(Temba Bavuma) x
Sports

'മാറ്റി നിര്‍ത്തിയാല്‍ തോല്‍ക്കില്ല, നിഷ്‌കളങ്കരേ ഈ മനുഷ്യനിലെ ക്രിക്കറ്റ്! സിംഹ വീര്യത്തിന്റെ പേര് കൂടിയാണ് ടെംബ ബവുമ'

നോക്കൂ... ചരിത്രം എത്ര മനോഹരമായാണ് പകരം ചോദിക്കുന്നത്

രഞ്ജിത്ത് കാർത്തിക

'വിവേചനകളും ഭിന്നതകളും മാറ്റി വയ്ക്കാം. ഈ ലോക കിരീടം നമുക്ക് ഒന്നായി ആഘോഷിക്കാം'- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമായ 'മെയ്‌സ്' (ഗദ) കൈയിലേന്തി ടെംബ ബവുമ (Temba Bavuma) എന്ന കുഞ്ഞു മനുഷ്യന്‍ തന്റെ രാജ്യത്തോടു പറഞ്ഞു.

അയാള്‍ക്ക് അങ്ങനെ പറയാനേ സാധിക്കു...

ഐസിസിയുടെ ലോക പോരാട്ടങ്ങളിലേക്ക് വന്‍ പ്രതീക്ഷകളോടെ വന്നു ക്വാര്‍ട്ടറിലും സെമിയിലും ഫൈനിലലുമൊക്കെ തോറ്റ് തോറ്റ് നിസംഗരായി നിന്ന ഒരു കൂട്ടം ക്രിക്കറ്റ് താരങ്ങളുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. വര്‍ണ വിവേചനങ്ങളുടെ കയ്പു നിറഞ്ഞ ഒരാധ്യയമുണ്ട് അവരുടെ ക്രിക്കറ്റിന്.

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ ചരിത്രത്തിലാദ്യമായി ഒരു ലോക ചാംപ്യന്‍ പട്ടം സ്വന്തമാക്കുമ്പോള്‍, അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ ഐസിസി ട്രോഫി നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ജന്മ മണ്ണും വിഖ്യാത മൈതാനവുമായ ലോര്‍ഡ്‌സില്‍ അനിവാര്യമായ കാവ്യനീതി നീണ്ട ഇടവേളയ്ക്ക് ശേഷം സാക്ഷാത്കരിക്കപ്പെട്ടു.

1998ലാണ് ദക്ഷിണാഫ്രിക്ക അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഐസിസി ട്രോഫി സ്വന്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലില്‍ വീഴ്ത്തി അവരുടെ നായകന്‍ ഹാന്‍സി ക്രോണ്യെ 1998ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തുമ്പോള്‍ ആ സംഘത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ താരമുണ്ടായിരുന്നു. മഖായ എന്‍ടിനി കടന്നു വരുന്നതുവരെ ദക്ഷിണാഫ്രിക്ക ടീം വെള്ളക്കാരുടെ മാത്രം ക്രിക്കറ്റ് സംഘമായിരുന്നു.

21ാം നൂറ്റാണ്ടിലേക്ക് കടന്ന്, 2025ല്‍ ലോക മനുഷ്യര്‍ എത്തി നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഒരു കറുത്ത വര്‍ഗക്കാരനാണ്. ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപിലുള്ള ലംഗയില്‍ നിന്നു വന്ന ടെംബ ബവുമ. അവരുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റനാണ് അയാള്‍. ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ലോക ചാംപ്യന്‍ പട്ടം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനും ബവുമ തന്നെ! നോക്കൂ... ചരിത്രം എത്ര മനോഹരമായാണ് പകരം ചോദിക്കുന്നത്.

അയാളുടെ ക്രിക്കറ്റ് ജീവിതം അമ്പരപ്പിക്കുന്നതാണ്. സംവരണത്തിലൂടെ ടീമിലെത്തിയവനെന്ന ആക്ഷേപം പല തവണ കേട്ടിട്ടുണ്ട് ബവുമ. വലിപ്പ കുറവിന്റെ പേരിലടക്കം വിവേചനങ്ങളുടെ നീണ്ട കഥകളുണ്ട് അയാളുടെ ക്രിക്കറ്റില്‍. ടീമിനുള്ളില്‍ നിന്നു പോലും വിവേചനം നേരിട്ട മനുഷ്യന്‍.

ലോക ക്രിക്കറ്റില്‍ ഇത്രയും ശാന്തനായ ഒരു ക്യാപ്റ്റനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. സമചിത്തനായി എത്ര ആത്മവിശ്വാസത്തോടെയും കരുത്തോടെയുമാണ് അയാള്‍ ടീമിനെ നയിച്ചത് എന്നു നോക്കുക.

ഓസ്‌ട്രേലിയക്കെതിരെ 138 റണ്‍സിന് ടീം ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായപ്പോള്‍ 84 പന്തില്‍ 36 റണ്‍സായിരുന്നു അയാളുടെ സംഭാവന. ടീമിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സ് ലീഡ് വഴങ്ങി ഓസീസിനെ പോലൊരു ടീമിനെതിരെ ഫൈനല്‍ പോരാട്ടത്തില്‍ ഇത്രയും ദയനീയ സ്‌കോറില്‍ ടീം വീണു പോയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 282 റണ്‍സ് വിജയ ലക്ഷ്യം വച്ചപ്പോഴും ബവുമ പതറിയില്ല. സിംഹക്കരുത്തോടെ അയാള്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ജയിച്ചു. ലോക ചാംപ്യനുമായി!

ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ പുറത്തായ എയ്ഡന്‍ മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ ക്ലാസ് സെഞ്ച്വറിയുമായി ടീമിന്റെ ജയത്തില്‍ നെടും തൂണായതിനു പിന്നില്‍ ബവുമ കൂടിയുണ്ട്. അതുവരെ ആക്രമിച്ചു കളിച്ച മാര്‍ക്രം പിന്നീട് കടുത്ത ഏകാഗ്രാതയില്‍ അതിമനോഹരമായൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കുമ്പോള്‍ മറുഭാഗത്ത് ബവുമയുടെ ധ്യാന സാന്നിധ്യമുണ്ടായിരുന്നു.

134 പന്തുകള്‍ ചെറുത്ത് ബവുമ നേടിയ 66 റണ്‍സ് മാര്‍ക്രത്തിനു നല്‍കിയ ആത്മവിശ്വാസം എത്രയുണ്ടാകുമെന്നു ചിന്തിച്ചാലറിയാം. സ്വന്തം സ്‌കോര്‍ 6 റണ്‍സിലെത്തിയപ്പോള്‍ ബവുമ പേശീവലിവിനെ തുടര്‍ന്നു കഷ്ടത അനുഭവിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ സംഘം പല വട്ടം ഗ്രൗണ്ടിലേക്ക് ഓടിയെത്തി. അയാള്‍ പല തവണ മൈതാനത്ത് വീണു കിടന്നു. റണ്‍സിനായി മുടന്തി മുടന്തി ഓടി. പക്ഷേ ഒരു തടസങ്ങള്‍ക്കും അയാളുടെ ഇച്ഛാശക്തിയുടെ ഏഴയലത്തെത്താന്‍ സാധിച്ചില്ല. ബവുമ ഔട്ടായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ലോര്‍ഡ്‌സ് മൈതനത്തെ ഓരോ പുല്‍കൊടി വരെ എഴുന്നേറ്റ് നിന്നു അയാളുടെ ഒടുങ്ങാത്ത പോരാട്ട വീറിനെ നമിച്ചു.

Temba Bavuma, Aiden Markram

സെഞ്ച്വറി നേടിയ ശേഷം മാര്‍ക്രം ബവുമയെ ലോര്‍ഡ്‌സിലെ പിച്ചില്‍ കെട്ടിപ്പിടിക്കുന്ന ചിത്രമുണ്ട്. കാലവും മനുഷ്യരും മനോഹരമായ കവിത കൂടിയാണെന്നു ആ ചിത്രം നമ്മെ ബോധ്യപ്പെടുത്തും!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT