ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി.
മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതിനൊപ്പം താരം ഒരു റെക്കോർഡും സ്വന്തം പേരിലാക്കി. പുരുഷ ടി20 ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുൻപ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും കൗമാര വിസ്മയം സ്വന്തം പേരിലാക്കി.
സിംബാബ്‍വെയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ വെറും 19 പന്തുകളില്‍ നിന്ന് അര്‍ധ ശതകം നേടിയ വൈഭവ്, പുരുഷ ടി20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നേരത്തെ മാറിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നു 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും 151 റണ്‍സാണ് താരം നേടിയത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യമായ തിളങ്ങാനാവാതെ വരികയും 14 ശരാശരിയില്‍ 42 റണ്‍സ് മാത്രം നേടുകയും ചെയ്ത വൈഭവിന് ഈ പരമ്പര മികച്ചൊരു തിരിച്ചുവരവായി മാറി. ഇംഗ്ലണ്ടിലെ നിരാശയ്ക്ക് ശേഷമാണ് താരം സിംബാബ്‍വെയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഈ വര്‍ഷം തുടക്കത്തില്‍ ഹരാരെയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും താരം തിളങ്ങിയിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച വൈഭവ്, ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഹരാരെയിലെ ഈ മുന്‍പരിചയവും ആത്മവിശ്വാസവുമാണ് സീനിയര്‍ ടീമിനായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു തുണയായത്.
'ഇതൊരു സ്വപ്നതുല്യമായ നിമിഷമാണ്. എന്റെ ആദ്യ മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങളാണിത്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മൂന്ന് മത്സരങ്ങളിലും ടീമിന് നല്ല തുടക്കം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. തുടക്കം ലഭിച്ചാല്‍ അത് വലിയ ഇന്നിങ്‌സ് ആക്കി മാറ്റാനായിരുന്നു എന്റെ ലക്ഷ്യം. ക്യാപ്റ്റന്റെയും പരിശീലകരുടേയും മറ്റ് ടീം അംഗങ്ങളുടെയും പൂര്‍ണ പിന്തുണ എനിക്ക് ലഭിച്ചു. ഹരാരെയില്‍ കളിക്കാന്‍ എനിക്ക് പ്രത്യേക താത്പ്പര്യവുമുണ്ടായിരുന്നു'- വൈഭവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates