

ലണ്ടൻ: ഗ്ലാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസ് പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 39 മെഡലുകളാണ് ഇന്ത്യ നേടിയത്. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. ഇംഗ്ലണ്ട് (110) കാനഡ (62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
സമാപന ചടങ്ങിൽ ബോക്സിങ് സ്വർണം നേടിയ ജയ്സ്മിൻ ലംബോറിയയാണ് ഇന്ത്യൻ പതാകയേന്തിയത്. അടുത്ത കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാകുന്നത്. 2030ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത് എന്നതും ശ്രദ്ധേയമാണ്. ഗ്ലാസ്ഗോയിലെ സമാപചന ചടങ്ങിൽ വച്ച് അടുത്ത ഗെയിംസിനായുള്ള ബാറ്റണും പതാകയും ഇന്ത്യയ്ക്ക് കൈമാറി.
സാമ്പത്തിക പരിമിതികളെ തുടർന്നു ഇത്തവണ മത്സര ഇനങ്ങൾ വെട്ടിച്ചുരുക്കിയാണ് ഗെയിംസ് അരങ്ങേറിയത്. 10 ഇനങ്ങളിൽ മാത്രമാണ് പോരാട്ടങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ തവണ ബർമിങ്ഹാമിൽ 19 മത്സര ഇനങ്ങൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ സംബന്ധിച്ച് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്. ബോക്സിങ് റിങിൽ ഇന്ത്യയുടെ സർവാധിപത്യവും ഇത്തവണ കണ്ടു. 10 താരങ്ങൾ ഫൈനൽ കളിച്ചപ്പോൾ അതിൽ 7 സ്വർണവും 3 വെള്ളിയും ഇന്ത്യ വാരിക്കൂട്ടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബോക്സിങ് പ്രകടനമാണ് ഗ്ലാസ്ഇഗോയിൽ കണ്ടത്.
ബോക്സിങിനൊപ്പം ജൂഡോയിലും ഇതാദ്യമായി ഇന്ത്യൻ താരങ്ങൾ വെട്ടിത്തിളങ്ങി. ഈയിനത്തിൽ ഇന്ത്യക്ക് 2 സ്വർണം, ഓരോ വെള്ളി, വെങ്കലം മെഡലുകളുണ്ട്. അത്‍ലറ്റിക്സിലും പാരാ അത്‌ലറ്റിക്സിലുമായി ഇന്ത്യ 16 മെഡലുകളും വാരി. 5000, 10000 മീറ്ററുകളിൽ വെള്ളി, വെങ്കലം മെഡലുകൾ നേടി ഗുൽവീർ സിങ് ഒരു കോമൺവെൽത്ത് ഗെയിംസ് പതിപ്പിൽ അത്‍ലറ്റിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ഡെക്കാത്‍ലണിൽ വെങ്കലം നേടി തേജസ്വിൻ ശങ്കർ ഈയിനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി.
ഇന്ത്യയുടെ 39 മെഡലുകൾ
സ്വർണം
മീരാഭായ് ചാനു: വനിതകളുടെ 48 കിലോ ഭാരോദ്വഹനം
ഷർമിള ധൻകർ: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57
ദിലീപ് മഹാദു ഗാവിത്: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് 100 മീറ്റർ ടി47
അസ്മിത ഡേ: വനിതകളുടെ 48 കിലോ ജൂഡോ
ഹർഷ് സിങ്: പുരുഷൻമാരുടെ 60 കിലോ ജൂഡോ
പ്രീതി പവാർ: വനിതകളുടെ 54 കിലോ ബോക്സിങ്
ജയ്സ്മിൻ ലംബോറിയ: വനിതകളുടെ 57 കിലോ ബോക്സിങ്
സാക്ഷി ചൗധരി: വനിതകളുടെ 51 കിലോ ബോക്സിങ്
പ്രിയ ഘംഗാസ്: വനിതകളുടെ 60 കിലോ ബോക്സിങ്
അരുന്ധതി ചൗധരി: വനിതകളുടെ 70 കിലോ ബോക്സിങ്
സച്ചിൻ സിവാച്: പുരുഷൻമാരുടെ 60 കിലോ ബോക്സിങ്
അങ്കുഷ് പങ്കൽ: പുരുഷൻമാരുടെ 80 കിലോ ബോക്സിങ്
സോമൻ റാണ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57
വെള്ളി
ഋഷികാന്ത സിങ്: പുരുഷൻമാരുടെ 60 കിലോ ഭാരോദ്വഹനം
മുത്തുപാണ്ടി രാജ: പുരുഷൻമാരുടെ 65 കിലോ ഭാരോദ്വഹനം
ജ്ഞാനേശ്വരി യാദവ്: വനിതകളുടെ 53 കിലോ ഭാരോദ്വഹനം
വല്ലൂരി അജയ് ബാബു: പുരുഷൻമാരുടെ 79 കിലോ ഭാരോദ്വഹനം
ഹർജീന്ദർ കൗർ: വനിതകളുടെ 69 കിലോ ഭാരോദ്വഹനം
സർവേശ് കുശാര: പുരുഷൻമാരുടെ ഹൈജംപ്
ഗുൽവീർ സിങ്: പുരുഷൻമാരുടെ 10,000 മീറ്റർ
മുരളി ശ്രീശങ്കർ: പുരുഷൻമാരുടെ ലോങ് ജംപ്
മുഹമ്മദ് ബാസിൽ: പുരുഷൻമാരുടെ പാര അത്‍ലറ്റിക്സ് 100 മീറ്റർ ടി 47
ലവ്പ്രീത് സിങ്: പുരുഷൻമാരുടെ 110 പ്ലസ് ഭാരോദ്വഹനം
യാമിനി മൗര്യ: വനിതകളുടെ 57 കിലോ ജൂഡോ
നീരജ് ചോപ്ര: പുരുഷൻമാരുടെ ജാവലിൻ ത്രോ
പ്രവീൺ ചിത്രവേൽ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്
ജാദുമണി സിങ്: പുരുഷൻമാരുടെ 55 കിലോ ബോക്സിങ്
ശുഭം ജുയൽ: പുരുഷൻമാരുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57
ലവ്ലിന ബോർഗോഹെയ്ൻ: വനിതകളുടെ 75 കിലോ ബോക്സിങ്
നരേന്ദർ ബർവാൾ: പുരുഷൻമാരുടെ 90 പ്ലസ് കിലോ ബോക്സിങ്
വെങ്കലം
ജാൻഡു കുമാർ: പുരുഷൻമാരുടെ പാര പവർലിഫ്റ്റിങ്
ബിന്ദ്യാറാണി ദേവി: വനിതകളുടെ 58 കിലോ ഭാരോദ്വഹനം
ശിൽപ കെ ശൈല: വനിതകളുടെ പാരാ അത്‍ലറ്റിക്സ് ഷോട്പുട്ട് എഫ് 57
സീമ കലിരാംന: വനിതകളുടെ ഡിസ്കസ് ത്രോ
തേജസ്വിൻ ശങ്കർ: ഡെക്കാത്‍ലൻ
യഷ് വീർ സിങ്: പുരുഷൻമാരുടെ ജാവലിൻ ത്രോ
സെൽവ പ്രഭു തിരുമാരൻ: പുരുഷൻമാരുടെ ട്രിപ്പിൾ ജംപ്
ഉന്നതി ശർമ: വനിതകളുടെ 57 കിലോ ജൂഡോ
ഗുൽവീർ സിങ്: പുരുഷൻമാരുടെ 5000 മീറ്റർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates