അടുത്ത സീസണിന് മുൻപായി ഐപിഎല്ലിൽ മെഗാ താര ലേലം ഉണ്ടാവും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണിനെ താര ലേലത്തിന് മുൻപായ് ഹൈദരാബാദ് ഒഴിവാക്കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ ആരാധകൻ ആശങ്ക പങ്കുവെച്ചപ്പോൾ മറുപടി നൽകുകയാണ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ.
ഇൻസ്റ്റഗ്രാമിൽ ആരാധകന്റെ ഭാഗത്ത് നിന്ന് വന്ന ചോദ്യം ഇങ്ങനെ, അടുത്ത വർഷം മെഗാ താര ലേലം ഉണ്ടാവും എന്ന് കേൾക്കുന്നത് സത്യമാണോ? വില്യംസണിനെ ഹൈദരാബാദിന് നഷ്ടമായേക്കുമോ? ആരാധകന്റെ ചോദ്യത്തിന് അടിയിൽ മറുപടിയുമായി ഡേവിഡ് വാർണർ എത്തി. നമ്മൾക്ക് അദ്ദേഹത്തെ നഷ്ടമാവില്ല എന്നാണ് വാർണർ നൽകിയ മറുപടി.
നിലവിൽ ഹൈദരാബാദ് ടീമിൽ പ്ലേയിങ് ഇലവനിൽ വില്യംസണിന് സ്ഥാനം ഉറപ്പല്ലാത്ത അവസ്ഥയുണ്ട്. ഈ സീസണിൽ 12 കളികളാണ് വില്യംസൺ കളിച്ചത്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച നായകന്മാരിൽ ഒരാളാണ് വില്യംസൺ. ആ സാഹചര്യത്തിൽ പുതിയ ഐപിഎൽ ടീം വരുമ്പോൾ വില്യംസണിനെ നായകനായി ആ ടീമിലേക്ക് എത്തിക്കാനുള്ള സാധ്യത കൂടുതലാണ്.
എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ഹൈദരാബാദിന് വേണ്ടി ബാറ്റുകൊണ്ട് പൊരുതി നിന്നത് വില്യംസൺ ആയിരുന്നു. 2018ൽ ഹൈദരാബാദിനെ നയിച്ച് ഫൈനൽ വരേയും വില്യംസൺ എത്തിച്ചിരുന്നു. വാർണറുടെ പ്രതികരണത്തോടെ വില്യംസണിനെ ഹൈദരാബാദ് ടീമിൽ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദിന്റേയും വില്യംസണിന്റേയും ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates