മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേഗത്തിലാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. അതിനിടെയാണ് ആഴ്സണൽ സൂപ്പർ വിങറെ ടീമിലെത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നത്. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ തന്നെ നേരിട്ട് ഈ നീക്കത്തിനു മുന്നിൽ നിൽക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനു ആർട്ടേറ്റ പേഴ്സണൽ സന്ദേശം അയച്ചതായും സൂചനയുണ്ട്.
8 വർഷമായി റയലിന്റെ നിർണായക താരമാണ് വിനീഷ്യസ്. ടീമിനൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളും വിനീഷ്യസ് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡുമായുള്ള 26കാരന്റെ കരാർ അവസാന വർഷത്തിലാണ്. ഇതോടെയാണ് താരം ക്ലബ് വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. സൂപ്പർ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ റയലിനു താത്പര്യമില്ല.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിനീഷ്യസ് റയൽ വിടുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. ഇതോടെയാണ് ആഴ്സണൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. താരം മുന്നോട്ടു വച്ച വ്യവസ്ഥകളിൽ തട്ടിയാണ് ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. സൂപ്പർ താരത്തെ വിട്ടുകൊടുക്കാൻ റയലിനു താത്പര്യമില്ല. ടീം വിടാൻ വിനീഷ്യസും ആഗ്രഹിക്കുന്നില്ല. എന്നാൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നുമുണ്ട്.
അനിശ്ചിതത്വം
കരാർ പുതുക്കുക, അല്ലെങ്കിൽ ഈ സമ്മർ വിൻഡോയിൽ തന്നെ ക്ലബ് വിടുക എന്നീ രണ്ട് വഴികളാണ് നിലവിൽ താരത്തിന് മുന്നിലുള്ളത്. ടീമിലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നൽകുന്നതിനേക്കാൾ 10 മില്യൺ യൂറോയിലധികം കുറഞ്ഞ വാർഷിക ശമ്പളമാണ് റയൽ മാഡ്രിഡ് വിനീഷ്യസിന് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഒരു ലോകോത്തര കളിക്കാരനായി തന്നെ അംഗീകരിക്കാത്തതിനു തുല്യമാണ് പ്രതിഫലത്തിലെ ഈ കുറവ് എന്നും അത് വലിയ അപമാനമാണെന്നും താരം കരുതുന്നു.
ക്ലബിനായി താൻ നൽകിയ സംഭാവനകൾക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്നാണ് വിനീഷ്യസിന്‍റെ പരാതി. ഇതിനുപുറമെ 2027 വരെ നീളുന്ന നിലവിലെ കരാർ അവസാനിക്കുമ്പോൾ ലഭിക്കേണ്ട 'ലോയൽറ്റി ബോണസ്' പുതിയ കരാർ ഒപ്പിടുമ്പോൾ തന്നെ ലഭിക്കണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാൽ റയൽ മാനേജ്‌മെന്‍റ് ഈ ആവശ്യങ്ങൾ തള്ളിക്കളഞ്ഞു. വമ്പൻ ട്രാൻസ്ഫർ തുകയുമായി കരാര്‍ പുതുക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ വൻ തുകയ്ക്ക് വിൽക്കുകയെന്ന നയത്തിലാണ് ക്ലബ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ്.
വിനീഷ്യസിനെ റയൽ കൈമാറുകയാണെങ്കിൽ അവർ ആവശ്യപ്പെടുക 137 ദശലക്ഷം പൗണ്ടാണ് (ഏതാണ്ട് 1760 കോടി രൂപ). ആഴ്സണൽ ഈ തുക മുടക്കാനും തയ്യാറാണ്. അതേസമയം റയൽ മാഡ്രിഡിന്റെ പരിശീലകനായി വീണ്ടും തിരിച്ചെത്തിയ ഹോസെ മൗറീഞ്ഞോ വിനീഷ്യസിനെ ഏതുവിധേനയും ടീമിൽ നിർത്താനുള്ള വാശിയിലുമാണ്.
നിലവിലെ പ്രീമിയർ ലീഗ് ചാംപ്യൻമാരായ ആഴ്സണലിന്റെ കന്നി ചാംപ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം ഇത്തവണയും പൊലിഞ്ഞിരുന്നു. 20 വർഷത്തിനു ശേഷം ആദ്യമായി ഇത്തവണ ഫൈനൽ കളിച്ച ഗണ്ണേഴ്സ് പിഎസ്ജിയോടു പരാജയപ്പെട്ടു. ലീഗ് ചാംപ്യൻമാരായ ആഴ്സൽ പുതിയ സീസണിൽ ചാംപ്യൻസ് ലീഗ് കിരീടം അടിക്കുകയാണ് പ്രധാനമായും മുന്നിൽ കാണുന്നത്. വിനീഷ്യസിന്റെ വരവ് ടീമിന്റെ ചാംപ്യൻസ് ലീഗ് ആഗ്രഹം സഫലമാക്കുമെന്ന പ്രതീക്ഷയാണ് ആർട്ടേറ്റയ്ക്ക്.
വിനീഷ്യസിനു പ്രാധാന്യം നൽകി ടീം ബിൽഡ് ചെയ്യാമെന്ന ഉറപ്പ് കോച്ച് ബ്രസീൽ താരത്തിനു നൽകിയതായി വിവരമുണ്ട്. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വന്നാൽ കിട്ടുന്ന പ്രാധാന്യവും അദ്ദേഹം താരത്തെ പറഞ്ഞു മനസിലാക്കി എന്നാണ് വിവരം. വരും വർഷങ്ങളിൽ ഇംഗ്ലണ്ടിലും യൂറോപ്പിലും ആഴ്സണലിനെ കരുത്തുറ്റ നിരയാക്കി നിലനിർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ആർട്ടേറ്റ താരത്തെ ധരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates