​ഗൗതം ​ഗംഭീർ എക്സ്
Sports

ഇനി എല്ലാം കോച്ച് ഗംഭീര്‍ തീരുമാനിക്കും! ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ സംസ്‌കാരത്തിന് മരണമണി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പില്‍ അടിമുടി മാറിയ ഇന്ത്യന്‍ ടീമിനെ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും സൂപ്പര്‍ താരങ്ങളുടെ മനോഗതിക്കനുസരിച്ച് സഞ്ചരിച്ച ടീമാണ്. ഓരോ കാലത്തും ഓരോ താരങ്ങളായിരിക്കും തീരുമാനങ്ങളിലെ അവസാന വാക്ക്. രോഹിത് ശര്‍മയ്ക്കു പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ടീമിന്റെ പടിയിറങ്ങുന്നതോടെ ആ സംസ്‌കാരത്തിനു ഏതാണ്ട് വിരാമമാകുന്നു എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സര്‍വാധിപത്യത്തിലേക്കാണ് കാര്യങ്ങള്‍ വരുന്നത്.

കളിക്കാരുടെ ശക്തിക്കു മുന്നില്‍ പരിശീലര്‍ക്ക് പിന്‍മാറേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു പറയാനുണ്ട്. ബിഷന്‍ സിങ് ബേദി മുതല്‍ക്കുണ്ട് മുറിവേറ്റ കോച്ചുമാരുടെ നിര. ക്രെയ്ഗ് ചാപ്പലാണ് ഈ സൂപ്പര്‍ താര സംസ്‌കാരത്തെ വെല്ലുവിളിച്ച ഒരു പരിശീലകന്‍. എന്നാല്‍ അദ്ദേഹത്തിനു അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി തല്ലുണ്ടാക്കി പിരിയേണ്ടി വന്നു. അനില്‍ കുംബ്ലെയാണ് ഈ സംസ്‌കാരത്തിന്റെ ബലിയാടാകേണ്ടി വന്ന മറ്റൊരാള്‍. കോഹ്‌ലിയുമായുള്ള കുംബ്ലെയുടെ അസ്വാരസ്യങ്ങള്‍ പരസ്യമായ രഹസ്യങ്ങളാണ്.

എന്നാല്‍ താരങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യാതെ വിജയങ്ങള്‍ വരിച്ച പരിശീലകരും ഇന്ത്യന്‍ ടീമിലുണ്ട്. ജോണ്‍ റൗറ്റ്, ഗാരി കേസ്റ്റന്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് അടക്കം സമീപ കാലത്ത് മികച്ച വിജയങ്ങള്‍ സമ്മാനിച്ച കോച്ചുമാരെ നോക്കിയാല്‍ അതു മനസിലാകും.

വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ പുതിയൊരു ടെസ്റ്റ് സംഘത്തെയാണ് കളത്തിലിറക്കാന്‍ പോകുന്നത്. രോഹിതും കോഹ്‌ലിയും ആര്‍ അശ്വിനും ഇല്ലാത്ത പുതിയൊരു ടീം. ഗംഭീറിന്റെ ഭാവനയ്ക്കും കണക്കുകൂട്ടലിനും അനുസരിച്ചുള്ളൊരു ടീം. ആ ടീമിന്റെ കടിഞ്ഞാണ്‍ ഗംഭീറിന്റെ കൈകളിലായിരിക്കും. രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരുടെ പൊടുന്നനെയുള്ള ടെസ്റ്റ് വിരമിക്കലിനു പിന്നിൽ ​ഗംഭീറിന്റെ സ്വാധീനമുണ്ടെന്ന ആരോപണം പല ആരാധകരും ഉന്നയിക്കുന്നുണ്ട്.

ഗംഭീര്‍ ടീമിന്റെ പരിശീലകനായി വരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പദ്ധതികളില്‍ മുഖ്യമായത് ടീമിലെ സ്റ്റാര്‍ സംസ്‌കാരം ഇല്ലാതാക്കുക എന്നതായിരുന്നു. ടി20 ടീമില്‍ നിലവില്‍ അത്തരമൊരു സംസ്‌കാരത്തിനു ഗംഭീര്‍ തുടക്കമിട്ടു കഴിഞ്ഞു. ടെസ്റ്റ് ടീമിലും അതുതന്നെയാണ് ഇനി സംഭവിക്കാന്‍ പോകുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പില്‍ അടിമുടി മാറിയ ഒരു ഇന്ത്യന്‍ ടീമിനെ അവതരിപ്പിക്കുക എന്നതാണ് ഗംഭീറിന്റെ മനസിലുണ്ടായിരുന്ന പദ്ധതി. സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറും സമാന ചിന്താഗതിക്കാരന്‍ തന്നെയാണെന്നു ബിസിസിഐയോടു അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ സമീപ കാലത്ത് ഇന്ത്യയെ നയിച്ച ഈ ക്യാപ്റ്റന്‍മാരായിരുന്നു ടീമില്‍ ആരൊക്കെ കളിക്കണമെന്നതടക്കമുള്ള തീരുമാനങ്ങളിലെ കേന്ദ്ര ബിന്ദു. എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല. ഗംഭീറായിരിക്കും ടീമിലെ അവസാന വാക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT