ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 237 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് ലീഡ് സ്വന്തമാക്കിയത്. 26 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ നേടിയത്.
ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലീഷ് ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. പൊന്നും വിലയുള്ള 80 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ട് നിരയില്‍ 35 റണ്‍സിനു മുകളില്‍ റണ്‍സെടുത്ത ഏക താരവും സ്റ്റോക്‌സ് തന്നെ. പത്താം വിക്കറ്റയാണ് സ്റ്റോക്‌സ് കീഴടങ്ങിയത്. ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 108 പന്തിലാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി.
ഒന്‍പതാമനായി ക്രീസിലെത്തിയ മാര്‍ക് വുഡിന്റെ മിന്നലടിയും ഇംഗ്ലീഷ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. താരം വെറും എട്ട് പന്തുകള്‍ നേരിട്ട് അടിച്ചെടുത്തത് 24 റണ്‍സ്. മൂന്ന് സിക്‌സും ഒരു ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. താരാത്തെ കമ്മിന്‍സാണ് പുറത്താക്കിയത്.
സ്റ്റോക്‌സിന്റെ 80 റണ്‍സിനു മറുപടി ഓസീസ് ക്യാപ്റ്റന്റെ വക തന്നെയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ തീ തുപ്പിയ പന്തുകളാണ് ഇംഗ്ലണ്ടിനെ ഉലച്ചു കളഞ്ഞത്. താരം ആറ് നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും മിച്ചല്‍ മാര്‍ഷ്, ടോഡ് മര്‍ഫി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ നാലാം വിക്കറ്റും ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നീട് സ്റ്റോക്സും മൊയീന്‍ അലിയും ചേര്‍ന്നു ഇന്നിങ്സ് നേരെയാക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ അലിയേയും മടക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇംഗ്ലീഷ് പ്രതീക്ഷകളെ വീണ്ടും പിന്നോട്ടടിച്ചു.
ഓപ്പണര്‍ സാക് ക്രൗളി (33), സഹ ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് (രണ്ട്), ഹാരി ബ്രൂക് (മൂന്ന്), ജോ റൂട്ട് (19), ജോണി ബെയര്‍സ്റ്റോ (12), മൊയീന്‍ അലി (21), ്ക്രിസ് വോക്സ് (10), സ്റ്റുവര്‍ട്ട് ബ്രോഡ് (ഏഴ്) എന്നിവരാണ് പുറത്തായത്. ഒല്ലി റോബിന്‍സന്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ തകര്‍ന്നു പോയ ഓസ്ട്രേലിയയെ ഈ ആഷസ് പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ മിച്ചല്‍ മാര്‍ഷ് രക്ഷിച്ചെടുക്കുകയായിരുന്നു. താരത്തിന്റെ അതിവേഗ സെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്സിനു മാന്യത നല്‍കിയത്. ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ താരം ടീമിനെ രക്ഷിച്ചെടുത്തു.
118 പന്തില്‍ 118 റണ്‍സാണ് മാര്‍ഷ് നേടിയത്. 17 ഫോറും നാല് സിക്സും സഹിതമായിരുന്നു ഇന്നിങ്സ്. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയാണ് മാര്‍ഷ് അടിച്ചെടുത്തത്.
39 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. ലബുഷെയ്ന്‍ 21 റണ്‍സും സ്റ്റീവ് സ്മിത്ത് 22 റണ്‍സും കണ്ടെത്തി. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്സ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates