

ടെഹ്റാൻ: ഫിഫ ലോകകപ്പ് പോരാട്ടത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ യുഎസിനെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ ഇറാൻ ലോകകപ്പ് പ്രതിനിധി സംഘത്തിലെ പ്രധാനപ്പെട്ട പല അംഗങ്ങൾക്കും വിസ നിഷേധിച്ചതായി അവർ ആരോപിച്ചു. തർക്കം ടൂർണമെന്റിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. വിസ സംബന്ധിച്ച തർക്കങ്ങൾ ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ടീം.
വിസ നിയന്ത്രണങ്ങൾ കാരണം ടീമിന് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇറാൻ കളിക്കാർക്ക് യുഎസിൽ പ്രവേശാനനുമതി നൽകിയത്. യുഎസ്- ഇറാൻ നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്. ബാക്കിയുള്ള വിസ അപേക്ഷകളുടെ നിലയെക്കുറിച്ച് ഫിഫയോ യുഎസ് അധികൃതരോ ഇതുവരെ ഔദ്യോഗിക പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇറാൻ ദേശീയ ടീമിന് യുഎസിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ടീം തങ്ങളുടെ പരിശീലന പദ്ധതികൾ മാറ്റുകയും, ടൂർണമെന്റിനായി കാലിഫോർണിയയിലേക്ക് പോകുന്നതിന് മുൻപ് തുർക്കിയിലെ അന്റില്യയിലും മെക്സിക്കോയിലെ ടിജുവാനയിലും ക്യാംപുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ഇറാൻ പൂർണമായും ലോകകപ്പ് മോഡിലേക്ക് മാറാൻ തുടങ്ങുന്നതിനിടെയാണ് ഇപ്പോഴത്തെ തർക്കം ഉയർന്നത്. ടീമിന്റെ ബാക്ക്‌റൂം സ്റ്റാഫ് അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ എന്നിവർക്ക് ഇപ്പോഴും വിസ ലഭിച്ചിട്ടില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷനും നയതന്ത്ര ഉദ്യോഗസ്ഥരും ആരോപിക്കുന്നു.
ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വിസ ലഭിക്കാത്ത 14 ഉദ്യോഗസ്ഥരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും പട്ടികയിൽ ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹെദായത്ത് മുംബൈനിയും വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബിയും ഉൾപ്പെടുന്നു. യുഎസിന്റേത് വിവേചനപരമായ പെരുമാറ്റമാണെന്ന് ആരോപിച്ച ഫെഡറേഷൻ, വിഷയം ഫിഫയുടെ മുന്നിൽ എത്തിക്കാനുള്ള നീക്കത്തിലാണ്.
തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബാരക്, അങ്കാറയിലെ എംബസി ഉദ്യോഗസ്ഥർ ഇറാൻ ദേശീയ ടീമിന്റെ വിസകൾ പ്രൊസസ്സ് ചെയ്തതിനെയും അവരുടെ ലോകകപ്പ് യാത്ര സുഗമമാക്കിയതിനെയും പ്രശംസിച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ എംബസി ജീവനക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും ടീമിനെയും ഇറാൻ ആരാധകരെയും യുഎസിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബാരക് പറഞ്ഞിരുന്നു.
എന്നാൽ ഈ അവകാശവാദങ്ങളോട് അങ്കാറയിലെ ഇറാൻ എംബസി ശക്തമായാണ് പ്രതികരിച്ചത്. ഫിഫ നിയമങ്ങളുടെയും ആതിഥേയ രാജ്യത്തിന്റെ ബാധ്യതകളുടെയും ലംഘനങ്ങളെ യുഎസ് വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കായിക രംഗത്ത് രാഷ്ട്രീയ ഇടപെടൽ അനുവദിക്കരുതെന്നും, പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിലെ എല്ലാ അംഗങ്ങൾക്കും പ്രവേശനം ഉറപ്പാക്കാൻ ഫിഫ ഇടപെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിഷ നിഷേധിച്ച നടപടി യുഎസിന്റെ പ്രതികാര ബുദ്ധിയോടെയുള്ള പെരുമാറ്റമാണെന്നു ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ കുറ്റപ്പെടിത്തി. ടീമിന് തുല്യാവസരങ്ങൾ നിഷേധിക്കപ്പെട്ടതായും ഫെഡേഷൻ തുറന്നടിച്ചു.
ആരോപണങ്ങളോട് യുഎസ് പരസ്യമായി പ്രതികരിച്ചിട്ടില്ല. കളിക്കാർക്കെല്ലാം വിസ ലഭിച്ചിട്ടുണ്ടെന്നും കോച്ചുമാർക്കും ട്രെയിനർമാർക്കും ചില സപ്പോർട്ട് സ്റ്റാഫിനും അനുമതി നൽകിയിട്ടുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. നിരസിക്കപ്പെട്ട ചില അപേക്ഷകൾ വ്യാജ കാരണങ്ങളാൽ വിസ നേടാൻ ശ്രമിച്ചവരുടേതാകാം എന്നും ഒരു ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ഇറാൻ. ബെൽജിയം, ഈജിപ്റ്റ്, ന്യൂസിലൻഡ് ടീമുകളാണ് എതിരാളികൾ. ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ പോരാട്ടം. ഈ മാസം 16നാണ് അവർ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates