ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യന്‍ കൗമാരപ്പട. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്തു. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലിന്റെ റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന ടോട്ടലും ഇതുതന്നെയാണ്.
വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയും ക്യാപ്റ്റന്‍ ആയുഷ് മാത്രെ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ തൊട്ടത്. സ്‌കോര്‍ 20ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് വൈഭവ് സൂര്യവംശി അമ്പരപ്പിക്കുന്ന വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 50 റണ്‍സും 55 പന്തില്‍ 100 റണ്‍സും കണ്ടെത്തി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്സും സഹിതം താരം 100 റണ്‍സിലെത്തി. പിന്നീട് ടോപ് ഗിയറിലായ താരം 80 പന്തുകള്‍ നേരിട്ട് 15 വീതം സിക്സും ഫോറും തൂക്കി 175 റണ്‍സുമായി കൂടാരം കയറി.
സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു.
അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്സും സഹിതം 53 റണ്‍സ് കണ്ടെത്തി.
ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 400 കടത്തി.
ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ 3 വിക്കറ്റുകള്‍ വീഴ്ത്തി. അലക്‌സ് ഗ്രീന്‍, സെബാസ്റ്റിയന്‍ മോര്‍ഗന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. മാന്നി ലംസ്ഡന്‍ ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates