മുംബൈ: ഇന്ത്യയുടെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീലങ്കൻ താരത്തിനെ പിടിച്ചു തള്ളിയതടക്കമുള്ള മോശം പെരുമാറ്റമാണ് വൈഭവിനു വിനയായി നിൽക്കുന്നത്. സംഭവത്തില്‍ ബിസിസിഐ അച്ചടക്ക സമിതി ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കളിയിലെ സ്പിരിറ്റിന് നിരക്കാത്ത വിധം അങ്ങേയറ്റം മോശം ഭാഷ ഉപയോഗിച്ചതിനും അഗ്രസീവ് ആയി പെരുമാറിയതിനും മാച്ച് റഫറി വൈഭവിനെതിരെ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബിസിസിഐ അച്ചടക്ക വാളോങ്ങി രംഗത്തെത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലും ഉള്‍പ്പെടെ 15 വയസ് പ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് വൈഭവ് സൂര്യവംശി. താരത്തിനെ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൈതാനത്തെ ഇത്തരം മോശം പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ബിസിസിഐ. വിലക്കുൾപ്പെടെയുള്ള കടുത്ത ശിക്ഷ തന്നെ താരത്തിനു ലഭിച്ചേക്കുമെന്നാണ് വിവരം.
താരത്തിന് വരാനിരിക്കുന്ന ചില ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ കരിയറിന്റെ തുടക്കത്തില്‍ തന്നെയുള്ള ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പും ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നല്‍കിയേക്കും. ബിസിസിഐയുടെ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകും.
സൂപ്പർ ഓവർ വരെ നീണ്ട ശ്രീലങ്ക എ ടീമിനെതിരായ പോരാട്ടത്തിനു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ ടീം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ വൈഭവും ശ്രീലങ്കൻ താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും പിടിച്ചു മാറ്റിയത്.
ശ്രീലങ്കൻ താരമായ വിഷൻ ഹലംബാഗെയുടെ ഇടപെടലുകളാണ് വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. ‘കളി കഴിഞ്ഞു, വീട്ടിൽ പോകൂ’ തുടങ്ങിയ പരാമർശങ്ങൾ ലങ്കൻ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും അതിനെ തുടർന്നാണ് വൈഭവ് പ്രകോപിതനായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates