ബ്രിസ്‌ബേന്‍: നാലാം ടെസ്റ്റിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പറന്ന ഇന്ത്യന്‍ സംഘത്തിലെ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്നത്. ഇതില്‍ ബൂമ്ര, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ കാര്യത്തില്‍ ബിസിസിഐയുടെ പ്രതികരണം വന്നിട്ടില്ല. വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി പരിക്കേറ്റ് മടങ്ങുന്നതോടെ ബ്രിസ്‌ബേനില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ...
ഫിറ്റ്‌നസും, ഫോമും കണ്ടെത്തി നില്‍ക്കുകയാണ് ഇന്ത്യയുടെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും. അതുകൊണ്ട് തന്നെ ഓപ്പണിങ് സഖ്യത്തില്‍ ബ്രിസ്‌ബേനില്‍ മാറ്റമുണ്ടാവില്ല. മധ്യനിരയില്‍ പൂജാര മൂന്നാമതും, രഹാനെ നാലാമതും തുടരും. പിന്നെ വരുന്ന ബാറ്റിങ് പൊസിഷനുകളാണ് ടീം മാനേജ്‌മെന്റിന് തലവേദനയാവുന്നത്.
ഹനുമാ വിഹാരിയും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പോയതോടെ മായങ്ക് അഗര്‍വാള്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ മായങ്കിനെ സ്‌കാനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. മായങ്കിന്റെ പരിക്കിന്റെ കാര്യത്തില്‍ ബിസിസിഐ പ്രതികരണം വരണം.
മായങ്കിനും പരിക്കേറ്റ് പുറത്തേക്ക് പോവേണ്ടി വന്നാല്‍ പൃഥ്വി ഷായെ ടീം ഇറക്കിയേക്കും. രവീന്ദ്ര ജഡേജ പുറത്തേക്ക് പോവുന്ന സമയം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും 100 ശതമാനം ഫിറ്റ്‌നസോടെയല്ല കളിക്കുന്നത്. വേദന സംഹാരികള്‍ കളിച്ചാണ് സിഡ്‌നിയില്‍ അഞ്ചാം ദിനം അശ്വിന്‍ ബാറ്റ് ചെയ്തത്. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ സമയമാകുമ്പോഴേക്കും അശ്വിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവോ, ഷര്‍ദുള്‍ താക്കൂറോ പ്ലേയിങ് ഇലവനിലേക്ക് വരാം. ബൂമ്രയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊന്ന്. ബൂമ്ര ബ്രിസ്‌ബേനില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ബൂമ്രക്ക് കളിക്കാനായില്ലെങ്കില്‍ സിറാജ് ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിക്കും. രണ്ട് ടെസ്റ്റുകളാണ് സിറാജ് ഇതുവരെ കളിച്ചത്. രണ്ടാമത് വരുന്ന പേസര്‍ സെയ്‌നി കളിച്ചത് ഒരു ടെസ്റ്റും. ഷര്‍ദുല്‍ താക്കൂറോ, നടരാജനോ ബ്രിസ്‌ബേനില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates