മുംബൈ: 15ാം വയസിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വണ്ടർ കിഡ‍് വൈഭവ് സൂര്യവംശിക്ക് കന്നി ഇന്ത്യൻ ജേഴ്സി കൈമാറി ബിസിസിഐ. ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് താരം ഇന്ത്യൻ ടി20 ടീമിലേക്ക് വരുന്നത്. വൈഭവ് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ജേഴ്സി അണിയുന്നതിന്റെ വിഡിയോ ബിസിസിഐ എക്സിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷത്തിൽ താരം വികാരാധീനനാകുന്നത് ദൃശ്യങ്ങളിൽ കാണാം.
ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കന്നി ജേഴ്സി ബിസിസിഐ താരത്തിനു കൈമാറിയത്. ടീമിന്‍റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യൻ ജേഴ്‌സി കൈമാറിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിങും കരിയറിന്‍റെ ഭൂരിഭാഗം സമയത്തും ധരിച്ച മൂന്നാം നമ്പർ ജേഴ്‌സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്. ആദ്യമായി ഇന്ത്യൻ ജേഴ്‌സി കൈകളിൽ കിട്ടിയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വിഡിയോയിൽ താരം മനസ് തുറക്കുന്നുമുണ്ട്.
'എന്റെ വികാരം വാക്കുകളാൽ വിവരിക്കാൻ കഴിയുന്നതല്ല. ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ഒന്നാം ദിവസം മുതൽ ഞാൻ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഈയൊരു നിമിഷത്തിനു വേണ്ടി മാത്രമാണ്. ഇന്ന് ആ സ്വപ്നം സഫലമായിരിക്കുന്നു. ഹോട്ടൽ മുറിയിലേക്ക് ഈ ജേഴ്‌സി എത്തിയപ്പോൾ എങ്ങിനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഇരിക്കുന്നത്. ആ ടീ ഷർട്ട് കണ്ട നിമിഷം മുതൽ എന്‍റെ മുഖത്തെ ചിരി മാറിയിട്ടില്ല'- വൈഭവ് വ്യക്തമാക്കി.
അയർലൻഡിനെതിരായ പോരാട്ടത്തിൽ താരം പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്ലെയിങ് ഇലവനിലേക്ക് വരിക എന്നത് വൈഭവിനെ സംബന്ധിച്ച് എളുപ്പമല്ല. ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് നിലവിൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുമായി വൈഭവ് മത്സരിക്കേണ്ട സ്ഥിതിയാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates