വാഷിങ്ടൻ: ലോകകപ്പിൽ പങ്കെടുക്കുന്ന ടീമിൽ 26 താരങ്ങളെ മാത്രമേ ഉൾപ്പെടുത്താവു എന്നതാണ് ഫിഫ നിയമം. എന്നാൽ പോർച്ചുഗൽ ടീമിൽ 26 അല്ല 28 താരങ്ങളുണ്ട്! ആരാധകർക്കിടയിൽ കൺഫ്യൂഷനുണ്ടാക്കിയത് പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ ഒരു പ്രസ്താവനയാണ്. '27 കളിക്കാരും ഒപ്പം ഒരാളും'- എന്നാണ് ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് മാർട്ടിനസ് വികാരാധീനനായി പറഞ്ഞത്. ഈ 28 താരങ്ങളിൽ ഒരാൾ നാലാം ചോയ്സ് വിക്കറ്റ് കീപ്പറായ റിക്കാർഡോ വെൽഹോയാണ്. ഒപ്പം അദൃശ്യ സാന്നിധ്യമായി കഴിഞ്ഞ വർഷം കാറപകടത്തിൽ അകാലത്തിൽ വിട പറഞ്ഞ പോർച്ചുഗലിന്റെ ലിവർപൂൾ ഫോർവേഡ് ഡീഗോ ജോട്ടയുമുണ്ട്. ജോട്ടയോടുള്ള ആഴമേറിയ വൈകാരികമായ ആദരവും ടീം പ്രഖ്യാപനത്തിലുണ്ട്.
ഫിഫയുടെ നിയമപ്രകാരം ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും പരമാവധി 26 രജിസ്റ്റർ ചെയ്ത കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ അനുവാദമുള്ളൂ. അതിനാൽ, ആദ്യ നോട്ടത്തിൽ പോർച്ചുഗൽ 28 അംഗങ്ങളുള്ള ടീമിനെയാണ് കൊണ്ടുപോകുന്നതെന്ന് തോന്നിപ്പിക്കും. പോർച്ചുഗലിന് ഫിഫയിൽ നിന്ന് എന്തെങ്കിലും പ്രത്യേക ഇളവ് ലഭിച്ചിട്ടുണ്ടോ എന്നാണ് പല ആരാധകരും ചിന്തിച്ചത്. എന്നാൽ ഇതിന്റെ യഥാർഥ വശം അതല്ല.
കൂടുതൽ താരങ്ങളുണ്ടെന്ന ചർച്ചകൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും റോബർട്ടോ മാർട്ടിനസ് 27 അംഗ സ്ക്വാഡിനെ ഫിഫയ്ക്ക് സമർപ്പിച്ചിട്ടില്ല. ഔദ്യോഗിക ലോകകപ്പ് ചട്ടങ്ങളിൽ മാറ്റമൊന്നുമില്ല. ടീമിൽ ഔദ്യോഗിക കണക്കനുസരിച്ച് 26 താരങ്ങൾ മാത്രമാണുള്ളത്. ടീമിനൊപ്പം യാത്ര ചെയ്യുന്ന ഒരു അധിക കളിക്കാരന്റെ സാന്നിധ്യമാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് കാരണം.
റിക്കാർഡോ വെൽഹോ ടീമിൽ
ഔദ്യോഗിക ഫിഫ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും പോർച്ചുഗലിന്റെ നാലാം ചോയ്സ് ഗോൾകീപ്പറായ റിക്കാർഡോ വെൽഹോ ടീമിനൊപ്പം നോർത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്യും. ടൂർണമെന്റിലുടനീളം വെൽഹോ ടീമിനൊപ്പം തുടരുമെന്ന് മാർട്ടിനസ് സ്ഥിരീകരിച്ചു. ജെൻക്ലർബിർലിഗി അങ്കാറയുടെ ഈ ഗോൾകീപ്പർ പോർച്ചുഗലിന്റെ ഔദ്യോഗിക സ്ക്വാഡ് അംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുകയും ക്യാംപിന്റെ പൂർണ ഭാഗമാവുകയും ചെയ്യും. എന്നാൽ അദ്ദേഹത്തിന് മത്സരങ്ങളിൽ കളിക്കാനോ ഔദ്യോഗിക ടീം പട്ടികയിൽ ഇടംപിടിക്കാനോ കഴിയില്ല. അദ്ദേഹം ഒരു 'എമർജൻസി റിസർവ്' എന്ന നിലയിലാണ് ടീമിൽ എത്തിയത്.
ടൂർണമെന്റിൽ പോർച്ചുഗലിന്റെ രജിസ്റ്റർ ചെയ്ത മൂന്ന് ഗോൾ കീപ്പർമാരിൽ ആർക്കെങ്കിലും പരിക്കേറ്റാൽ ഫിഫയുടെ ഗോൾകീപ്പർ റീപ്ലേസ്‌മെന്റ് നിയമങ്ങൾ അനുസരിച്ച് വെൽഹോയെ ഔദ്യോഗിക സ്ക്വാഡിലേക്ക് ഉൾപ്പെടുത്താം. അതിന്റെ ഫലമായി ഫിഫയുടെ 26 അംഗ പരിധി പാലിച്ചുകൊണ്ട് തന്നെ പോർച്ചുഗലിന് 27 കളിക്കാരുമായി യാത്ര ചെയ്യും. ഈ ടൂർണമെന്റിൽ മറ്റൊരു രാജ്യവും ഇത്തരമൊരു ക്രമീകരണം നടത്തിയിട്ടില്ല.
അദൃശ്യ ശക്തിയായി ജോട്ട
കഴിഞ്ഞ ജൂലൈയിൽ വടക്കൻ സ്പെയിനിലുണ്ടായ വാഹനാപകടത്തിൽ സഹോദരൻ ആന്ദ്രേ സിൽവയ്ക്കൊപ്പം സഞ്ചരിക്കവേയാണ് ഡീഗോ ജോട്ട അകാലത്തിൽ വിട പറഞ്ഞത്. പോർച്ചുഗലിനായി 49 മത്സരങ്ങൾ കളിച്ച ജോട്ട 14 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്. 2018- 19, 2024-25 വർഷങ്ങളിലെ നാഷൻസ് ലീഗ് കിരീട വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഇതിൽ സ്പെയിനെതിരായ ഫൈനലിലെ വിജയമായിരുന്നു ദേശീയ ടീമിനായി അദ്ദേഹത്തിന്റെ അവസാന മത്സരം.
ഡീഗോ ജോട്ട ഞങ്ങളുടെ കരുത്താണ്, ഞങ്ങളുടെ സന്തോഷമാണ്. ഡീഗോയെ നഷ്ടപ്പെട്ടത് മറക്കാനാവാത്തതും വളരെ ബുദ്ധിമുട്ടേറിയതുമായ ഒരു നിമിഷമായിരുന്നു. ഡീഗോയുടെ സ്വപ്നം സാക്ഷാത്കരിക്കാനും അവൻ ടീമിനു കാണിച്ചുതന്ന മാതൃകയും പിന്തുടരേണ്ടത് ഞങ്ങളുടെ എല്ലാവരുടെയും കടമയാണ്- എന്നു വ്യക്തമാക്കിയാണ് ടീം പ്രഖ്യാപിക്കുമ്പോൾ ജോട്ടയുടെ പേരും ഉൾപ്പെടുത്തിയതെന്നു മാർട്ടിനസ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് പോർച്ചുഗൽ കോച്ച് 27 കളിക്കാർ എന്ന് പറയുന്നതിന് പകരം 27 കളിക്കാരും ഒപ്പം ഒരാളും എന്ന് വിശേഷിപ്പിച്ചത്.
വലിയ ലക്ഷ്യങ്ങളുമായാണ് പോർച്ചുഗൽ ടൂർണമെന്റിനെത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണ് മാർട്ടിനസിന്റെ ടീം ലക്ഷ്യമിടുന്നത്. 41ാം വയസിലും കളിക്കളത്തിലിറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ പ്രധാന ആകർഷണം. തങ്ങളുടെ അവസാന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് പോർച്ചുഗൽ നോർത്ത് അമേരിക്കയിലേക്ക് തിരിക്കുന്നത്. പരിശീലന മത്സരങ്ങളിൽ ചിലിയെ 2-1 നും, യുഎസിനെ 2-0 നും അവർ പരാജയപ്പെടുത്തിയിരുന്നു. മെക്സിക്കോയോടുള്ള മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്.
ഗ്രൂപ്പ് കെയിൽ ഡിആർ കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ ടീമുകൾക്കെതിരെയാണ് പോർച്ചുഗലിന്റെ പോരാട്ടങ്ങൾ. ജൂൺ 17ന് ഡിആർ കോംഗോയ്ക്കെതിരെയും 23ന് ഉസ്ബെക്കിസ്ഥാനെതിരെയും 27ന് കൊളംബിയക്കെതിരെയുമാണ് പോർച്ചുഗലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates