ക്രിക്കറ്റിലെ 'സൂപ്പർ ബ്രെയ്ൻ' ധോനി അല്ല, ആശിഷ് നെഹ്റ!

​ഗുജറാത്ത് ടൈറ്റൻസ് പരിശീലകന് അത്ഭുതപ്പെടുത്തുന്ന ക്രിക്കറ്റ് ബുദ്ധിയെന്നു മുൻ ഇം​ഗ്ലണ്ട് സ്പിൻ ഓൾ റൗണ്ടർ
Ashish Nehra gt coach
Ashish Nehrax
Updated on
2 min read

ലണ്ടൻ: ഒപ്പം കളിച്ചവരിലും പരിശീലകരിലും ഏറ്റവും കൂർമ ബുദ്ധിയുള്ള ക്രിക്കറ്ററായി തനിക്ക് തോന്നിയ ആൾ ആശിഷ് നെഹ്റയാണെന്നു മുൻ ഇം​ഗ്ലണ്ട് സ്പിൻ ഓൾ റൗണ്ടർ മൊയീൻ അലി. മുൻ ഇന്ത്യൻ പേസറും ​ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമാണ് നെഹ്റ. എംഎസ് ധോനി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പരിശീലകരുമൊക്കെ ഷാർപ്പ് ക്രിക്കറ്റ് ബുദ്ധിയിൽ മുന്നിലാണെന്നു പലരും പറയാറുണ്ടെങ്കിലും അവരേക്കാളൊക്കെ മുൻപന്തിയിലാണ് നെഹ്റയുടെ സ്ഥാനമെന്നും മൊയീൻ അലി വ്യക്തമാക്കുന്നു. 'ബിയേർഡ് ബിഫോർ വിക്കറ്റ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് മൊയീൻ അലിയുടെ ശ്രദ്ധേയ നിരീക്ഷണങ്ങൾ.

ക്രിക്കറ്റിലെ നിരവധി പ്ര​ഗത്ഭരായ ക്യാപ്റ്റൻമാർക്കും പരിശീലകർക്കും കീഴിൽ കളിച്ചിട്ടുള്ള താരമാണ് മൊയീൻ അലി. 2018, 19 ഐപിഎൽ സീസണുകളിൽ ആശിഷ് നെഹ്റ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ ബൗളിങ് കോച്ചായിരുന്നു. ഈ സമയത്ത് മൊയീൻ അലി ആർസിബിക്കായി കളിച്ചിരുന്നു. നെഹ്റയുടെ മികവ് അതിനാൽ തന്നെ അടുത്തു നിന്നു അറിഞ്ഞ താരമാണ് മൊയീൻ അലി. കളി മനസിലാക്കാനും അത് നിയന്ത്രിക്കാനുമുള്ള നെഹ്റയുടെ കഴിവ് തനിക്കു ബോധ്യപ്പെട്ടതാണെന്നും അ​ദ്ദേഹം പോഡ്കാസ്റ്റിൽ പറയുന്നു.

Ashish Nehra gt coach
25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് 'കത്തിച്ച്' അഭിഷേക് ശർമ

'എന്നെ സംബന്ധിച്ച് കളിയുടെ ഏത് സാഹചര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണ് മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള വ്യക്തി. കളിയുടെ ഏത് ഘട്ടത്തിലും അവരുടെ പക്കൽ വ്യക്തമായ മറുപടികളോ അല്ലെങ്കിൽ അതിനുള്ള സിദ്ധാന്തമോ ഉണ്ടാകും. എന്തുകൊണ്ട് ഒരു താരം മികച്ചവനാകാത്തത്, മികച്ചവനാകുന്നത്, ഈ സാഹചര്യത്തിൽ ഇനി എന്ത് വേണം, ​ഗ്രൗണ്ടിൽ എന്ത് സംഭവിക്കും തുടങ്ങി കളിയുടെ സമസ്ത മേഖലയെക്കുറിച്ചും അവർ സംസാരിക്കും. ഇത്തരം കാഴ്ചപ്പാടുകൾക്കു പിന്നിൽ കൃത്യമായ ഡാറ്റയോ തെളിവുകളോ ഉണ്ടാകും. ഇതിനു മുൻപും അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. അതിനാൽ ഇനി അത്തരമൊരു കാര്യം വീണ്ടും സംഭവിച്ചേക്കാം തുടങ്ങി വിവിധ വശങ്ങൾ ക്രിക്കറ്റ് ബുദ്ധിയിൽ അവർ നിരന്തരം ചിന്തിക്കും.'

'ഇത്തരം സവിശേഷതകളെല്ലാം മുൻനിർത്തി പറയുകയാണെങ്കിൽ മികച്ച ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽ ഞാൻ ഫുൾ മാർക്ക് കൊടുക്കുക ആശിഷ് നെഹ്റയ്ക്കാണ്. അദ്ദേഹം ​ഗുജറാത്തിന്റെ കോച്ചാണ്. ആർസിബിയിൽ രണ്ട് വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ ബൗളിങ് പരിശീലനത്തിൽ കളിച്ചിട്ടുണ്ട്. താൻ എന്താണ് പറയുന്നത് എന്നകാര്യം വ്യക്തമായി ഉറപ്പുള്ള ആളാണ് അദ്ദേഹം. ഒരു ടീം അന്തരീക്ഷം എങ്ങനെ കെട്ടിപ്പടുക്കാം, കളിക്കാരേയും സഹ പരിശീലകരേയും മറ്റ് സ്റ്റാഫുകളേയുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതൊക്കെ അദ്ദേഹത്തിനു കൃത്യമായി അറിയാം. അത്ഭുതപ്പെടുത്തുന്ന ക്രിക്കറ്റ് ബുദ്ധിയാണ് അദ്ദേഹത്തിന്റേത്. അവരുടെ കാഴ്ച്ചപ്പാടും നീക്കങ്ങളും എല്ലായ്പ്പോഴും വിജയിക്കണം എന്നില്ല. എന്നാൽ വ്യക്തവും ഉചിതവുമായ തന്ത്രങ്ങൾ എല്ലായ്പ്പോഴും ഇത്തരം വ്യക്തികളിൽ ഭദ്രമായി ഉണ്ടാകും'- മൊയീൻ അലി വ്യക്തമാക്കി.

ആർസിബിയുടെ ബൗളിങ് പരിശീലകനായാണ് ആശിഷ് നെഹ്റ തന്റെ കോച്ചിങ് കരിയറിനു തുടക്കമിട്ടത്. പക്ഷേ തുടക്കം മികച്ചതായിരുന്നില്ല. നെഹ്റ കോച്ചായി ഇരുന്ന സീസണുകളിൽ ടീമിനു കാര്യമായി തിളങ്ങാൻ സാധിക്കാഞ്ഞത് വലിയ വിമർശനങ്ങൾക്കു ഇടയാക്കിയിരുന്നു.

എന്നാൽ ആർസിബി വിട്ട് നെഹ്റ 2022ൽ ആദ്യമായി ഐപിഎല്ലിലേക്ക് എത്തിയ ​ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായി. പിന്നാലെ നെഹ്റ ചരിത്രമെഴുതിയാണ് ശ്രദ്ധേയനായത്. കന്നി ഐപിഎൽ വരവിൽ തന്നെ ​ഗുജറാത്ത് കിരീടം നേടി അമ്പരപ്പിച്ചു. ഐപിഎൽ കിരീടം നേടിയ ആദ്യ ഇന്ത്യൻ മുഖ്യ പരിശീലകൻ എന്ന അപൂർവ റെക്കോർഡ‍ും കന്നി വരവിൽ തന്നെ നെഹ്റ സ്വന്തമാക്കി.

പിന്നീടുള്ള സീസണുകളിലും ടീം പുലർത്തിയ സ്ഥിരതയും മികവും നെഹ്റയുടെ തന്ത്രങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്. ആദ്യ വരവിൽ കിരീടം നേടിയ ​ഗുജറാത്ത് കഴിഞ്ഞ അഞ്ച് സീസണുകളിൽ നാലിലും പ്ലേ ഓഫ് കളിച്ചു. അതിൽ തന്നെ 3 തവണ ഫൈനലും കളിച്ചു. ഒരു കിരീട നേട്ടവും ​ഗുജറാത്തിനുണ്ട്. ഒരേയൊരു തവണ മാത്രമാണ് അവർ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായത്.

മറ്റ് ടീമുകളുടെ പരിശീലകർ ലാപ് ടോപ്പിന് മുന്നിൽ ഇരിക്കുമ്പോൾ നെ​ഹ്റ ബൗണ്ടറി ലൈനിൽ മിക്കപ്പോഴും നിൽക്കുന്നതായിരിക്കും ആരാധകർ കണ്ടിട്ടുണ്ടാകുക. ഫുട്ബോളിൽ എങ്ങനെയാണോ കോച്ച് കളി നിയന്ത്രിക്കുന്നത് ഏതാണ്ട് അതിനു സമാന സമീപനമാണ് നെഹ്റയും ​ഗ്രൗണ്ടിൽ എടുക്കുന്നത്. കളിക്കാർക്ക് അപ്പപ്പോൾ നിർദ്ദേശം നൽകുന്നതടക്കമുള്ള ശ്രദ്ധേയമായ പല തീരുമാനങ്ങളും നെഹ്റ കളി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ എടുക്കുന്നതും മത്സര ഫലത്തെ തന്നെ ട്വിസ്റ്റ് ചെയ്യിക്കുന്നതും ആരാധകർ ഏറെ ആകാംക്ഷയോടെ കണ്ടു നിന്നിട്ടുമുണ്ട്.

Ashish Nehra gt coach
39 മെഡലുകൾ, കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്ഥാനം; ​ഗുഡ്ബൈ ​ഗ്ലാസ്​ഗോ; 2030ൽ അഹമ്മദാബാദിൽ...
Ashish Nehra gt coach
ബുംറ പുറത്ത്; ജമ്മു കശ്മീർ സ്റ്റാർ പേസർ ആദ്യമായി ഇന്ത്യൻ ടീമിൽ
Summary

Former England all-rounder Moeen Ali has named former India fast bowler and Gujarat Titans head coach Ashish Nehra as the sharpest cricketing mind he has worked with, placing him ahead of several well-known figures, including MS Dhoni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com