈയ്യിലെത്തിച്ച് സിറാജ് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com