Sir Gary Sobers x
Sports

വിൻഡീസ് ഇതിഹാസ ഓൾ റൗണ്ടർ 'സർ ​ഗാരി സോബേഴ്സ്' അന്തരിച്ചു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായ 6 പന്തുകളിൽ 6 സിക്സറുകൾ പറത്തുന്ന ലോകത്തിലെ ആദ്യ താരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു. 89 വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം. തന്റെ തൊണ്ണൂറാം ജന്മദിനത്തിന് കൃത്യം രണ്ടാഴ്ച ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ലോകത്തെയാകെ ദുഃഖത്തിലാക്കിയുള്ള ഇതിഹാത്തിന്റെ വിടവാങ്ങൽ. ബാർബഡോസിലെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മകൻ ഡാനിയൽ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 മുതൽ ഐസിസി വർഷം തോറുമുള്ള തങ്ങളുടെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം 'സർ ഗാരിഫീൽഡ് സോബേഴ്സ് ട്രോഫി' എന്ന പേരിലാണ് നൽകി വരുന്നത്.

1954നും 1974നും ഇടയിൽ വെസ്റ്റ് ഇൻഡീസിനായി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത സോബേഴ്സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്. കരീബിയൻ ടീമിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 57.78 എന്ന തകർപ്പൻ ശരാശരിയിൽ 8,032 റൺസ് അടിച്ചുകൂട്ടി. 26 സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

1958ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ. അന്ന് അതൊരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് റെക്കോർഡായിരുന്നു. പിന്നീട് 1994ൽ നാട്ടുകാരനായ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ 375 റൺസ് നേടുന്നത് വരെ നീണ്ട 36 വർഷക്കാലം ആ റെക്കോർഡ് തകരാതെ കിടന്നു.

ബാറ്റിങിൽ മാത്രമല്ല, ബൗളിങിലും ഇടംകൈയൻ താരമായ സോബേഴ്സ് അത്ഭുതങ്ങൾ സൃഷ്ടിച്ചു. ടെസ്റ്റിൽ 235 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഒരേ സമയം വേഗതയേറിയ പന്തുകളെറിയാനും സ്പിൻ ചെയ്യാനും ഉള്ള അദ്ദേഹത്തിന്റെ അപൂർവ കഴിവ് ലോക പ്രശസ്തമാണ്.

1974ൽ തന്റെ 38ാം വയസിൽ മികച്ച ഫോമിൽ നിൽക്കുമ്പോൾ തന്നെയാണ് സോബേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 5,000-ത്തിലധികം റൺസ് നേടിയ കളിക്കാരിൽ ബാറ്റിങ് ശരാശരിയിൽ നാലാം സ്ഥാനത്താണ് ഇപ്പോഴും സോബേഴ്സ്. ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ 1968 മുതൽ 1974 വരെ നോട്ടിങ്ഹാംഷെയറിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. 1968ൽ നോട്ടിങ്ഹാംഷെയറിന് വേണ്ടി ഗ്ലാമോർഗനെതിരെ കളിക്കുമ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായ 6 പന്തുകളിൽ 6 സിക്സറുകൾ പറത്തുന്ന ആദ്യ കളിക്കാരനായി അദ്ദേഹം റെക്കോർഡ് കുറിച്ചു.

ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. സർ ഗാരിഫീൽഡ് സോബേഴ്സ് എന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും- ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. .

ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർ. ഏത് പൊസിഷനിലും മികച്ച ഫീൽഡർ. അതിമനോഹരമായി ബാറ്റ് ചെയ്യുന്ന താരം, അതിനൊപ്പം തന്നെ മികച്ച ഫാസ്റ്റ് ബൗളറും സ്പിൻ ബൗളറും. ഗാരി ഒരു നല്ല മനുഷ്യനും വെസ്റ്റ് ഇൻഡീസിന്റെ ഹീറോയുമായിരുന്നു. തികച്ചും സങ്കടകരമായ വാർത്ത- പ്രശസ്ത മാധ്യമപ്രവർത്തകനും ബ്രോഡ്കാസ്റ്ററുമായ പിയേഴ്സ് മോർഗൻ കുറിച്ചു.

ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും തർക്കമില്ലാത്ത ഒരേയൊരു വസ്തുത സർ ഗാരിഫീൽഡ് സോബേഴ്സ് തന്നെയാണ് ഈ കളിയിലെ ഏറ്റവും മികച്ച താരം എന്നതാണ്. വിരലിലെണ്ണാവുന്ന യഥാർഥ ഇതിഹാസങ്ങളിൽ ഒരാൾ. ക്രിക്കറ്റ് ലോകത്തിന് ഇതൊരു വലിയ നഷ്ടമാണ്- ഒരു ആരാധകൻ കുറിച്ചു.

Sir Gary Sobers, widely regarded as cricket's greatest all-rounder, has died at the age of 89. The West Indies legend leaves behind an unmatched legacy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

രാഹുല്‍ ശിലാസ്ഥാപനം നടത്തി 142 ദിവസം; ഒടുവില്‍ കുന്നംപറ്റയില്‍ വീടുപണി തുടങ്ങി

കണ്ണൂരിൽ കള്ളൻമാരുടെ വിളയാട്ടം തുടരുന്നു; 2 കടകളുടെ പൂട്ട് കുത്തിത്തുറന്ന് പണം അടിച്ചുമാറ്റി

തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

2016ൽ ധോനിയും കുറിച്ചു... സ്പെയിൻ vs അർജന്റീന!